15 വർഷത്തെ ദാമ്പത്യത്തിന് വിരാമം; നടൻ രവി മോഹനും ഭാര്യയും വിവാഹമോചനത്തിലേക്ക്
മദ്ധ്യസ്ഥ ശ്രമങ്ങൾ പരാജയപ്പെട്ടതോടെ തമിഴ് നടൻ രവി മോഹന്റെയും (ജയം രവി) ഭാര്യ ആർതിയുടെയും വിവാഹ മോചന വാദം പുനരാരംഭിച്ചു. കേസ് പരിഗണിച്ച ചെന്നൈയിലെ കുടുംബ കോടതി നടനോടും ആർതിയോടും പ്രശ്നങ്ങൾ പറഞ്ഞ് തീർക്കാനായി മദ്ധ്യസ്ഥ ചർച്ചയിൽ പങ്കെടുക്കാൻ നിർദ്ദേശിച്ചിരുന്നു. എന്നാൽ, ഇരുവരും ഇതിന് താൽപര്യം കാണിച്ചിരുന്നില്ല. സിറ്റിംഗിൽ പങ്കെടുത്തതുമില്ലെന്നാണ് വിവരം.
ഇതോടെയാണ് മദ്ധ്യസ്ഥ ശ്രമങ്ങൾ പരാജയപ്പെട്ടതായി അധികൃതർ കോടതിയെ അറിയിക്കുകയായിരുന്നു. തുടർന്നാണ് വിവാഹമോചന വാദം പുനരാരംഭിച്ചത്. വിഡിയോ കോൺഫറൻസിംഗ് വഴിയാണ് രവി മോഹനും ആർതിയും ഹാജരായത്. വിവരങ്ങൾ രേഖപ്പെടുത്തിയ ശേഷം കേസ് ഫെബ്രുവരി 15ലേക്ക് മാറ്റി. ആരാധകരെ ഞെട്ടിച്ചുക്കൊണ്ടാണ് ആർതിയുമായുള്ള 15 വർഷത്തെ വിവാഹ ബന്ധം വേർപെടുത്തുന്നതായി അടുത്തിടെ രവി മോഹൻ പ്രഖ്യാപിച്ചത്. ഇതിനിടെ ജയം രവി എന്നറിയപ്പെട്ടിരുന്ന നടൻ സ്വന്തം പേര് രവി മോഹൻ എന്നാക്കിയതായി അടുത്തിടെ ആരാധകരെ അറിയിക്കുകയും ചെയ്തിരുന്നു.
ഇത് പെട്ടെന്നുണ്ടായ ഒരു തീരുമാനമല്ലെന്നും വ്യക്തിപരമായ കാരണങ്ങളാണ് വിവാഹമോചനത്തിന് പിന്നിലെന്നും നടൻ അന്ന് വ്യക്തമാക്കിയിരുന്നു. തീർച്ചയായും ഇത് എല്ലാവരുടെയും നല്ലതിനുവേണ്ടിയാണ്. എന്റെ മുൻഗണന എല്ലായ്പ്പോഴും ഒരു കാര്യത്തിന് മാത്രമാണ്. എന്റെ സിനിമകളിലൂടെ പ്രേക്ഷകർക്ക് എല്ലാവർക്കും സന്തോഷവും എന്റർടെയ്ൻമെന്റും നൽകുക എന്നത് തുടരുമെന്നും നടൻ വ്യക്തമാക്കിയിരുന്നു. 2009 ൽ ആയിരുന്നു ജയം രവിയുടെയും ആർതിയുടെയും വിവാഹം. ആരവ്, അയാൻ എന്നീ രണ്ട് ആൺമക്കൾ ഇവർക്കുണ്ട്.