വിവാഹം കഴിഞ്ഞ് ആറ് വർഷം; റൺവീറും ദീപികയും ആദ്യത്തെ കൺമണിക്കായുള്ള കാത്തിരിപ്പിൽ, ആശംസയുമായി ആരാധകർ

Tuesday 20 February 2024 3:34 PM IST

ബോളിവുഡ് താര ദമ്പതികളായ റൺവീർ സിംഗും ദീപിക പദുക്കോണും തങ്ങളുടെ ആദ്യത്തെ കൺമണിക്കായുള്ള കാത്തിരിപ്പിലാണെന്ന് റിപ്പോർട്ട്. ദ വീക്കിനെ ഉദ്ധരിച്ച് വിവിധ ദേശീയ മാദ്ധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. ദീപിക മൂന്ന് മാസം ഗർഭിണിയാണെന്നാണ് റിപ്പോർട്ട്. 77ാമത് ബാഫ്റ്റ റെഡ് കാർപെറ്റിലെ ദീപികയുടെ വസ്ത്രധാരണം ഗർഭിണിയാണെന്ന ഊഹാപോഹങ്ങൾ ഉയർത്തിയിരുന്നു. പരിപാടിക്കായി സബ്യസാചി മുഖർജിയുടെ മിന്നുന്ന സാരിയും കസ്റ്റം ആഭരണങ്ങളുമാണ് ദീപിക ധരിച്ചിരുന്നത്.

ബോളിവുഡിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള താരദമ്പതികളാണ് ദീപിക പദുക്കോണും റൺവീർ സിംഗും. ഏറെക്കാലത്തെ പ്രണയത്തിന് ശേഷം വിവാഹിതരായ ഇരുവരുടെയും പരസ്പരമുള്ള ഇടപെടൽ ഏറെ ശ്രദ്ധനേടാറുണ്ട്. ഇരുവരും അഭിമുഖങ്ങളിലും മറ്റും പരസ്പരം പ്രശംസിക്കുന്നതും പിന്തുണയ്ക്കുന്നതും മാദ്ധ്യമങ്ങളിൽ ഇടംപിടിക്കാറുമുണ്ട്.

താരദമ്പതികൾ തമ്മിൽ വേർപിരിഞ്ഞുവെന്ന് അടുത്തിടെ മാദ്ധ്യമങ്ങളിൽ വാർത്തകൾ നിറഞ്ഞിരുന്നു. ഇതിന് ദീപിക പദുക്കോൺ പ്രതികരിച്ചതും ഏറെ ശ്രദ്ധനേടിയിരുന്നു. പ്രിൻസ് ഹാരിയുടെ ഭാര്യ മേഗൻ മാർക്കിൾ അവതരിപ്പിക്കുന്ന പരിപാടിയായ ആർക്കിടൈപ്പ്സിലാണ് താരം ഇതുസംബന്ധിച്ച പ്രതികരണം നടത്തിയത്. ഒരു സംഗീത പരിപാടിയുമായി ബന്ധപ്പെട്ട് തന്റെ ഭർത്താവ് പുറത്താണെന്നും വീട്ടിൽ എത്തിയതേയുള്ളുവെന്നും തന്റെ മുഖം കാണുമ്പോൾ ഏറെ സന്തോഷിക്കുമെന്നുമായിരുന്നു അഭ്യൂഹങ്ങൾക്ക് മറുപടിയെന്നോണം ദീപിക പ്രതികരിച്ചത്.