കന്നുകാലികൾക്ക് മഴക്കാലം രോഗകാലം

Thursday 21 May 2026 10:06 PM IST

ആലപ്പുഴ: മഴക്കാലം മനുഷ്യർക്ക് മാത്രമല്ല,​ മൃഗങ്ങൾക്കും കേട് കാലമാണ്.

പ്രതിരോധശേഷി കുറയുന്നത് കാരണം രോഗങ്ങൾ പിടിപെടാനുള്ള സാദ്ധ്യത വളരെ കൂടുതലാണ്. വള‌ർത്തുമൃഗങ്ങൾക്ക് കരുതലും ശ്രദ്ധയും

ആവശ്യമായ കാലം കൂടിയാണിത്. അകിടുവീക്കം, വയറിളക്കം, ദഹനക്കേട്, ശ്വാസകോശ രോഗങ്ങൾ, പൂപ്പൽ വിഷബാധ തുടങ്ങിയവയാണ് പശുക്കളെ പ്രധാനമായും ബാധിക്കുന്ന മഴക്കാല രോഗങ്ങൾ.

കുരലടപ്പൻ, കുളമ്പുരോഗം, മുടന്തൻ പനി എന്നീ പകർച്ചവ്യാധികൾക്കുള്ള സാദ്ധ്യതയും കൂടുതലാണ്.

മഴക്കാലത്ത് പശുക്കളിൽ വയറിളക്കരോഗങ്ങൾ കൂടുതലായി കണ്ടുവരാറുണ്ട്. മഴയ്ക്ക് ശേഷമുള്ള തളിർത്ത പുല്ല് ധാരാളമായി പശുക്കൾക്ക് നൽകുന്നത് വയറിളക്ക രോഗങ്ങൾക്ക് കാരണമാകും. ഇത് പാലുത്പാദനത്തെ ബാധിക്കും.മഴക്കാലത്ത് അമിതമായി പുല്ലും പയറുവർഗങ്ങളും നൽകരുത്. പലതവണകളായി വേണം നൽകാനെന്ന്

മൃഗസംരക്ഷണ വകുപ്പ് അധികൃതർ മുന്നറിയിപ്പ് നൽകുന്നു.

കുറഞ്ഞ അന്തരീക്ഷ താപനില, കൂടിയ ആർദ്രത എന്നീ സാഹചര്യങ്ങളിൽ കാലിത്തീറ്റ, പിണ്ണാക്ക്, വൈക്കോൽ എന്നിവയിൽ വളരുന്ന അസ്പർ ജില്ലസ് ഇനത്തിൽപ്പെട്ട പൂപ്പലുകൾ ഉണ്ടാക്കുന്ന അഫ്‌ളാടോക്‌സിൻ എന്ന വിഷാംശമാണ് പൂപ്പൽ വിഷബാധയ്ക്ക് കാരണം. വിഷാംശം കരളിനെ ബാധിക്കുന്നത് കാരണം പശുക്കൾ ചാകാൻ വരെ സാദ്ധ്യതയുണ്ട്.

പാലുത്പാദനം കുറയ്‌ക്കും # കറവ പശുക്കളുടെ പാലുത്പാദനത്തെ പ്രതികൂലമായി ബാധിക്കുന്ന രോഗമാണ് അകിടുവീക്കം.അത്യുത്പാദനശേഷിയുള്ള സങ്കരയിനം പശുക്കളിൽ കറവയുടെ ആദ്യഘട്ടത്തിലാണ് രോഗം കൂടുതലായി കണ്ടുവരുന്നത്

# കാലവർഷാരംഭത്തിൽ കന്നുകാലികളിൽ കണ്ടുവരുന്ന ഒരു സാംക്രമിക രോഗമാണ് മുടന്തൻ പനി.ശക്തിയായ പനി, തീറ്റ മടുപ്പ്, ശരീരം വിറയൽ, നടക്കാൻ ബുദ്ധിമുട്ട് എന്നിവയാണ് ലക്ഷണങ്ങൾ

# കന്നുകാലികളിൽ കണ്ടുവരുന്ന സാംക്രമിക രോഗങ്ങളായ കുളമ്പുരോഗം കുരലടപ്പൻ, കരിങ്കാൽ എന്നിവയ്ക്ക് പ്രതിരോധ കുത്തിവയ്പ് മഴക്കാലത്തിന് തൊട്ടു മുമ്പ് നൽകണം

# മഴക്കാലത്ത് കറവ മാടുകൾക്ക് കൂടിയ അളവിൽ തീറ്റ നൽകണം. തീറ്റയുടെ അളവ് ക്രമമായി കുറച്ച് പച്ചപ്പുല്ല് നൽകാം. ഒരുകിലോ തീറ്റയ്ക്ക് പകരം 20-25 കിലോ പച്ചപ്പുല്ല് നൽകാം

ഈർപ്പമുള്ളതും പഴകിയതുമായ തീറ്റ കന്നുകാലികൾക്ക് നൽകരുത്. മറ്റുരോഗങ്ങൾ നിയന്ത്രിക്കാനായി തൊഴുത്തും പരിസരവും അണുനാശക ലായനി തളച്ച് വൃത്തിയാക്കണം.

-ഡോ. ഡി. ബീന,​ റിട്ട. അസി. ഡയറക്ടർ

മൃഗസംരക്ഷണ വകുപ്പ്