തൃക്കൂർ നർക്കലയിലെ കുന്നിടിക്കൽ: മണ്ണെടുപ്പ് നിറുത്തി വയ്ക്കാൻ ഹൈക്കോടതി ഉത്തരവ്

Friday 22 May 2026 12:14 AM IST
തൃക്കൂര്‍ നര്‍ക്കലയില്‍ കുന്ന് ഇടിച്ച്മണ്ണ്കടത്തുന്നു

കല്ലൂർ: ദേശീയപാതയുടെ നിർമ്മാണത്തിനെന്ന പേരിൽ തൃക്കൂർ നർക്കലയിൽ മാസങ്ങളായി തുടരുന്ന മണ്ണെടുപ്പ് നിറുത്തി വയ്ക്കാൻ ഹൈക്കോടതി ഉത്തരവ്. റബർ കൃഷി നടത്തിയിരുന്ന വലിയൊരു കുന്ന് പൂർണ്ണമായും ഇടിച്ചുനിരത്തിക്കൊണ്ടായിരുന്നു ഇവിടെ മണ്ണെടുപ്പ് നടന്നിരുന്നത്. ഇതിന്റെ ഗുരുതരമായ പാരിസ്ഥിതിക-സാമൂഹിക ദോഷങ്ങൾ ചൂണ്ടിക്കാട്ടി നാട്ടുകാർ ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്നാണ് അനുകൂല ഉത്തരവ്. മാസങ്ങളായി നാട്ടുകാർ വിവിധ അധികാരികൾക്ക് നിവേദനങ്ങൾ നൽകിയിട്ടും യാതൊരുവിധ നടപടിയും ഉണ്ടാകാത്ത സാഹചര്യത്തിലാണ് ജനങ്ങൾ കോടതിയെ സമീപിച്ചത്. മണ്ണെടുപ്പ് മൂലം സമീപ പ്രദേശങ്ങിലെ കിണറുകളിൽ ജലനിരപ്പ് താഴ്ന്നതായും മെക്കാഡം ടാർ ചെയ്ത റോഡ് തകരുന്നതായും നാട്ടുകാർ പറയുന്നു. ദേശീയ പാതയുടെ നിർമ്മാണത്തിനെന്ന പേരിൽ കടത്തികൊണ്ടു പോകുന്ന മണ്ണ് തണ്ണീൽ തടങ്ങൾ നികത്തുന്നതിനും ഉപയോഗിക്കുന്നതായി ആക്ഷേപമുണ്ട്. കേസ് ജൂൺ പത്തിന് വീണ്ടും പരിഗണിക്കും.

പിഴ ചുമത്തി ജിയോളജി വകുപ്പ്

നാട്ടുകാരുടെ നിരന്തരമായ പരാതിയെത്തുടർന്ന് കഴിഞ്ഞ വർഷം നവംബറിൽ ജിയോളജി വകുപ്പ് ഈ പ്രദേശത്ത് പരിശോധന നടത്തിയിരുന്നു. അനുവദിച്ച അളവിനേക്കാൾ കൂടുതൽ മണ്ണ് ഇവിടെനിന്ന് കടത്തിയതായി പരിശോധനയിൽ കണ്ടെത്തി. അനധികൃതമായി കടത്തിയ നാലായിരത്തോളം ടൺ മണ്ണിന് റോയൽറ്റി വിലയായി 7, 81.000 രൂപയും പിഴയായി 50,000 രൂപയും പിഴ ചുമത്തിയിരുന്നു. വീണ്ടും ഖനനം തുടർന്നപ്പോൾ നാട്ടുകാർ ജിയോളജി വകുപ്പിനെ സമീപിച്ചിരുന്നു.