സ്റ്റേഷൻ വളപ്പിലെ വാഹനങ്ങൾ......... ഏറ്റുമാനൂർക്ക് മാറ്റില്ല : ലേലം ഊർജ്ജിതമാക്കാൻ പൊലീസ്

Tuesday 02 June 2026 12:01 AM IST

കോട്ടയം : പൊലീസ് സ്റ്റേഷനുകളുടെ മുറ്റം പിടിച്ചെടുത്ത വാഹനങ്ങളുടെ ശവപ്പറമ്പായതോടെ ഇവയെല്ലാം ഏറ്റുമാനൂരിലേയ്ക്ക് മാറ്റാൻ തീരുമാനിച്ചെങ്കിലും പദ്ധതി ഉപേക്ഷിച്ചു. ഏറ്റുമാനൂർ സ്റ്റേഷൻ പരിസരത്തെ വിശാലമായ സ്ഥലം കണ്ടെത്തിയെങ്കിലും ഏതെങ്കിലും വാഹനങ്ങൾ നഷ്ടപ്പെട്ടാൽ പൊലീസ് ഉദ്യോഗസ്ഥർക്ക് വിനയാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് തീരുമാനം. തൊണ്ടിമുതൽ, ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ, അപകടങ്ങളിൽപ്പെട്ട വാഹനങ്ങൾ, ലഹരിമരുന്നു കള്ളക്കടത്തുമായി പിടിച്ചെടുത്ത വാഹനങ്ങൾ, എക്‌സൈസ് മോട്ടോർ വാഹന വകുപ്പും പിടിച്ചെടുത്തു കൈമാറുന്ന വാഹനങ്ങൾ എന്നിവയാണു പ്രധാനമായും സ്റ്റേഷൻ കസ്റ്റഡിയിലുള്ളത്. അംബാസിഡർ കാർ മുതൽ ലോറി, ജീപ്പ്, , ഓട്ടോറിക്ഷ, ബൈക്കുകൾ തുടങ്ങിയവയാണ് ഭൂരിഭാഗവും. ഇതിൽ തൊണ്ടിമുതൽ ഒഴികെയുള്ളവ ലേലം ചെയ്ത് വിൽക്കാറുണ്ട്. സ്റ്റേഷൻ ഹൗസ് ഓഫീസർമാരാണ് വാഹനങ്ങൾ സംബന്ധിച്ച കണക്കു സൂക്ഷിക്കുന്നതും മേൽ നടപടികൾ സ്വീകരിക്കുന്നതും. വാഹനങ്ങൾ കുന്നുകൂടിയതോടെയാണ് ഏറ്റുമാനൂരിലേയ്ക്ക് മാറ്റാൻ ജില്ലാ പൊലീസ് തീരുമാനിച്ചത്.

കേസിൾ ഉൾപ്പെട്ട വാഹനങ്ങൾ വില കെട്ടിവച്ച് കൊണ്ടുപോകാൻ ഉടമസ്ഥർ പിന്നീട് ശ്രമിക്കാത്തതാണ് പലപ്പോഴും തിരിച്ചടി. പിടിയിലാകുമ്പോൾ മോട്ടോർ വാഹന വകുപ്പിന്റെ മൂല്യനിർണയത്തിൽ കൂടിയ വിലയായിരിക്കും രേഖപ്പെടുത്തിയിരിക്കുക. എന്നാൽ പിന്നീട് വില കുറയുമ്പോൾ ഉടമസ്ഥർ പഴയ വില കെട്ടിവച്ച് വാഹനം കൊണ്ടുപോകാൻ തയ്യാറാകാറില്ല. തൊണ്ടിമുതൽ ഒഴികെയുള്ളവ ലേലം ചെയ്ത് വിൽക്കാറുണ്ട്. ലേല നടപടികൾ വേഗത്തിലാക്കാനാണ് തീരുമാനം.

നഷ്ടമായാൽ കുടുങ്ങുമെന്ന് പേടി കോടതിയിൽ കേസുള്ള വാഹനങ്ങൾ നഷ്ടപ്പെട്ടാൽ അതിന് പൊലീസ് ഉദ്യോഗസ്ഥരാണ് ഉത്തരവാദികൾ. അതിനാൽ പൊലീസ് സ്റ്റേഷൻ പരിസരത്ത് തന്നെ സൂക്ഷിക്കാനാണ് ഉദ്യോഗസ്ഥർക്ക് താത്പര്യം. തങ്ങളുടെ കൺമുന്നിലുണ്ടാകുമെന്നാണ് വിശ്വാസം. ഏറ്റുമാനൂരേയ്ക്ക് മാറ്റിയാൽ ആർക്കും ഉത്തരവാദിത്വമുണ്ടാവില്ലെന്നതും വെല്ലുവിളിയായി.

പൊലീസ് സ്റ്റേഷൻ വളപ്പുകളിൽ : 1331വാഹനങ്ങൾ

 അഞ്ച് വർഷത്തിന് മുകളിൽ പഴക്കമുള്ളത് : 400