അത്യാധുനിക ക്രാഷ് ഫയർ ടെൻഡർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ

Thursday 04 June 2026 2:58 AM IST

തിരുവനന്തപുരം: കേരളത്തിലെ ആദ്യത്തെ അത്യാധുനിക ക്രാഷ് ഫയർ ടെൻഡർ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ. വിമാനാപകടത്തെ തുടർന്ന് തീപിടിത്തമുണ്ടാകുന്ന സാഹചര്യങ്ങളിൽ കൂടുതൽ വേഗത്തിലും കാര്യക്ഷമമായും രക്ഷാപ്രവർത്തനം നടത്താൻ സഹായിക്കുന്ന സംവിധാനങ്ങളാണ് ക്രാഷ് ഫയർ ടെൻഡർ വാഹനത്തിലുള്ളത്.

12 കോടിയിലധികം രൂപ വിലവരുന്ന വാഹനത്തിന് വിമാനത്തിന്റെ ക്യാബിനിലേക്കും കാർഗോ വിഭാഗത്തിലേക്കും നേരിട്ട് വെള്ളവും ഫോമും എത്തിച്ച് തീ നിയന്ത്രണ വിധേയമാക്കാനാകും. തെർമൽ ഇമേജിംഗ് ക്യാമറയും സജ്ജീകരിച്ചിട്ടുണ്ട്. 11,300 ലിറ്റർ വെള്ളവും 1,300 ലിറ്റർ ഫോമും വഹിക്കാൻ ശേഷിയുണ്ട്. 16.5 മീറ്റർ ഉയരത്തിലെത്തി രക്ഷാപ്രവർത്തനം സാദ്ധ്യമാക്കും. ജെറ്റ്,സ്പ്രേ മോഡുകളിൽ 85 മീറ്റർ വരെ വെള്ളം ചീറ്റാനും കഴിയും. വാഹനത്തിന്റെ അടിഭാഗത്തും നിലത്തും ഘടിപ്പിച്ചിരിക്കുന്ന പ്രത്യേക നോസിലുകൾ വാഹനം കടന്നുപോകുമ്പോഴും സുരക്ഷ ഉറപ്പാക്കുന്നു.

700 ഹോഴ്‌സ്‌പവർ ശേഷിയുള്ള 16.1 ലിറ്റർ വോൾവോ എൻജിനാണ് വാഹനത്തിന് കരുത്തേകുന്നത്. 30 സെക്കൻഡിൽ താഴെ സമയത്തിൽ 80 കിലോമീറ്റർ വേഗത കൈവരിക്കാനും പരമാവധി 120 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കാനും കഴിയും.