വേണുവിന്റെ കുടുംബത്തിന് 5 ലക്ഷം രൂപ ധനസഹായം; യാഥാര്‍ത്ഥ്യമായത് മന്ത്രി ഷിബു ബേബി ജോണിന്റെ ഇടപെടലില്‍
തിരുവനന്തപുരം: ചികിത്സാ വീഴ്ചയെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വെച്ച് മരണപ്പെട്ട ചവറ പന്മന സ്വദേശി വേണുവിന്റെ കുടുംബത്തിന് സംസ്ഥാന സര്‍ക്കാര്‍ 5 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. പുതിയ സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ്ണ മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച നിര്‍ണായക തീരുമാനമുണ്ടായത്. മന്ത്രി ഷിബു ബേബി ജോണിന്റെ ശക്തമായ ഇടപെടലിനെ തുടര്‍ന്നാണ് അടിയന്തര നടപടി.
യു.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ ആദ്യ മന്ത്രിസഭാ യോഗത്തില്‍ തന്നെ വേണുവിന്റെ കുടുംബത്തിന് അര്‍ഹമായ സഹായം ലഭ്യമാക്കുമെന്ന് തെരഞ്ഞെടുപ്പ് വേളയില്‍ ഷിബു ബേബി ജോണ്‍ ഉറപ്പുനല്‍കിയിരുന്നു. ബേബിജോണ്‍ അനുസ്മരണ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ചവറയിലെത്തിയ അന്നത്തെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും വേണുവിന്റെ കുടുംബത്തെ സംരക്ഷിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. പ്രസ്തുത വാഗ്ദാനമാണ് പുതിയ മന്ത്രിസഭയുടെ തീരുമാനത്തോടെ ഇപ്പോള്‍ യാഥാര്‍ത്ഥ്യമായിരിക്കുന്നത്.
പുതിയ സര്‍ക്കാര്‍ അധികാരമേറ്റയുടന്‍ നടന്ന അനൗദ്യോഗിക ചര്‍ച്ചകളില്‍ തന്നെ മന്ത്രി ഷിബു ബേബി ജോണ്‍ ഈ വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. തുടര്‍ന്ന് നടന്ന ആദ്യ സമ്പൂര്‍ണ്ണ മന്ത്രിസഭാ യോഗത്തില്‍ വിഷയം അജണ്ടയായി പരിഗണിക്കുകയും ധനസഹായത്തിന് അംഗീകാരം നല്‍കുകയുമായിരുന്നു.
വേണുവിന്റെ മരണത്തിന് ഇടയാക്കിയ മുന്‍ സര്‍ക്കാരിന്റെ കാലത്തെ ആരോഗ്യവകുപ്പിന്റെ വീഴ്ചകളെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. കേവലം ധനസഹായത്തില്‍ ഒതുക്കാതെ, വേണുവിന്റെ കുടുംബത്തിന്റെ ഭാവി സംരക്ഷണത്തിനായി സര്‍ക്കാര്‍ തുടര്‍ന്നും ഒപ്പമുണ്ടാകുമെന്ന് മന്ത്രി ഷിബു ബേബി ജോണ്‍ അറിയിച്ചു.