മാലിന്യം നിറഞ്ഞ് വണ്ടാനം കാവ്

Thursday 21 May 2026 10:04 PM IST

അമ്പലപ്പുഴ : ജില്ലയിലെ ഏക വനം എന്ന് വിശേഷിപ്പിക്കുന്ന വണ്ടാനം കാവും പരിസരവും മാലിന്യനിക്ഷേപ കേന്ദ്രമായി മാറിയതോടെ നാട്ടുകാർ ദുരിതത്തിൽ. നിർമ്മാണം നടക്കുന്ന ദേശീയ പാതയോട് ചേർന്നുള്ള കാവിൽ മാലിന്യങ്ങൾ കൂമ്പാരമായി കിടക്കുകയാണ്. ഹോട്ടൽ അവശിഷ്ടങ്ങൾ, ഇറച്ചി - മത്സ്യ മാലിന്യം, മുടി, ചില്ലുകൾ, പൊട്ടിയ പാത്രങ്ങൾ തുടങ്ങിയവ ഇക്കൂട്ടത്തിലുണ്ട്. പ്രദേശമാകെ ദുർഗന്ധം പരക്കുന്നതിനാൽ മൂക്കുപൊത്തിയാണ് യാത്രക്കാർ കടന്നുപോകുന്നത്. വിവിധ ചടങ്ങുകളുമായി ബന്ധപ്പെട്ടു നടക്കുന്ന സൽക്കാരങ്ങളിലെ വിഭവങ്ങളുടെ അവശിഷ്ടങ്ങളും ഇവിടെക്കൊണ്ടുവന്ന് തള്ളുന്നുണ്ട്. വീടുകളിലെ പച്ചക്കറി, മീൻ, ഇറച്ചി അവശിഷ്ടങ്ങൾ കിറ്റുകളിലാക്കി കാവിന്റെ പരിസരത്തേക്ക് വലിച്ചെറിയുന്നതും പതിവായി. ആഹാരാവശിഷ്ടങ്ങൾ ചീഞ്ഞളിഞ്ഞ് പുഴുവരിച്ച നിലയിൽ ചിതറി കിടക്കുന്നതും കാണാം. ഇവിടെ തമ്പടിക്കുന്ന തെരുവ് നായ്ക്കൂട്ടങ്ങൾ യാത്രക്കാരെ ആക്രമിക്കാറുമുണ്ട്.

പരാതി പറഞ്ഞ് മടുത്തു

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ പരാതിപ്പെട്ടിട്ടും യാതൊരു നടപടികളും ഉണ്ടായില്ലെന്നാണ്. പ്രദേശവാസികൾ പറയുന്നത്

 നൂറുകണക്കിന് യാത്രക്കാരും മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികളും കടന്നുപോകുന്ന ദേശീയപാതയോരത്തെ പ്രാദേശിക റോഡരികിലാണ് മാലിന്യക്കൂമ്പാരം

 ദുർഗന്ധത്തിൽ ദുരിതമനുഭവിക്കുന്നതിന് പുറമേ, പ്രദേശത്ത് പകർച്ചവ്യാധി പടരുമോ എന്ന ആശങ്കയും നാട്ടുകാർക്കുണ്ട്.

മാലിന്യ പ്രശ്നത്തിന് പരിഹാരം കാണാൻ ഏത് അധികാരികളുടെ അടുത്താണ് ഇനി പോകേണ്ടതെന്ന് ആശങ്കയിലാണ്അറിയില്ല. പരാതിപ്പെട്ട് മടുത്തു

- പ്രദേശവാസികൾ