മകൾ അവന്തികയുടെ വിവാഹത്തിന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌യെ ക്ഷണിച്ച് ഖുശ്ബു; ചിത്രങ്ങൾ പങ്കുവച്ച് താരം

Wednesday 03 June 2026 12:14 PM IST

ചെന്നൈ: മൂത്ത മകൾ അവന്തികയുടെ വിവാഹത്തിന് തമിഴ്‌നാട് മുഖ്യമന്ത്രിയും നടനുമായ വിജയ്‌യെ ക്ഷണിച്ച് തെന്നിന്ത്യൻ സിനിമാ താരവും ബിജെപി നേതാവുമായ ഖുശ്ബു സുന്ദർ.വിജയ്‌യുടെ ചെന്നൈയിലെ ഔദ്യോഗിക വസതിയിലെത്തിയാണ് ഖുശ്ബുവും കുടുംബവും വിവാഹക്ഷണക്കത്ത് കൈമാറിയത്.

ഖുശ്ബുവിനൊപ്പം ഭർത്താവും പ്രശസ്ത സംവിധായകനുമായ സുന്ദർ സി, മക്കളായ അവന്തിക, ആനന്ദിത, പ്രതിശ്രുത വരൻ ശ്രാവൺ ശ്രീനിവാസൻ എന്നിവരുമുണ്ടായിരുന്നു. കൂടികാഴ്ച്ചയുടെ ചിത്രങ്ങൾ ഖുശ്ബു തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ പങ്കുവച്ചു.

വിജയ്‌യെ പ്രിയപ്പെട്ട തന്റെ സഹോദരൻ എന്ന് വിശേഷിപ്പിച്ച ഖുശ്ബു കുടുംബത്തെ സംബന്ധിച്ച് ഏറ്റവും സവിശേഷവും മറക്കാനാകാത്തതുമായ ഒരു ദിവസമാണിതെന്നും സോഷ്യൽ മീഡിയയിൽ കുറിച്ചു. വിജയ്‌യെ കാണുന്നത് എപ്പോഴും വലിയ അഭിമാനവും സന്തോഷവും നിറയ്ക്കുന്ന കാര്യമാണെന്നും തിരക്കേറിയ ഔദ്യോഗിക ഷെഡ്യൂളുകൾക്കിടയിലും എപ്പോഴത്തേയും പോലെ ഊഷ്മളതയോടും സ്നേഹത്തോടെയും മനോഹരമായ പുഞ്ചിരിയോടെയും കൂടിയാണ് വിജയ് തങ്ങളെ സ്വീകരിച്ചതെന്നും ഖുഷ്ബു സോഷ്യൽ മീഡിയ പോസ്റ്റിൽ കുറിച്ചു.

അതേസമയം, അഭിനയരംഗത്തേക്ക് ചുവടുവയ്ക്കാനൊരുങ്ങുകയാണ് ഖുശ്ബുവിന്റെ മൂത്ത മകൾ അവന്തിക. ‘ആരംഭം’ എന്ന മലയാള ചിത്രത്തിലൂടെയാണ് അവന്തികയുടെ അരങ്ങേറ്റം. സുജേഷ് ആനി ഈപ്പനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സ്റ്റുഡിയോ ബെല്ലാറൂഹാണ് ചിത്രത്തിന്റെ നിർമ്മാണം.