നെല്ലുസംഭരണ സഹകരണ ശൃംഖല പ്രതിസന്ധിയിൽ
സപ്ലൈകോ കുടിശ്ശിക കുരുക്കായി
വടക്കഞ്ചേരി: ജില്ലയിലെ നെല്ലുസംഭരണ വിലവിതരണ രംഗത്ത് മാതൃകയായിരുന്ന സഹകരണ സംവിധാനം ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുന്നു. സപ്ലൈകോയ്ക്ക് മേൽ കെട്ടിക്കിടക്കുന്ന വൻ കുടിശികയെ തുടർന്ന് പ്രാഥമിക സഹകരണ സംഘങ്ങൾക്ക് പുതിയ വായ്പ അനുവദിക്കാൻ കേരള ബാങ്കിന് കഴിയാത്ത സാഹചര്യമാണ് പ്രതിസന്ധിക്ക് കാരണം. കർഷകരിൽ നിന്ന് നെല്ല് സംഭരിച്ച് സമയബന്ധിതമായി വില നൽകുന്നതിൽ നിർണായക പങ്കുവഹിച്ചിരുന്ന സഹകരണ ശൃംഖല ഇപ്പോൾ പ്രവർത്തന മൂലധനക്ഷാമത്തിൽ അകപ്പെട്ടിരിക്കുകയാണ്. 2022-23 കാലയളവിൽ കർഷകർക്ക് നെല്ല് വില നൽകുന്നതിനായി കേരള ബാങ്ക് മുഖേന സഹകരണ സംഘങ്ങൾ വിതരണം ചെയ്ത വായ്പയിൽ ഏകദേശം 580 കോടി രൂപയാണ് സപ്ലൈകോ തിരിച്ചടയ്ക്കാനുള്ളത്. ഇതിന് പുറമെ പലിശയായി 200 കോടിയോളം രൂപയും കുടിശികയായതോടെ ആകെ ബാധ്യത 780 കോടി രൂപ കടന്നിരിക്കുകയാണ്. റിസർവ് ബാങ്കിന്റെ നിലവിലെ ചട്ടങ്ങൾ പ്രകാരം ഇത്രയും വലിയ കുടിശിക തീർപ്പാക്കാതെയുള്ള സാഹചര്യത്തിൽ അതേ ആവശ്യത്തിനായി വീണ്ടും വായ്പ അനുവദിക്കുന്നത് ബാങ്കിന് നിയമ, സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കുമെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കുന്നത്. ഇതോടെ പുതിയ നെല്ലു സംഭരണ സീസണിൽ സഹകരണ സംഘങ്ങൾക്ക് ആവശ്യമായ ധനസഹായം ലഭിക്കാത്ത അവസ്ഥയാണ്. സപ്ലൈകോ വഴി തുക ഉടൻ ലഭിക്കുമെന്ന പ്രതീക്ഷയിൽ നിരവധി പ്രാഥമിക സഹകരണ സംഘങ്ങൾ സ്വന്തം നിക്ഷേപവും മറ്റ് സാമ്പത്തിക സ്രോതസുകളും ഉപയോഗിച്ചാണ് കർഷകരിൽ നിന്ന് നെല്ല് സംഭരിച്ചിരുന്നത്. മൂന്ന് ദിവസത്തിനകം വായ്പ അനുവദിക്കുമെന്ന ഉറപ്പാണ് ലഭിച്ചത്. എന്നാൽ ഒരു മാസം പിന്നിട്ടിട്ടും വായ്പ ലഭിക്കാത്തതോടെ പല സംഘങ്ങളും കടുത്ത സാമ്പത്തിക പ്രതി സന്ധിയിലായെന്നും ഭാരവാഹികൾ പറയുന്നു. പ്രവർത്തനച്ചെലവുകൾ പോലും നിറവേറ്റാൻ ബുദ്ധിമുട്ടുന്ന ചില സംഘങ്ങൾ ജീവനക്കാരുടെ ശമ്പള വിതരണം വരെ വൈകിപ്പിക്കേണ്ട അവസ്ഥയിലാണ്. സപ്ലൈകോ കുടിശിക തീർപ്പാക്കുന്നതിനായി സർക്കാർ അടിയന്തര ഇടപെടലോ പ്ര ത്യേക ധനസഹായ പാക്കേജോ പ്രഖ്യാപിക്കാത്ത പക്ഷം നെല്ലുസംഭരണ മേഖലയിലെ സഹകരണ മാതൃക തകർച്ച നേരിടുമെന്ന മുന്നറിയിപ്പാണ് ബന്ധപ്പെട്ടവർ ഉയർത്തുന്നത്.