പവിഴപ്പുറ്റുകളെയും വർണ ജീവജാലങ്ങളെയും അറിയാൻ രജിസ്റ്റർ;പദ്ധതി ഇന്ത്യയിൽ ആദ്യം
വിഴിഞ്ഞം: കടലിന്റെ അടിത്തട്ടിലുള്ള പാരുകളെക്കുറിച്ചും വർണ ജീവജാലങ്ങളെക്കുറിച്ചും പഠിക്കാൻ രാജ്യത്ത് ആദ്യമായി കടൽ സെൻസസ് നടത്തി. ഫ്രണ്ട്സ് ഒഫ് മറൈൻ ലൈഫാണ് കമ്മ്യൂണിറ്റി മറൈൻ ബയോ ഡൈവേഴ്സിറ്റി രജിസ്റ്റർ തയ്യാറാക്കിയത്. ഇതിന്റെ ഓൺലൈൻ പ്രകാശനം ലോക സമുദ്ര ദിനമായ 8ന് നടക്കും.
ഇതുവരെ തിരിച്ചറിയപ്പെടാത്തതും രേഖപ്പെടുത്താത്തതുമായ പാരുകളെയും ചെറു ജീവികളെയുമാണ് കണ്ടെത്തിയത്. സമുദ്ര പരിസ്ഥിതിയെക്കുറിച്ചുള്ള തീരദേശ സമൂഹങ്ങളുടെ അറിവ് പൊതുജനങ്ങൾക്ക് നൽകുകയാണ് പദ്ധതിയുടെ ലക്ഷ്യം. പത്തുവർഷം നീണ്ടതായിരുന്നു പദ്ധതി. തിരുവനന്തപുരം ജില്ലയിലെ വിവിധ തീരങ്ങളിലെ കടലിന്റെ അടിത്തട്ടിൽ ഏകദേശം 50ഓളം ആവാസ വ്യവസ്ഥകൾ കണ്ടെത്തിയിട്ടുണ്ട്.
കന്യാകുമാരി,കൊല്ലം ജില്ലകളിൽ നിന്നുള്ള 100ലേറെ തരത്തിലുള്ള പവിഴപ്പുറ്റുകളെയും കണ്ടെത്തി. ഇവ സാധാരണക്കാർക്കും ഗവേഷക വിദ്യാർത്ഥികൾക്കും ഉപയോഗ പ്രദമാക്കുന്നതിനാണ് ഓൺലൈൻ രജിസ്റ്റർ. കണ്ടെത്തിയവയിൽ നിരവധി പവിഴപ്പുറ്റുകളെയും മത്സ്യങ്ങളെയും ഇതുവരെയും ശാസ്ത്രീയമായി തിരിച്ചറിഞ്ഞിട്ടില്ലന്ന് ഫ്രണ്ട്സ് ഒഫ് മറൈൻ ലൈഫിന് നേതൃത്വം നൽകുന്ന റോബർട്ട് പനിപിള്ള പറഞ്ഞു. കേരള സർവകലാശാല അക്വാട്ടിക് ബയോളജി,ഫിഷറീസ് വകുപ്പ്,സ്കൂബാ കൊച്ചിൻ,സൗത്ത് ഇന്ത്യൻ ഫെഡറേഷൻ ഒഫ് ഫിഷർമെൻസ് സൊസൈറ്റി,ആഴി ആർക്കൈവ്സ് എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി.