അൻവർ സാദത്തിന് മന്ത്രിസ്ഥാനമില്ല; അണികളെ ആശ്വാസിപ്പിച്ച് എം.എൽ.എ

Tuesday 19 May 2026 12:46 AM IST

ആലുവ: തുടർച്ചയായി നാലാം തവണയും നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ട അൻവർ സാദത്തിനെ മന്ത്രിസഭയിൽ ഉൾപ്പെടുത്താത്തതിനെതിരെ സോഷ്യൽ മീഡിയയിൽ അണികളുടെ പ്രതിഷേധം. പ്രാദേശികവും സാമൂഹികവുമായ സാഹചര്യങ്ങൾ പരിഗണിച്ചാണ് മന്ത്രിമാരെ നിശ്ചയിക്കുന്നതെന്നും അർഹതയുണ്ടായാലും മാറിനിൽക്കേണ്ടി വരുന്നത് സ്വാഭാവികമാണെന്നും പറഞ്ഞ് അൻവർ സാദത്ത് അണികളെ ശാന്തരാക്കി.

അവഗണനയിൽ പ്രതിഷേധിച്ച് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റും വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ കെ.എസ്. മുഹമ്മദ് ഷെഫീക്ക് തിരുവനന്തപുരത്തെ സത്യപ്രതിജ്ഞാ ചടങ്ങ് ബഹിഷ്കരിച്ചു. 10 വർഷത്തിനു ശേഷം യു.ഡി.എഫ് മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കണമെന്ന് തീരുമാനിച്ചതാണെന്നും പ്രിയപ്പെട്ട നേതാക്കൾ മന്ത്രിമാരായതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ആലുവ നിയോജകമണ്ഡലത്തിന് ചരിത്രത്തിലില്ലാത്ത മന്ത്രിസ്ഥാനം ഇത്തവണ ഉറപ്പായും ലഭിക്കുമെന്ന് വിശ്വസിച്ചിരുന്നതായും വീണ്ടും തഴയപ്പെട്ടതിനാലാണ് ബഹിഷ്കരണമെന്നും മുഹമ്മദ് ഷെഫീക്ക് ഫേസ്ബുക്കിൽ കുറിച്ചു.

പ്രതിഷേധക്കാരുടെ ഫേസ്ബുക്ക് കുറിപ്പുകൾക്ക് താഴെ നിരവധി പേർ കമന്റുകളുമായി രംഗത്തെത്തി. അർഹതയ്ക്ക് അംഗീകാരം നൽകിയില്ലെന്നും ലീഗിലായിരുന്നെങ്കിൽ മന്ത്രിയാകാമായിരുന്നു എന്നുമാണ് പ്രതികരണങ്ങൾ. ആദ്യമായി മത്സരിച്ചു ജയിച്ചവരെപ്പോലും മന്ത്രിയാക്കിയിട്ടും നാലാം വട്ടവും വലിയ ഭൂരിപക്ഷത്തിൽ ജയിച്ച അൻവർ സാദത്തിനെ ഒഴിവാക്കിയത് ശരിയായില്ലെന്ന് പലരും ചൂണ്ടിക്കാട്ടി. കളമശേരിയിലെ മുസ്ലീം ലീഗ് മന്ത്രി ആലുവ മണപ്പുറം റോഡിൽ താമസിക്കുന്നതിനാൽ ആലുവയ്ക്ക് മന്ത്രിസ്ഥാനം ലഭിച്ചതായി കരുതാമെന്നും കമന്റുകളുണ്ട്.