തലപൊക്കി ഡെങ്കി

Wednesday 20 May 2026 12:31 AM IST
d

  • എങ്ങുമെത്താതെ മഴക്കാല പൂർവ്വ ശുചീകരണം

മലപ്പുറം: വേനൽ മാറി മഴയെത്തിയതോടെ ജില്ലയിൽ ഡെങ്കി പനി ബാധിതരുടെ എണ്ണവും വർദ്ധിക്കുന്നു. ഒരാഴ്ചക്കിടെ 28 പേർ രോഗ ലക്ഷണങ്ങളോടെ ചികിത്സ തേടിയപ്പോൾ പത്ത് പേർക്ക് രോഗം സ്ഥിരീകരിച്ചു. കാളികാവ്, ചീക്കോട്, വെട്ടത്തൂർ, ചേലേമ്പ്ര, മുന്നിയൂർ, കരുവാരക്കുണ്ട്, തിരുവാലി, എടവണ്ണ എന്നിവിടങ്ങളിലാണിത്. പ്രതീക്ഷിച്ചതിനേക്കാൾ നേരത്തെ മഴ എത്തിയതോടെ മഴക്കാല പൂർവ്വ ശുചീകരണം മിക്കയിടങ്ങളിലും പൂർത്തിയായിട്ടില്ല. മഴവെള്ളം ഒഴിഞ്ഞുപോവാനാവാതെ ഓടകളിൽ കെട്ടിക്കിടക്കുന്നത് കൊതുകുകൾ പെറ്റുപെരുകാൻ വഴിയൊരുക്കും. ശുദ്ധജലത്തിൽ വളരുന്ന ഈഡിസ് കൊതുകുകളാണ് ഡെങ്കിപ്പനി പടർത്തുന്നത്. സാധാരണ പകൽ സമയത്താണ് ഈ കൊതുകുകളുടെ കടിയേൽക്കുക.

ഡെങ്കി വൈറസ് ശരീരത്തിൽ പ്രവേശിച്ചാൽ അഞ്ച് മുതൽ എട്ട് ദിവസം കൊണ്ടാണ് രോഗ ലക്ഷണം പ്രകടമാവുക. അതിതീവ്രമായ പനി (104 ഡിഗ്രി വരെ), കടുത്ത തലവേദന, കണ്ണുകൾക്ക് പിന്നിൽ വേദന, കടുത്ത ശരീരവേദന, തൊലിപ്പുറത്ത് ചുവന്ന പാടുകൾ, ഛർദ്ദിയും ഓക്കാനാവും തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങൾ. സമയബന്ധിതമായി ചികിത്സ ലഭിച്ചില്ലെങ്കിൽ ഡെങ്കിപ്പനി ജീവൻ വരെ കവരാം. ഡെങ്കിപ്പനിയെ പ്രതിരോധിക്കുന്നതിനുള്ള പ്രധാന മാർഗ്ഗം കൊതുകിന്റെ ഉറവിട നശീകരണമാണ്. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. വെള്ളം കെട്ടിനിൽക്കാൻ അനുവദിക്കരുതെന്നാണ് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്.

കരുതാം ഡെങ്കിയെ

ഡെങ്കി 1, ഡെങ്കി 2, ഡെങ്കി 3, ഡെങ്കി 4 എന്നിങ്ങനെ നാലുതരം അണുക്കളാണ് ഡെങ്കിപ്പനി പരത്തുന്നത്. ഏതെങ്കിലും ഒരു ഇനം വൈറസ് മൂലം ഡെങ്കിപ്പനി വന്ന് ഭേദമായ വ്യക്തിക്ക് തുടർന്ന് മറ്റൊരു ഇനം ഡെങ്കി വൈറസ് മൂലം പനി ബാധിച്ചാൽ രോഗം ഗുരുതരമാകാം.

ശ്രദ്ധിക്കാം ഇവ

  • വെള്ളം കെട്ടിനിൽക്കാൻ സാദ്ധ്യതയുള്ള എല്ലാ വസ്തുക്കളും നീക്കം ചെയ്യുകയും കെട്ടിനിൽക്കുന്ന വെള്ളം ഒഴുക്കിക്കളയുകയും വേണം.
  • വീടുകളുടെ ചുറ്റുപാടിൽ നിന്ന് കുപ്പികൾ, ഉപയോഗശൂന്യമായ പാത്രങ്ങൾ, ബോട്ടിലുകൾ, ടയറുകൾ എന്നിവയെല്ലാം നീക്കം ചെയ്യുക.
  • ടെറസ്, പൂച്ചട്ടി, ഫ്രിഡ്ജിന് പുറകിലുള്ള ട്രേ ഇവിടെ നിന്നെല്ലാം വെളളം നീക്കം ചെയ്യേണ്ടതാണ്.
  • റബർ തോട്ടങ്ങളിലുളള ചിരട്ടകളിൽ കെട്ടിക്കിടക്കുന്ന വെള്ളം ഒഴിച്ചു കളഞ്ഞ് കമഴ്ത്തിവക്കണം.
  • വീട്ടിലും പരിസരത്തും കെട്ടികിടക്കുന്ന വെള്ളം നീക്കം ചെയ്യാനുള്ള ഡ്രൈ ഡേ ആഴ്ചയിലൊരിക്കൽ നിർബന്ധമായും എല്ലാ വീടുകളിലും നടത്തിയിരിക്കണം.
  • കൊതുക് വല ഉപയോഗിച്ചും ശരീരം മുഴുവൻ മൂടുന്ന വസ്ത്രം ധരിച്ചും കൊതുകിനെ അകറ്റുന്ന ലേപനങ്ങൾ ഉപയോഗിച്ചും കൊതുക് കടിയിൽ നിന്ന് രക്ഷ തേടണം.