ഭാര്യയെ കൊന്ന് ഭർത്താവിന്റെ ക്രൂരത, കരഞ്ഞുതളർന്ന്, അനാഥരായി നാലുമക്കൾ
കലഹം പതിവ്, രാത്രി ഉറക്കമില്ലാതെ മക്കൾ കുട്ടികളെ ചേർത്തുപിടിച്ച് ആശ്വസിപ്പിക്കാനെത്തിയത് അദ്ധ്യാപകർ
തിരുവനന്തപുരം: നാലാഞ്ചിറയിൽ ഭാര്യയെ കഴുത്തറുത്ത് ഭർത്താവ് കൊലപ്പെടുത്തിയ സംഭവത്തിൽ തീരാനൊമ്പരമായി നാലുമക്കൾ. വീട്ടിൽ നടന്ന സംഭവത്തിന്റെ ഞെട്ടൽ ഇനിയും കുട്ടികളിൽ വിട്ടുമാറിയിട്ടില്ല. അമ്മയെ നഷ്ടപ്പെട്ടതിന് പിന്നാലെ അച്ഛൻ കൊലപാതകിയുമായി. അനാഥരായ കുട്ടികളുടെ മുന്നോട്ടുള്ള ജീവിതം വഴിമുട്ടിയ നിലയിലാണ്.
മരണവാർത്ത അറിഞ്ഞെത്തിയ ബന്ധുക്കളിൽ പലരും കുട്ടികളെ ഇനി ആരുനോക്കുമെന്ന ആശങ്കയാണ് പങ്കുവച്ചത്. ഇന്നലെ പുലർച്ചെ 4.30നാണ് നാലാഞ്ചിറ ഉദിയന്നൂർ ക്ഷേത്രത്തിന് സമീപം കീർത്തിനഗറിൽ (158) തിരുപ്പത്തി ഭവനിൽ ഒറ്റിക്ക് താമസിക്കുന്ന ഹസീന ബീവി (38) കിടപ്പുമുറിയിൽ കൊല്ലപ്പെട്ടത്. പിന്നാലെ ഭർത്താവ് സുരേഷ് കുമാർ രക്ഷപ്പെടുകയും ചെയ്തു. കലഹം പതിവായതിനാൽ കുട്ടികൾക്ക് എന്നും ഉറക്കമില്ലാത്ത രാത്രികളായിരുന്നു. വീട്ടിൽ നിരന്തരം പ്രശ്നങ്ങളാണെങ്കിലും കുട്ടികളെ സുരേഷ് സ്കൂളിൽ കൊണ്ടുവിട്ടിരുന്നു. അതിനാൽ അദ്ധ്യാപകർക്ക് ഇയാൾ പ്രശ്നക്കാരനാണെന്ന് അറിഞ്ഞിരുന്നില്ല.
ഹസീനയുടെയും സുരേഷിന്റെയും ബന്ധുക്കൾക്ക് ഇവരുമായി വലിയ ബന്ധമില്ലാതിരുന്നതിനാൽ മരണവാർത്തയറിഞ്ഞ് ഓടിയെത്താനും അധികംപേരുണ്ടായില്ല. കുട്ടികൾ പഠിക്കുന്ന സ്‌കൂളിലെ അദ്ധ്യാപകരാണ് നാലുപേരെയും ചേർത്തുപിടിച്ച് ആശ്വസിപ്പിച്ചത്. ഇളയ കുട്ടി അനയ കരഞ്ഞുതളർന്ന് അദ്ധ്യാപികയുടെ മടിയിൽ കിടന്നത് കണ്ട പലർക്കും സങ്കടം സഹിക്കാനായില്ല.
കോട്ടൺഹിൽ സ്‌കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയാണ് മൂത്ത മകൾ അമൃത. നാലാഞ്ചിറ സെന്റ് ഗോരേറ്റീസ് ഹൈസ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ് ആനന്ദ്,കുശവർക്കൽ ഗവ.യു.പി സ്‌കൂളിൽ ആറിലും നാലിലുമാണ് റോഷനും അനയയും പഠിക്കുന്നത്. സ്‌കൂൾ തുറന്നിട്ടും രണ്ടുദിവസമായി കുട്ടികൾ എത്താത്തതിനെ തുടർന്ന് ഹസീനയെ കുശവർക്കൽ സ്‌കൂളിലെ അദ്ധ്യാപിക ഫോണിൽ വിളിച്ചിരുന്നു. പനിയാണെന്നും ഭേദമാശേഷം വരുമെന്നും ഹസീന അദ്ധ്യാപികയ്ക്ക് വാട്സാപ്പിൽ ശബ്ദസന്ദേശം അയച്ചിരുന്നു.
ഇളയകുട്ടികളെ നോക്കണം,
തിരിച്ചുവരില്ലെന്ന് സുരേഷ്
സംഭവശേഷം രക്ഷപ്പെട്ട സുരേഷ് മൂത്തമകൾ അമൃതയെ ഫോണിൽ വിളിച്ചു. അച്ഛൻ ഇനി തിരിച്ചുവരില്ലെന്നും ഇളയകുട്ടികളെ നോക്കണമെന്നുമാണ് സുരേഷ് പറഞ്ഞത്. ഈ സമയം മണ്ണന്തല പൊലീസ് വീട്ടിലുണ്ടായിരുന്നു. ഫോണിൽ തിരികെ വിളിച്ചെങ്കിലും ബന്ധപ്പെടാനായില്ല. പോസ്റ്റുമോർട്ടത്തിന് ശേഷം ഹസീനയുടെ മൃതദേഹം വീട്ടിലെത്തിച്ചപ്പോൾ മക്കൾ വാവിട്ട് നിലവിളിച്ചു. ഇവരെ ആശ്വസിപ്പിക്കാൻ കഴിയാതെ അദ്ധ്യാപകരും ബന്ധുക്കളും വിങ്ങിപ്പൊട്ടി.