2000 രൂപ വേണം, ജോലി റെഡി
എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ പേരു പറഞ്ഞും തട്ടിപ്പ്
കണ്ണൂർ: എംപ്ലോയ്മെന്റ് എക്സ്ചേഞ്ചെന്ന വ്യാജേന പണം ആവശ്യപ്പെട്ടുളള ഫോൺ കോളുകൾ ജില്ലയിൽ വ്യാപകം. ജോലിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ടെന്നും എന്നാൽ ചില തടസ്സങ്ങൾ നിലനിൽക്കുന്നതിനാൽ അത് പരിഹരിക്കാൻ 2000 രൂപ ചലാൻ അടക്കണമെന്നുമാണ് തട്ടിപ്പുകാർ ഉദ്യോഗാർത്ഥികളെ പറഞ്ഞ് വിശ്വസിപ്പിക്കുന്നത്. ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് ഓഫീസിൽ ഇതിനോടകം നിരവധി പരാതികളാണെത്തിയത്. തളിപ്പറമ്പ്, തലശേരി, മട്ടന്നൂർ എന്നീ ഓഫിസ് പരിധികളിലും പരാതിയുണ്ട്.
2000 രൂപ പോയാലും ജോലി ലഭിക്കുമല്ലോ എന്ന ആശ്വാസത്തിലാണ് പലരും പണം നൽകുന്നത്. എന്നാൽ പണം നൽകിയതിന് ശേഷം അങ്ങോട്ട് ബന്ധപ്പെട്ടാൽ തിരിച്ച് യാതൊരു മറുപടിയും ലഭിക്കാതായതോടെയാണ് ഉദ്യോഗാർത്ഥികളിൽ പലർക്കും സംശയം തോന്നിയത്. തുടർന്ന് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുമായി ബന്ധപ്പെട്ടപ്പോഴാണ് ഇവർ പറ്റിക്കപ്പെട്ടുവെന്ന് തിരിച്ചറിയുന്നത്. വിവിധ ജില്ലകളിൽ ഇത്തരത്തിൽ ഉദ്യോഗാർത്ഥികൾക്ക് ഫോൺ കോളുകൾ ലഭിക്കുന്നതായി പരാതിയുണ്ട്.
ഇതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന എംപ്ലോയ്മെന്റ് ഡയറക്ടർ തട്ടിപ്പുകളിൽ വീഴരുതെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
തട്ടിപ്പ് ഇങ്ങനെ
ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നിന്നാണെന്ന് പറഞ്ഞ് ഉദ്യോഗാർത്ഥികളെ വിളിക്കും. പ്രൊഫൈലുമായി ബന്ധപ്പെട്ട ജോലിയിലേക്ക് പരിഗണിച്ചിട്ടുണ്ടെന്നും താൽപര്യമുണ്ടോ എന്നും ചോദിക്കും. താത്പര്യമുള്ളവരോട് ജോലി ലഭിക്കാൻ എന്തെങ്കിലും തടസങ്ങൾ അറിയിക്കും. പ്രവർത്തന പരിചയം ആവശ്യമുണ്ട് , കോഴ്സിനൊപ്പം മറ്റൊരു ഡിപ്ലോമ കോഴ്സും പാസായിരിക്കണം എന്നിങ്ങനെ. തുടർന്ന് ഇത് ഓഫിസിൽ നിന്നും പരിഹരിക്കാമെന്നും അതിന് നിശ്ചിത തുക അഡീഷനൽ ഫൈനായി ചലാൻ അടക്കാനും പറയും. 2000 രൂപയാണ് ചലാൻ നിരക്ക്. ഈ തുക അയക്കാൻ ജിപേ നമ്പറും നൽകും. ശേഷം നിങ്ങളെ ഇന്റവ്യൂവിനായി വിളക്കുമെന്ന് പറഞ്ഞ് കോൾ കട്ടാക്കും.
തട്ടിപ്പുകാർക്കെതിരെ ഉദ്യോഗാർത്ഥികൾ ജാഗ്രത പാലിക്കണം. ഔദ്യോഗിക നിയമനങ്ങൾക്ക് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് യാതൊരുവിധ ഫീസും ആവശ്യപ്പെടുന്നില്ല. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് സേവനങ്ങൾ തികച്ചും സൗജന്യമാണ്. പണം ആവശ്യപ്പെട്ടുകൊണ്ട് ഫോൺ സന്ദേശം ലഭിക്കുകയാണെങ്കിൽ വിവരം പൊലീസ് അധികാരികളെ അറിയിക്കണം.
രമേശൻ കുനിയിൽ, ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർ,
സേവനങ്ങൾക്ക്
ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് - 0497 2700831
തളിപ്പറമ്പ് ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് -0460 2209400
തലശ്ശേരി ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് -0490 2327923
മട്ടന്നൂർ ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് -0490 2474700