മഴക്കാലപൂർവ്വ ശുചീകരണം, ബാലരാമപുരത്ത് മാലിന്യനീക്കം നിലച്ചു
ബാലരാമപുരം: ബാലരാമപുരം ഗ്രാമപഞ്ചായത്തിൽ മഴക്കാലപൂർവ്വ ശുചീകരണപ്രവർത്തനങ്ങൾക്ക് തുടക്കമിട്ടെങ്കിലും പ്രധാന ജംഗ്ഷനുകളിൽ കെട്ടിക്കിടക്കുന്ന മാലിന്യനീക്കം നിലച്ചെന്ന് പരാതിയുയരുന്നു. ജംഗ്ഷൻ കേന്ദ്രീകരിച്ചുള്ള ഓടകളും വൃത്തിഹീനമായ നിലയിലാണ്. മേൽമൂടി സ്ഥാപിക്കാതെ ഓടകളിൽ നിന്നും അസഹഹീനമായ ദുർഗന്ധം കാട്ടാക്കട റോഡിൽ വ്യാപാരസ്ഥാപനങ്ങൾക്കും വഴിയാത്രക്കാർക്കും വെല്ലുവിളിയായി മാറിയിട്ടുണ്ട്.
തദ്ദേശ സ്വയംഭരണ വകുപ്പ് അനുവദിക്കുന്ന ഫണ്ടും നാഷണൽ റൂറൽ ഹെൽത്ത് മിഷൻ വിഹിതം പതിനായിരം രൂപയും ചേർന്ന് ഓരോ ഗ്രാമപഞ്ചായത്ത് വാർഡുകൾക്ക് മുപ്പതിനായിരം രൂപയാണ് മഴക്കാല ശുചീകരണ പ്രവർത്തനങ്ങൾക്ക് അനുവദിക്കുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, അങ്കണവാടികൾ, വൃദ്ധസദനങ്ങൾ, അലോപ്പതി-ഹോമിയോ- ആയുർവ്വേദം തുടങ്ങി പഞ്ചായത്തിന് കീഴിൽ പ്രവർത്തിക്കുന്ന ആരോഗ്യകേന്ദ്രങ്ങൾ എന്നിവിടങ്ങളിലാണ് ശുചീകരണപ്രവർത്തനങ്ങൾ കാര്യക്ഷമമാക്കേണ്ടത്. വാർഡുതലത്തിൽ ശുചിത്വസമിതികൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും ശുചീകരണപ്രവർത്തനങ്ങൾ മിക്കവാർഡുകളിലും നടക്കുന്നില്ലെന്നാണ് ആക്ഷേപം. സ്വകാര്യവ്യക്തികളുടെ പുരയിടവും സ്കൂൾ പരിസരവുമെല്ലാം കാടുകയറി പാമ്പുകളുടെ താവളമായി മാറിയിരിക്കുകയാണ്.
കഴിഞ്ഞ ഒരു വർഷമായി കാട്ടാക്കട റോഡിൽ മരാമത്ത് ഓട വൃത്തിഹീനമായ നിലയിലാണ്. പുതിയ ഭരണസമിതി അധികാരത്തിലേറിയിട്ടും മരാമത്ത് അധികൃതരുമായി ചർച്ച നടത്തി പ്രശ്നം പരിഹരിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്.
മാലിന്യം കുന്നുകൂടുന്നു
പകർച്ചവ്യാധികൾ തടയുന്നതിന്റെ ഭാഗമായി വർഷാവർഷം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ വഴി നടപ്പാക്കുന്ന മഴക്കാലപൂർവ്വശുചീകരണപ്രവർത്തനങ്ങൾ ബാലാരാമപുരം പഞ്ചായത്തിൽ ആരംഭിച്ചെങ്കിലും മാലിന്യം നീക്കം ചെയ്ത് 48മണിക്കൂർ പിന്നിട്ടപ്പോഴും അതേ സ്ഥലങ്ങളിൽ വീണ്ടും മാലിന്യം കുന്നുകൂടുകയാണ്.
ശുചീകരണം തുടങ്ങിയെന്ന് പഞ്ചായത്ത്
ബാലരാമപുരത്ത് മഴക്കാലപൂർവ്വശുചീകരണ പ്രവർത്തനങ്ങൾ കഴിഞ്ഞ 11ന് ആരംഭിച്ചെന്ന് ബാലരാമപുരം പഞ്ചായത്ത് അധികൃതർ അറിയിച്ചു. ഈ മാസം നാലിന് പഞ്ചായത്ത് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ, ശുചീകരണ പ്രവർത്തകർ, ജനപ്രതിനിധികൾ എന്നിവരുടെ സാന്നിദ്ധ്യത്തിൽ യോഗം ചേർന്നിരുന്നു. വാർഡുതലത്തിൽ ഹരിതകർമ്മസേന, ആശാപ്രവർത്തകർ, തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവരുടെ പങ്കാളിത്തത്തോടുകൂടിയാണ് ശുചീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്.
ശുചീകരണം നടത്തിയ പ്രധാന കേന്ദ്രങ്ങൾ
ബാലരാമപുരം ഹൗസിംഗ് ബോർഡ് പരിസരം
ചാമവിള -ഐത്തിയൂർ റോഡ്
തൊളിയറത്തല- ആർ.സി സ്ട്രീറ്റ്
നെയ്യാറ്റിൻകര റോഡ് ശംഖുമുഖിക്ക് സമീപം
നെയ്യാറ്റിൻകര വഴിമുക്ക് ജുമാമസ്ജിദ്, സഹകരണ ബാങ്ക് പരിസരം
ബാലരാമപുരം കാട്ടാക്കട റോഡ്
കൊടിനട-റിലയൻസ് പമ്പ് പരിസരം