'കുട്ടികളില്ലാത്തത് ഞങ്ങൾക്ക് സമ്മർദ്ദമല്ല; മക്കൾ വേണ്ട എന്ന് തീരുമാനിച്ച് ജീവിക്കുന്നവരുണ്ട്'; ചോദ്യങ്ങളിൽ പ്രതികരിച്ച് വിധു പ്രതാപ്

Thursday 15 February 2024 2:26 PM IST

കുട്ടികളില്ലാത്തതുമായി ബന്ധപ്പെട്ട് ജീവിതത്തിൽ നേരിടേണ്ടിവന്ന ചോദ്യങ്ങളിൽ പ്രതികരിച്ച് ഗായകൻ വിധു പ്രതാപ്. കുട്ടികൾ ഇല്ലെന്ന് അറിയാമായിരുന്നിട്ടും കുട്ടികളില്ലേയെന്ന് വേദനിപ്പിക്കാൻ വേണ്ടി മാത്രം ചോദിക്കുന്നവരുണ്ടെന്ന് ഗായകൻ പറഞ്ഞു. ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു പ്രതികരണം.

'കുട്ടികളില്ല എന്നുള്ളത് ഞങ്ങളെ സംബന്ധിച്ച് ഒരു സമ്മർദ്ദമല്ല. ചില സമയങ്ങളിൽ ഞങ്ങൾക്ക് തോന്നിയിട്ടുണ്ട്, അത് മറ്റുള്ളവരിൽ സമ്മർദ്ദമുണ്ടാക്കുന്നുവെന്ന്. യാതൊരു പരിചയവുമില്ലാത്ത ആളുകൾക്കുപോലും ഇക്കാര്യം വലിയ പ്രശ്‌നമാണ്. സംഗീത പരിപാടിയുമായി ബന്ധപ്പെട്ട് എവിടെയെങ്കിലും യാത്ര പോകുമ്പോഴും ചിലപ്പോഴൊക്കെ ഈ ചോദ്യം നേരിടേണ്ടി വരാറുണ്ട്. ഭാര്യ വന്നില്ലേ എന്നായിരിക്കും ചിലർ ആദ്യം ചോദിക്കുന്നത്. പിന്നെ മക്കളുടെ കാര്യം ചോദിക്കും. മക്കളില്ലെന്ന് പറയുമ്പോൾ എത്ര നാളായി കല്യാണം കഴിഞ്ഞിട്ടെന്ന് ചോദിക്കും. 15 വ‌ർഷമായി എന്ന് പറയുമ്പോൾ അവർതന്നെ ഓരോന്ന് ചിന്തിച്ചുകൂട്ടും.

തങ്ങളുടെ പരിചയത്തിൽ ഒരു ഡോക്ടർ ഉണ്ടെന്നായിരിക്കും അടുത്ത പറച്ചിൽ. കുട്ടികൾ വേണോ, വേണ്ടയോ എന്നൊന്നും പുറമേ നിന്നൊരാൾ ചോദിക്കേണ്ട യാതൊരു ആവശ്യവുമില്ല. കുട്ടികളിലെന്ന് പറഞ്ഞാൽ പിന്നെ അതെന്താ എന്ന് ചോദിക്കേണ്ട ആവശ്യമില്ല. ചോദ്യങ്ങൾക്ക് പരിധികൾ ഉണ്ടായിരിക്കണം.

മക്കൾ വേണ്ട എന്നുതീരുമാനിച്ച് ജീവിക്കുന്ന എത്രയോ ദമ്പതികളുണ്ട്. ജോലിയിൽ സ്ഥിരതയുണ്ടാകാൻ വേണ്ടി കാത്തിരിക്കുന്നവരായിരിക്കും ചിലർ. മറ്റുചിലർക്ക് ശ്രമിച്ചിട്ടും കുഞ്ഞുങ്ങളുണ്ടാകാത്തതായിരിക്കും. ഇതൊക്കെ ഭാര്യാഭർത്താക്കന്മാരുടെ ഇടയിൽ മാത്രം ഒതുങ്ങി നിൽക്കേണ്ട കാര്യമാണ്. ഞങ്ങളോട് വളരെ കരുതലോടെ, എത്രയും വേഗം കുഞ്ഞിക്കാൽ കാണാൻ ആഗ്രഹമുണ്ടാകട്ടെ എന്നൊക്കെ ചിലർ കമന്റിടുന്നത് കണ്ടിട്ടുണ്ട്. അതുപോലെതന്നെ കുട്ടികളില്ലെന്ന് അറിഞ്ഞിട്ടും വേദനിപ്പിക്കാൻ വേണ്ടി മാത്രം ചോദിക്കുന്നവരുമുണ്ട്'- വിധു പ്രതാപ് പറഞ്ഞു.