പ്ലസ് വൺ പ്രവേശനത്തിൽ ആശങ്ക വേണ്ട, ജില്ലയിൽ വിജയിച്ചവരേക്കാൾ 7431ലേറെ സീറ്റുകൾ അധികം

Wednesday 20 May 2026 3:14 AM IST

കൊച്ചി: എസ്.എസ്.എൽ.സി പരീക്ഷയിൽ വിജയിച്ച വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും പ്ലസ് വൺ പ്രവേശനത്തിൽ ആശങ്ക വേണ്ട. ജില്ലയിൽ ഉപരിപഠനത്തിന് അർഹത നേടിയ കുട്ടികളുടെ എണ്ണത്തേക്കാൾ അധികം പ്ലസ് വൺ സീറ്റുകൾ ലഭ്യമാണ്. വിജയിച്ചവരേക്കാൾ 7,431 സീറ്റുകൾ കൂടുതലുണ്ട്. ഇത്തവണ പരീക്ഷ എഴുതിയ 30,578 വിദ്യാർത്ഥികളിൽ 30,458 പേർ ഉപരിപഠനത്തിന് അർഹത നേടി (99.61%). ജില്ലയിലാകെ 37,889 പ്ലസ് വൺ സീറ്റുകളുണ്ട്. ഇത്തവണ എസ്.എസ്.എൽ.സി വിജയശതമാനത്തിലും എ പ്ലസ് എണ്ണത്തിലും വ്യത്യാസം കാരണം മുൻവർഷങ്ങളിലേതുപോലെ കുട്ടികൾക്ക് പ്രവേശനത്തിന് ബുദ്ധിമുട്ട് നേരിടേണ്ടി വരില്ലെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ വിലയിരുത്തൽ.

ഹയർ സെക്കൻഡറി തലത്തിൽ ജില്ലയിൽ 209 സ്കൂളുകളിലായി ആകെ 651 ബാച്ചുകളുണ്ട്. ഇതിൽ 67 സർക്കാർ സ്കൂളുകളും 92 എയ്‌ഡഡ് സ്കൂളുകളും 45 അൺ എയ്‌ഡഡ് സ്കൂളുകളും ഉൾപ്പെടുന്നു. സാധാരണ സ്കൂളുകൾക്ക് പുറമെ ഒരു സ്പെഷ്യൽ സ്കൂളും ഒരു റസിഡൻഷ്യൽ സ്കൂളും മൂന്ന് ടെക്നിക്കൽ ഹയർസെക്കൻഡറി സ്കൂളുകളും ജില്ലയിലുണ്ട്.

 മുന്നൊരുക്കങ്ങൾ സജീവം

പ്ലസ് വൺ പ്രവേശന നടപടികൾ സുഗമമാക്കുന്നതിനായി ജില്ലയിലെ സ്കൂളുകളിൽ ഹെല്പ് ഡെസ്ക് രൂപീകരണമടക്കമുള്ള മുന്നൊരുക്ക പ്രവർത്തനങ്ങൾ സജീവമായി. അഡ്മിഷൻ സെല്ലുകൾ കേന്ദ്രീകരിച്ചാണ് ഒരുക്കങ്ങൾ. പ്രവേശനവുമായി ബന്ധപ്പെട്ട കൃത്യമായ വിവരങ്ങൾ രണ്ടു ദിവസത്തിനകം ലഭ്യമാകും.

 എ പ്ലസുകാർക്ക് മെറിറ്റ് സീറ്റുകൾ

ജില്ലയിലാകെ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ 2,203 വിദ്യാർത്ഥികളാണുള്ളത്. 1,553 പെൺകുട്ടികളും 650 ആൺകുട്ടികളും. സീറ്റുകളിൽ 24,101 എണ്ണവും ഏകജാലകം വഴി മെറിറ്റ് അടിസ്ഥാനത്തിലാണ് നികത്തുന്നത്. ഉയർന്ന വിജയം നേടിയ കുട്ടികൾക്ക് അവരാഗ്രഹിക്കുന്ന സ്കൂളുകളിലും മുൻനിര സ്ട്രീമുകളിലും മെറിറ്റിൽ പ്രവേശനം ഉറപ്പാക്കാനാവും.

സ്കൂൾ തിരിച്ച് ബാച്ചുകൾ

 എയ്ഡഡ്: 341

 സർക്കാർ: 194

 അൺഎയ്ഡഡ് ബാച്ചുകൾ: 116

ആകെ സീറ്റുകൾ

 സയൻസ് : 21,289

കൊമേഴ്സ്: 11,660

ഹ്യുമാനിറ്റീസ്: 4,940

ജില്ലയിലെ ആകെ പ്ലസ് വൺ സീറ്റുകൾ: 37,889