SignIn
Kerala Kaumudi Online
Saturday, 23 May 2026 9.19 PM IST

രാജി വ്യക്തിപരമായ കാരണങ്ങളാലെന്ന് പറഞ്ഞു, അൻസിബയുടെ നീക്കം ആസൂത്രിതമെന്ന് അമ്മ പ്രസിഡന്റ് ശ്വേത മേനോൻ

shweta-menon

കൊച്ചി: നടി അൻസിബ ഹസൻ, ടിനി ടോമിനെതിരെ ഉന്നയിച്ച ആരോപണങ്ങൾക്ക് പിന്നിൽ കൃത്യമായ ഗൂഢാലോചനയുണ്ടെന്ന് സംശയിക്കുന്നതായി 'അമ്മ' പ്രസിഡന്റ് ശ്വേത മേനോൻ. സംഘടനയുടെ ക്യാമ്പ് നടക്കുന്ന ദിവസം തന്നെ ഇങ്ങനെയൊരു പരാതി ഉയർന്നത് ആസൂത്രിത നീക്കമാണെന്ന് ശ്വേത മേനോൻ പറയുന്നു. കൊച്ചിയിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ‌.

മാദ്ധ്യമങ്ങളിലൂടെ പുറത്തുവന്ന അൻസിബയുടെ പരാതി ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഘടനയ്ക്ക് ലഭിച്ചതെന്നും ശ്വേത മേനോൻ പറഞ്ഞു. പരാതി ലഭിച്ചതിനെത്തുടർന്ന് അൻസിബയെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോൺ എടുത്തില്ലെന്നും ശ്വേത കൂട്ടിച്ചേർത്തു. സംഘടനയുടെ ചട്ടങ്ങൾക്കനുസരിച്ച് വിഷയത്തിൽ കൃത്യമായ പരിശോധന ഉണ്ടാകുമെന്നും അവർ ഉറപ്പുനൽകി.


ഈ മാസം 12നാണ് അൻസിബയുടെ രാജി സംഘടന സ്വീകരിച്ചത്. എന്നാൽ വ്യക്തിപരമായ കാരണങ്ങളാൽ രാജി വയ്ക്കുന്നുവെന്നാണ് കത്തിൽ ഉണ്ടായിരുന്നത്. അതിൽ ടിനി ടോമിനെതിരെയുള്ള ആരോപണങ്ങളൊന്നും പരാമർശിച്ചിരുന്നില്ല. മുൻപ് പൊലീസിൽ നൽകിയ പരാതിയെക്കുറിച്ച് മാത്രമാണ് അൻസിബ തന്നോട് സംസാരിച്ചിട്ടുള്ളതെന്നും, പൊലീസ് കേസ് ആയതിനാൽ സംഘടനയ്ക്ക് അതിൽ ഇടപെടാൻ കഴിയില്ലെന്ന് വ്യക്തമാക്കിയതാണെന്നും ശ്വേത മേനോൻ അറിയിച്ചു.

ഒരു മതസ്ഥാപനത്തെ സ്‌പോൺസറാക്കുന്നതുമായി ബന്ധപ്പെട്ട് അൻസിബ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. എന്നാൽ കമ്മിറ്റിയിലെ ഭൂരിഭാഗം അംഗങ്ങളും ആ തീരുമാനത്തെ അനുകൂലിക്കുകയാണുണ്ടായത്. നിലവിലെ സാഹചര്യത്തിൽ അൻസിബയുടെ ഭാഗം കൂടി കേൾക്കാൻ സംഘടന തയ്യാറാണെന്നും, എക്സിക്യൂട്ടീവ് കമ്മിറ്റി പരാതി വിശദമായി പരിശോധിക്കുമെന്നും ശ്വേത മേനോൻ വ്യക്തമാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: ANSIBA, SHWETA, TINYTOM, AMMA, CINEMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY