കത്രിക കൊണ്ട് സ്‌കൂട്ടർ സ്റ്റാർട്ടാക്കുന്നത് പരിഹസിച്ചു, യുവാവിനെ കുത്തി കൊലപ്പെടുത്തി

Monday 01 June 2026 9:18 AM IST

കൊച്ചി: താക്കോൽ നഷ്‌ടമായ സ്‌കൂട്ടർ കത്രിക ഉപയോഗിച്ച് സ്റ്റാർട് ചെയ്യാൻ ശ്രമിച്ചതുമായി ബന്ധപ്പെട്ട തർക്കം കൊലപാതകത്തിൽ കലാശിച്ചു. കൊച്ചി പള്ളുരുത്തിയിലാണ് സംഭവം. പള്ളുരുത്തി വെളിക്ക് സമീപം അയ്യംവേലിപ്പറമ്പിൽ പരേതനായ കുട്ടന്റെ മകൻ ഷിജോയ് എന്ന കണ്ണനാണ് മരിച്ചത്. 31 വയസായിരുന്നു.

ശനിയാഴ്‌ച രാത്രി 10 മണിയോടെ തേവരയിൽ വാടകയ്‌ക്ക് താമസിക്കുന്ന പള്ളുരുത്തി ചെറുവിള പുത്തൻവീട്ടിൽ സി ജെ ജെൻസൺ (38) ഉപയോഗിച്ച സ്‌കൂട്ടറിന്റെ താക്കോൽ നഷ്‌ടമായി. കർമ ലെയിനിൽ വച്ചാണ് സംഭവം. തുടർന്ന് ജെൻസൺ കത്രിക ഉപയോഗിച്ച് വാഹനം സ്‌റ്റാർട്ട് ചെയ്യാൻ ശ്രമിക്കവെ ഷിജോയ് പരിഹസിച്ചു. ഇത് ജെൻസണും ഷിജോയും തമ്മിൽ വാക്കുതർക്കമായി മാറി. തുടർന്ന് ജെൻസൺ കൈയിലിരുന്ന കത്രിക കൊണ്ട് ഷിജോയെ കുത്തി കൊലപ്പെടുത്തുകയായിരുന്നു.

പ്രതി ജെൻസണെ പൊലീസ് വൈകാതെ പിടികൂടി. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നാണ് വിവരം.