
മലയാള സാഹിത്യത്തിൽ ഒരു പ്രത്യേക ശൈലിയുടെ വക്താവായി ഒതുങ്ങാൻ താൽപ്പര്യപ്പെടാത്ത എഴുത്തുകാരനാണ് അൻവർ അബ്ദുള്ള. പത്തൊമ്പതാം വയസിൽ 'മാതൃഭൂമി'യിലൂടെ കഥാലോകത്തേക്ക് കടന്നുവന്ന അദ്ദേഹം നോവലിസ്റ്റ്, പത്രപ്രവർത്തകൻ, സിനിമാ പ്രവർത്തകൻ, വിവർത്തകൻ എന്നീ നിലകളിൽ പ്രശസ്തനാണ്. നിലവിൽ മലയാള സർവകലാശാലയിൽ അസിസ്റ്റന്റ് പ്രൊഫസറായി സേവനമനുഷ്ഠിക്കുന്നു.
ഒരുകാലത്ത് എഴുത്തിൽ നിന്ന് വിട്ടുനിന്നെങ്കിലും ഇന്ന് അദ്ദേഹത്തിന്റെ പുസ്തകങ്ങൾക്ക്, പ്രത്യേകിച്ച് ഡിറ്റക്ടീവ് ഫിക്ഷനുകൾക്ക് വായനക്കാർക്കിടയിൽ സ്വീകാര്യതയുണ്ട്. പ്രശസ്ത എഴുത്തുകാരൻ ബെന്യാമിൻ തിരഞ്ഞെടുത്ത മികച്ച 75 പുസ്തകങ്ങളുടെ പട്ടികയിൽ അൻവർ അബ്ദുള്ളയുടെ 'ഡ്രാക്കുള' ഇടംപിടിച്ചതും ഏറെ ശ്രദ്ധേയമാണ്. ഇപ്പോഴിതാ തന്റെ എഴുത്തിലെ വൈകാരിക ലോകത്തെക്കുറിച്ചും കുറ്റാന്വേഷണ സാഹിത്യത്തെക്കുറിച്ചും അദ്ദേഹം 'കേരള കൗമുദി ഓൺലൈനിനോട്' സംസാരിക്കുന്നു.

മുപ്പത് വർഷത്തെ എഴുത്തുജീവിതം
എന്റെ എഴുത്തിൽ തിരിച്ചുവരവൊന്നുമില്ല. 1995ൽ ഡിഗ്രിക്ക് പഠിക്കുമ്പോൾ ആദ്യ കഥ അച്ചടിച്ചുവന്നതു മുതൽ ഞാൻ എഴുത്തുരംഗത്തുണ്ട്. മുതിർന്ന എഴുത്തുകാരൻ എന്ന സീനിയോറിറ്റി പ്രായത്തിൽ മാത്രമാണുള്ളത്. മലയാളത്തിലെ പ്രധാന എഴുത്തുകാരനായി വായനക്കാർ എന്നെ ഇപ്പോഴും അംഗീകരിച്ചിട്ടില്ല. കൊള്ളാവുന്ന ആരെങ്കിലും—അത് മമ്മൂട്ടിയോ സക്കറിയയോ ആകട്ടെ—പറഞ്ഞാലേ ഇന്ന് എഴുത്തുകാരൻ അംഗീകരിക്കപ്പെടൂ എന്ന അവസ്ഥയുണ്ട്. അതുകൊണ്ട് ഇവിടെ പട്ടാഭിഷേകങ്ങളൊന്നുമില്ല.കഴിഞ്ഞ 30 കൊല്ലമായി ഞാൻ എന്റേതായ ഒറ്റയടിപ്പാതയിലൂടെ നിശബ്ദമായി നടന്നുപോകുന്നു അത്രമാത്രം.

'ഡ്രാക്കുള'- പ്രസാധന രംഗത്തെ നിരാശ
2007ലാണ് 'ഡ്രാക്കുള' പുറത്തിറങ്ങുന്നത്. വായനക്കാരില്ലാത്ത സങ്കടം കൊണ്ടല്ല ഞാൻ എഴുത്ത് നിർത്തിയത്. പ്രസാധകരുടെ പ്രൊഫഷണൽ അല്ലാത്ത സമീപനത്തിൽ പ്രതിഷേധിച്ചാണ്. മാർക്കറ്റിംഗിനായി വീടുതോറും കയറിയിറങ്ങാനോ, ഇൻഫ്ളുവൻസർമാർക്ക് പണം നൽകി എഴുതിക്കാനോ എനിക്ക് കഴിയില്ല. എന്റെ പുസ്തകങ്ങൾക്കായി വിപണിയിൽ വലിയ തിരച്ചിൽ നടക്കുന്നു എന്നതൊക്കെ വെറും തോന്നലാണ്. പുസ്തകം വിപണിയിൽ കിട്ടാനില്ലാത്തതല്ല, മറിച്ച് അടുത്ത എഡിഷൻ അച്ചടിക്കാൻ പ്രസാധകർ മടിക്കുന്നതാണ് അവസ്ഥ.
ലാജോ ജോസിന്റെ നോവലുകൾ ചുരുങ്ങിയത് പതിനായിരം മുതൽ ഇരുപതിനായിരം വരെ കോപ്പികൾ വിൽക്കുന്നുണ്ട്. ശ്രീപാർവ്വതിയുടെ പുസ്തകങ്ങൾ എണ്ണായിരത്തിനും പതിനായിരത്തിനും ഇടയിലും, മായ കിരൺ, അനുരാഗ ഗോപിനാഥ് എന്നിവരുടേത് അയ്യായിരത്തിലധികവും വിൽക്കപ്പെടുന്നു. എന്നാൽ എന്റെ ഡിറ്റക്ടീവ് നോവലുകൾ കഷ്ടിച്ച് മൂവായിരത്തിനും അയ്യായിരത്തിനും ഇടയിലാണ് വിൽക്കുന്നത്. 'ഗതി', 'റിപ്പബ്ലിക്', 'കുൽസിത നീക്കങ്ങളിൽ ദൈവം' തുടങ്ങിയ എന്റെ ഗൗരവമേറിയ സോഷ്യൽ നോവലുകളാകട്ടെ, അഞ്ഞൂറോ ആയിരമോ കോപ്പികൾ മാത്രമേ വിൽക്കുന്നുള്ളൂ. ഈ വിപണിരീതിയോട് എനിക്ക് നിരാശയുണ്ട്.

കുറ്റാന്വേഷണ സാഹിത്യം- സാങ്കേതികത
എല്ലാത്തരം എഴുത്തും സാങ്കേതികമാണ്. കുറ്റാന്വേഷണ സാഹിത്യത്തിന് പ്രത്യേക റിഥവും പ്ലോട്ട് കൺസ്ട്രക്ഷനുമുണ്ട്. ദസ്തയേവ്സ്‌കിയും ഓർഹാൻ പാമുക്കും മനുഷ്യജീവിതത്തെക്കുറിച്ചുള്ള തങ്ങളുടെ ദർശനങ്ങൾ അവതരിപ്പിക്കാൻ കുറ്റാന്വേഷണ രീതിയിലുള്ള പ്ലോട്ടുകൾ ഉപയോഗിച്ചവരാണ്. ആ പാറ്റേണിലുള്ള കൗതുകം കൊണ്ടാണ് ഞാൻ ഡിറ്റക്ടീവ് ഫിക്ഷൻ എഴുതുന്നത്.
ഫോറൻസിക് സാദ്ധ്യതകളെക്കുറിച്ചോ സാങ്കേതികവിദ്യയെക്കുറിച്ചോ എനിക്ക് ആഴത്തിലുള്ള അറിവൊന്നുമില്ല. സാധാരണക്കാർക്കുള്ള പരിചയം മാത്രമേ എനിക്കുമുള്ളൂ. പക്ഷേ എഴുത്തുകാരന്റെ അവബോധവും അന്തർജ്ഞാനവും വച്ചാണ് ഇത്തരം കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത്. ഇതൊരു വലിയ സാഹസികതയാണ്. ഉദാഹരണത്തിന്, എന്റെ 'കോമ' എന്ന നോവലിൽ ധാരാളം ക്ലിനിക്കൽ റഫറൻസുകളുണ്ട്. എന്റെ കേട്ടറിവുകൾ വച്ചാണ് ഞാനത് എഴുതിയത്. എങ്കിലും, പുസ്തകം പ്രസിദ്ധീകരിക്കുന്നതിന് മുൻപ് ഒരു സീനിയർ കാർഡിയോളജിസ്റ്റിനെ കാണിച്ച് അതിലെ 'ക്ലിനിക്കൽ എററുകൾ' തിരുത്തി കൃത്യത ഉറപ്പുവരുത്തിയിരുന്നു.

പെരുമാളും സേതുരാമയ്യരും മമ്മൂട്ടിയും
ഒലിവ് പബ്ലിക്കേഷൻസിന്റെ ആവശ്യപ്രകാരമാണ് മമ്മൂട്ടിയെ മനസിൽ കണ്ട് ആ നോവൽ എഴുതുന്നത്. എന്നെ സംബന്ധിച്ച് ഞാൻ സൃഷ്ടിച്ച 'ഡിറ്റക്ടീവ് പെരുമാൾ' തന്നെയായിരുന്നു മമ്മൂട്ടി. 'കൈയൊപ്പ്' സിനിമയുടെ സെറ്റിൽ പോയി മമ്മൂട്ടിയെ കണ്ട് കഥ പറഞ്ഞപ്പോൾ അദ്ദേഹം വളരെ ആവേശഭരിതനായി. ആറു ദിവസം കൊണ്ട് ഞാൻ ആ നോവൽ എഴുതിതീർത്തു. എന്നാൽ പുസ്തകം പുറത്തുവന്നതിന് ശേഷം, ഈ കഥാപാത്രത്തിന്റെ പകർപ്പവകാശത്തെ ചൊല്ലി തർക്കമുണ്ടായി. എസ്.എൻ. സ്വാമിയും കെ. മധുവും ഒരു വശത്തും, നിർമ്മാതാവ് എം. മണി മറുവശത്തുമായി ഒരു ലീഗൽ ഫൈറ്റ് നടക്കുന്നുണ്ടായിരുന്നു. അത് കാരണം ആ നോവൽ പരമ്പര പിന്നീട് മുന്നോട്ട് കൊണ്ടുപോകേണ്ടതില്ല എന്ന മട്ടിലേക്ക് കാര്യങ്ങൾ മാറി. അത് അവിടെക്കൊണ്ട് അവസാനിച്ചു.
പക്ഷേ, എന്നെ അതൊന്നും ബാധിക്കുന്ന കാര്യമായിരുന്നില്ല. കാരണം, സേതുരാമയ്യരുടെ പുസ്തകം എന്ന് പറഞ്ഞ് ആളുകൾ അത് വൻതോതിൽ വാങ്ങി കൂട്ടുകയോ, ആരാധകർ എന്റെ വീട്ടുവാതിൽക്കൽ തമ്പടിക്കുകയോ ഒന്നും ചെയ്തില്ല. എനിക്ക് വീടിന്റെ ഓട് പൊളിച്ചോ പിൻവാതിൽ വഴിയോ ഓടി രക്ഷപ്പെടേണ്ടി വരുന്ന അവസ്ഥയൊന്നും ഉണ്ടായില്ലല്ലോ! അങ്ങനെ വലിയ സംഭവങ്ങളൊന്നും ഉണ്ടാകാത്തതുകൊണ്ട്, വീശിയ കാറ്റ് വീശിയ വഴിക്കങ്ങ് പോയി എന്ന് പറയാം.
പിന്നീട് അതിന് പുതിയ പതിപ്പുകളൊന്നും ഇറങ്ങാത്തതുകൊണ്ടും, അതൊരു പരമ്പരയായി തുടരാൻ പറ്റാത്തതുകൊണ്ടും ഞാൻ ആ നോവലിൽ നിന്ന് സേതുരാമയ്യരെ മാറ്റി. പകരം വീണ്ടും എന്റെ പെരുമാളിനെ തന്നെ വച്ച് അത് മാറ്റിയെഴുതി. 'പ്രൈം വിറ്റ്നസ്' (Prime Witness) എന്ന പേരിൽ പിന്നീട് പെരുമാൾ സീരീസിൽ ഉൾപ്പെടുത്തി. അതിനുശേഷം ആ സീരീസിൽ 'കമ്പാർട്ട്മെന്റ്' (Compartment), '1980' എന്നീ നോവലുകളും വന്നു. ഇനി ഇപ്പോൾ സേതുരാമയ്യരുടെ ആവശ്യമില്ല. 'സേതുരാമയ്യർക്ക് എന്താ ഈ വീട്ടിൽ കാര്യം' എന്ന് ചോദിക്കുന്നത് പോലെയാണ് ഇപ്പോഴത്തെ അവസ്ഥ.

മലയാളത്തിലെ ഡ്രാക്കുള'
'ഡ്രാക്കുള' എന്റെ ഉഗ്രൻ നോവലാണ്. എന്റെയൊരു സുഹൃത്തിന് ഉത്തരേന്ത്യയിലുണ്ടായ ഒരു തടങ്കൽ അനുഭവത്തിൽ നിന്നാണ് അതിന്റെ പ്ലോട്ട് രൂപപ്പെടുന്നത്. 13 അദ്ധ്യായങ്ങളുള്ള ആ നോവലിന്റെ ഘടന വളരെ സങ്കീർണമാണ്. അതിൽ 'ഞാൻ' എന്ന കേന്ദ്രകഥാപാത്രത്തെ തേർഡ് പേഴ്‌സൺ ആയിട്ടാണ് അവതരിപ്പിച്ചിരിക്കുന്നത്. ദ്രാവിഡ ഭാഷകൾക്ക് മാത്രം സാദ്ധ്യമാകുന്ന ഒരു മാന്ത്രിക വിദ്യയാണത്. രാജ്യം നേരിടാൻ പോകുന്ന ഒരു ഫാസിസ്റ്റ് ഭരണകൂടത്തിന്റെ ലക്ഷണങ്ങളെ അടയാളപ്പെടുത്തുന്ന പൊളിറ്റിക്കൽ നാറേറ്റീവ് പ്ലേ കൂടിയായിരുന്നു ഡ്രാക്കുള.

2004 മുതൽ 2014 വരെയുള്ള ഇന്ത്യയിലെ രാഷ്ട്രീയ പശ്ചാത്തലത്തിലാണ് ഇതിന്റെ രചന. വാജ്‌പേയി സർക്കാരിന് ശേഷം മൻമോഹൻ സിംഗ് സർക്കാർ അധികാരത്തിൽ വന്ന കാലമായിരുന്നു അത്. എന്നാൽ വരാനിരിക്കുന്ന ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന്റെ ഫാസിസ്റ്റ് പ്രവണതകളെക്കുറിച്ചും, ഒരു സ്വേച്ഛാധിപത്യ ഭരണകൂടത്തിന്റെ കടന്നുവരവിനെക്കുറിച്ചുമുള്ള മുൻകൂട്ടിയുള്ള ഭയവും രാഷ്ട്രീയ നിരീക്ഷണങ്ങളും ഡ്രാക്കുളയിൽപ്രതിഫലിക്കുന്നുണ്ട്.
ഡയറിക്കുറിപ്പുകളും കത്തുകളുടെ രൂപത്തിലുള്ള ആഖ്യാനങ്ങളും (Epistolary style) ചേർന്നതാണ് നോവൽ. നമ്മുടെ രാജ്യത്തെ ആശങ്കകളും, ആഗോളതലത്തിൽ അധികാരം എങ്ങനെയാണ് പിടിച്ചെടുക്കപ്പെടുന്നത് എന്നതിനെക്കുറിച്ചുള്ള ബിബിളിക്കൽ പരാമർശങ്ങൾ അടക്കമുള്ള സൂചനകളും നോവലിലുണ്ട്.
കേവലം 110 പേജുകളേ ഉള്ളൂവെങ്കിലും മലയാള നോവൽ സാഹിത്യത്തിൽ അത് ഉണ്ടാക്കിയ ദിശാവ്യതിയാനം വായനക്കാർ വേണ്ടത്ര തിരിച്ചറിഞ്ഞില്ല.

വരുംകാല എഴുത്തുകൾ- ഗൗരവമേറിയ സോഷ്യൽ നോവലുകൾ
ഞാൻ എഴുത്ത് നിർത്തിയിട്ടില്ല, ഇപ്പോഴും സാഹിത്യത്തിലാണ് ജീവിക്കുന്നത്. എന്റെ മേശവലിപ്പിൽ പൂർണമായ ഒരു വലിയ നോവലും, ഒരു നോവെല്ലയും കുറേ വർഷങ്ങളായി ഇരിപ്പുണ്ട്. പക്ഷേ, ഇത്തരം നല്ല നോവലുകൾ വിപണിയിൽ വിറ്റഴിക്കാൻ പ്രസാധകർ താല്പര്യം കാണിക്കാറില്ല. നിലവിൽ ഡിറ്റക്ടീവ് നോവലുകളുടെ തരംഗവും അവസാനിച്ചു കഴിഞ്ഞു. എങ്കിലും പുസ്തകം അച്ചടിച്ചാലും ഇല്ലെങ്കിലും ഞാൻ എഴുത്ത് തുടരുക തന്നെ ചെയ്യും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |