കൊട്ടാരക്കര- പുത്തൂർ റോഡ്, സംരക്ഷണ കുറ്റികൾ അപകടക്കെണി
കൊട്ടാരക്കര: കൊട്ടാരക്കര-പുത്തൂർ റോഡിൽ കോട്ടാത്തല പണയിൽ ഭാഗത്ത് അശാസ്ത്രീയമായി സ്ഥാപിച്ച സംരക്ഷണ കുറ്റികൾ നീക്കം ചെയ്തില്ല. അപകട സാദ്ധ്യതകൾ ഏറെ. റോഡിന്റെ ടാറിംഗിനോട് ചേർന്നാണ് സംരക്ഷണ കുറ്റികൾ സ്ഥാപിച്ചിട്ടുള്ളത്. രാത്രികാലങ്ങളിലാണ് കൂടുതൽ അപകട സാദ്ധ്യതയുള്ളത്. കുറ്റികളിൽ വാഹനങ്ങളുടെ രാത്രിവെളിച്ചം തട്ടുമ്പോൾ പ്രതിഫലിക്കുന്ന സംവിധാനമോ, പെയിന്റിംഗോ ഇല്ലാത്തതിനാൽ രാത്രികാലങ്ങളിൽ കുറ്റികൾ കാണാനൊക്കില്ല. മഴക്കാലംകൂടിയായതോടെ അപകടങ്ങളെ മാടിവിളിച്ചുകൊണ്ടാണ് ഇവിടെ സംരക്ഷണ കുറ്റികൾ നിലകൊള്ളുന്നത്. കോട്ടാത്തല പത്തടി കിടങ്ങിൽ മുതൽ പണയിൽ ജംഗ്ഷൻ വരെയുള്ള ഭാഗത്താണ് സംരക്ഷണ കുറ്റികൾ സ്ഥാപിക്കാൻ പദ്ധതിയിട്ടത്. ഇതിൽ പണയിൽ ക്ഷേത്രത്തിന്റെ പുതിയ കവാടം മുതൽ പണയിൽ ജംഗ്ഷൻ വരെയും, കിടങ്ങിൽ ഭാഗത്ത് വീട്ടിലൂണ് കടയുടെ ഭാഗത്തുനിന്നും കുറ്റികൾ സ്ഥാപിച്ചിട്ടുള്ളത് തീർത്തും അശാസ്ത്രീയമായിട്ടാണ്. ഇവിടെ തോടിന്റെ ഒരു വശത്ത് തോടാണ്. സംരക്ഷണ ഭിത്തി ഉയർത്തിക്കെട്ടിയ ശേഷം അതിന് മുകളിലാണ് കുറ്റികൾ സ്ഥാപിക്കേണ്ടിയിരുന്നത്. എന്നാൽ ഇവിടെ സംരക്ഷണ ഭിത്തിയിൽ നിന്നും ഒന്നര മീറ്ററിലധികം മാറി ടാറിംഗിനോട് ചേർന്നാണ് സ്ഥാപിച്ചത്. വളവുള്ള ഭാഗമായതിനാൽ വാഹനങ്ങൾ അപകടത്തിൽപ്പെടാൻ സാദ്ധ്യത കൂടുകയാണ്.
പണി മുടങ്ങി, കുറ്റികൾ അപകടാവസ്ഥയിൽ
അശാസ്ത്രീയമായിട്ടാണ് ഇവിടെ സംരക്ഷണ കുറ്റികൾ സ്ഥാപിക്കുന്നതെന്ന് കാട്ടി പണയിൽ ക്ഷേത്ര ട്രസ്റ്റും വിവിധ സംഘടനകളും വ്യക്തികളുമൊക്കെ അധികൃതർക്ക് പരാതി നൽകിയിരുന്നു. ഇതേത്തുടർന്ന് കുറ്റികൾ സ്ഥാപിക്കുന്നത് നിർത്തിവച്ചു. എന്നാൽ സ്ഥാപിച്ചത് നീക്കം ചെയ്യാൻ നടപടി ഉണ്ടായതുമില്ല. അതാണ് അപകടാവസ്ഥയിലുള്ളത്.
കൽക്കെട്ട് ഇടിയും
സംരക്ഷണ കുറ്റികൾ സ്ഥാപിക്കാനായി റോഡിന്റെ വശത്ത് കുഴികൾ നിർമ്മിച്ചിട്ടുണ്ട്. ഇതിൽ മഴവെള്ളം കെട്ടിനിൽക്കയാണ്. അതുകൊണ്ടുതന്നെ റോഡും തോടുമായി ചേരുന്നിടത്തെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതള്ളാൻ സാദ്ധ്യതയുണ്ട്. പണയിൽ ജംഗ്ഷന് സമീപത്ത് കിടങ്ങിൽ ഭാഗത്തായി കുറച്ചുഭാഗത്ത് സംരക്ഷണ ഭിത്തി ഇടിഞ്ഞു തള്ളിയത് ഇന്നലെ കേരള കൗമുദി വാർത്തയായി പ്രസിദ്ധീകരിച്ചിരുന്നു. കൂടുതൽ ഇടിയാൻ വെമ്പിനിൽക്കയാണ്. തോട്ടിലേക്കാണ് കൽക്കെട്ടുകൾ ഇടിഞ്ഞുതള്ളുന്നത്. അത് നീരൊഴുക്ക് തടസപ്പെടുത്തുകയും റോഡ് കൂടുതൽ ഇടിയാനും ഇടയാക്കും. അധികൃതർ വിഷയത്തെ ഗൗരവമായി കാണുന്നില്ലെന്ന ആക്ഷേപവുമുണ്ട്. 20.80 കോടി രൂപയുടേതായിരുന്നു റോഡ് നവീകരണ പദ്ധതി. ഇടയ്ക്ക് മുടങ്ങിയ ശേഷം ഇപ്പോൾ 12.5 കോടി രൂപയ്ക്കാണ് പുതിയ കരാർ നൽകിയത്. കരാർ ഏറ്റെടുത്തവരും ഉദാസീനത കാട്ടുകയാണ്.
-
ആകെ നവീകരണ പദ്ധതി തുക: ₹ 20.80 കോടി
-
പണി മുടങ്ങിയ ശേഷം നൽകിയ പുതിയ കരാർ തുക: ₹ 12.5 കോടി