ഗ്രാമങ്ങളിൽ തെരുവ് നായ്ക്കക്കൾ പെരുകുന്നു
വെളളറട: ഗ്രാമങ്ങളിൽ തെരുവ് നായ്ക്കക്കളുടെ എണ്ണം നാൾക്കുനാൾ വർദ്ധിക്കുന്നതായി ആശങ്ക.ഇവയെ പിടികൂടാനും നടപടിയില്ല. മലയോര ഗ്രാമപഞ്ചായത്തുകളിൽ തെരുവ്നായ്ക്കളെ പിടികൂടിയിട്ട് വർഷങ്ങളായി. അലഞ്ഞുതിരിയുന്ന നായ്ക്കൾക്ക് പേവിഷബാധയുണ്ടോയെന്നു പോലും അറിയില്ല. മാലിന്യങ്ങൾ നിക്ഷേപിക്കുന്നിടങ്ങളിലാണ് തെരുവ്നായ്ക്കൂട്ടം കൂടുതൽ.
ഇതുവഴി നടന്നുപോകാൻ നാട്ടുകാർക്ക് പേടിയാണ്. ഇരുചക്ര വാഹനയാത്രക്കാർ അനുഭവിക്കുന്ന ബുദ്ധിമുട്ട് ചില്ലറയല്ല. വാഹനങ്ങൾക്ക് കുറുകെ ചാടുന്നതുകാരണം മിക്കപ്പോഴും അപകടങ്ങളുമുണ്ടാകുന്നു. ഇവയുടെ ക്രമാതീതമായ വർദ്ധനവ് തടയാൻ പെൺപട്ടികളെ പിടികൂടി വന്ധ്യംകരണ ശസ്ത്രക്രിയ ചെയ്യാൻ നടപടി എടുത്തിരുന്നെങ്കിലും അതും ഇപ്പോഴില്ല. മുൻപ് നായ്ക്കളെ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ പിടികൂടി കൊല്ലാൻ നടപടി സ്വീകരിച്ചിരുന്നു. ഇത് മൃഗസ്നേഹികളുടെ ഇടപെടൽ ഉണ്ടായതോടുകൂടി നിലച്ചു.നേരത്തേ പേവിഷ ബാധയേറ്റ് നിരവധിപേർ മരിച്ചസംഭവവും ഉണ്ട്. വീടുകളിൽപോലും നായ്ക്കളെ വളർത്താൻ കഴിയാത്ത അവസ്ഥയാണുള്ളത്. ദിനംപ്രതി ഇവയുടെഎണ്ണം ക്രമാതീതമായി വർദ്ധിക്കുകയാണ്.
മാലിന്യ നിക്ഷേപത്തിന് തടയിടണം
ചന്തകളിലും കശാപ്പുശാല പരിസരങ്ങളിലും കൂട്ടമായി നിൽക്കുന്ന തെരുവുനായ്ക്കളെ കാണാം.
സന്ധ്യകഴിഞ്ഞാൽ ഗ്രാമവീഥികളെല്ലാം തെരുവ് നായ്ക്കളെകൊണ്ട് നിറയുകയാണ്.സ്കൂൾ പരിസരങ്ങളിൽ നായ്ക്കളുടെ ശല്യം കൂടിയതോടെ വിദ്യാർത്ഥികൾ ഭീതിയിലാണ്. ഇതിനെതിരെ നടപടിവെണമെന്നാവശ്യപ്പെട്ട് സ്കൂൾ അധികൃതർ നിവേദനവുമായി ഗ്രാമപഞ്ചായത്ത് അധികൃതരെ സമീപിച്ചിരുന്നു.
നടപടി സ്വീകരിക്കണം
നായ്ക്കൾ പെറ്റുപെരുകുന്നത് തടയാൻ അധികൃതർ ശക്തമായ നടപടി സ്വീകരിക്കണം. ഇതിനു പുറമെ അതിർത്തിയിൽ വ്യാപകമായി തെരുവ് നായ്ക്കളെ വാഹനങ്ങളിൽ കൊണ്ടുവന്ന് തള്ളുന്നതും പതിവാണ്.