കാത്തിരിപ്പിന് പത്ത് വർഷം; അമ്മയും കുഞ്ഞും ബ്ലോക്ക് പൂട്ടിത്തന്നെ
പുതിയ സർക്കാരിലും മന്ത്രിയിലും എം.എൽ.എയിലും പ്രതീക്ഷ
തൃശൂർ : ദിവസേന മെഡിക്കൽ കോളേജിന് സമാനമായി മൂവായിരത്തിലധികം രോഗികൾ ഒ.പിയിൽ എത്തുന്ന തൃശൂർ ജില്ലാ ജനറൽ ആശുപത്രിയുടെ അടിസ്ഥാന വികസനത്തിന്റെ ഭാഗമായി പത്ത് വർഷം മുമ്പ് നിർമ്മാണം ആരംഭിച്ച 'അമ്മയും കുഞ്ഞും ബ്ലോക്ക്' ഇനിയും അടഞ്ഞുതന്നെ. കെട്ടിടത്തിന്റെ 90 ശതമാനം നിർമ്മാണം പൂർത്തിയായെങ്കിലും ശേഷിക്കുന്ന നിർമ്മാണം നീളുന്നതാണ് പ്രതിസന്ധിക്ക് കാരണം. നിലവിൽ അടിസ്ഥാന സൗകര്യങ്ങളില്ലാതെ, ആശുപത്രിയുടെ പുറകിലെ ഇടുങ്ങിയ കെട്ടിടത്തിലാണ് ഗൈനക്കോളജി, കുട്ടികളുടെ വാർഡ് എന്നിവ പ്രവർത്തിക്കുന്നത്. 13 കോടി രൂപ ചെലവിൽ പി.ഡബ്ല്യു.ഡി നടത്തുന്ന കെട്ടിട നിർമ്മാണം വർഷങ്ങൾ കഴിഞ്ഞിട്ടും പൂർത്തിയാകാത്തതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. കഴിഞ്ഞ വർഷം ജൂലൈയിൽ നിർമ്മാണം പൂർത്തിയാക്കി കോർപറേഷന് കൈമാറുമെന്നായിരുന്നു അധികൃതരുടെ വാഗ്ദാനം. എന്നാൽ ഒരു വർഷം പിന്നിട്ടിട്ടും ഇനിയും പണികൾ ബാക്കിയാണ്. പുതിയ കോർപറേഷൻ ഭരണസമിതി അധികാരമേറ്റയുടൻ അന്നത്തെ ആരോഗ്യ മന്ത്രി വീണ ജോർജിനെ നേരിൽ കണ്ട് നിവേദനം നൽകിയിരുന്നു. എന്നാൽ തുടർനടപടി ഉണ്ടായില്ല. പുതിയ സർക്കാർ നിലവിൽ വന്നതോടെ ആരോഗ്യമന്ത്രി കെ. മുരളീധരനും രാജൻ പല്ലൻ എം.എൽ.എയും ഇടപെട്ട് പദ്ധതി യാഥാർത്ഥ്യമാക്കുമെന്ന പ്രതീക്ഷയിലാണെന്ന് രോഗികൾ പറയുന്നു.
കടമ്പകളേറെ
ലിഫ്റ്റ് ഉൾപ്പെടെയുള്ളവയുടെ നിർമ്മാണം ഇപ്പോഴും അവസാനഘട്ടത്തിലാണ്. ലിഫ്റ്റ് നിർമ്മാണം പൂർത്തിയാകാത്തതും കെട്ടിടത്തിന്റെ മൂന്നാം നിലയിൽ ഫയർ ആൻഡ് സേഫ്റ്റി സംവിധാനം ഒരുക്കണമെന്നതുൾപ്പെടെയുള്ള നിർദ്ദേശങ്ങൾ നിലനിൽക്കുന്നതും മൂലം ഫയർ ഫോഴ്‌സിന്റെ അനുമതി പത്രം ഇനിയും ലഭിച്ചിട്ടില്ല. രണ്ടര വർഷം മുമ്പ് കിഫ്ബി വഴി ജനറൽ ആശുപത്രിയുടെ വികസനത്തിനായി 200 കോടിയോളം രൂപ പ്രഖ്യാപിച്ചിരുന്നു.എന്നാൽ 'അമ്മയും കുഞ്ഞും' ബ്ലോക്കിന്റെ ഉദ്ഘാടനം നടക്കാതെ ആശുപത്രിയിൽ മറ്റ് വികസന പ്രവർത്തനങ്ങൾ സാധ്യമാകില്ലെന്നതാണ് യാഥാർത്ഥ്യം.
ജനറൽ ആശുപത്രിയിലെ പ്രധാന വിഭാഗങ്ങൾ
ജനറൽ മെഡിസിൻ, ഗൈനക്കോളജി, പീഡിയാട്രിക്, ഓർത്തോ, ഇ.എൻ.ടി, ഡെർമറ്റോളജി, സൈക്യാട്രി, ഒഫ്ത്താൽമോളജി, ഓങ്കോളജി, ഫൊറൻസിക് മെഡിസിൻ, കാർഡിയോളജി.
- ജനറൽ ആശുപത്രിയിൽ
- ദിവസവും ഒ.പിയിൽ എത്തുന്നത് 3000 3500
കോർപറേഷൻ ഭരണ സമിതി കഴിഞ്ഞ ഡിസംബറിൽ അധികാരമേറ്റതിന് പിന്നാലെ പൂർത്തീകരണത്തിന് സർക്കാരിനെ സമീപിച്ചിരുന്നു. എന്നാൽ അനുകൂല തീരുമാനം ഉണ്ടായില്ല. പുതിയ ആരോഗ്യ മന്ത്രിയെ നേരിൽ കണ്ട് എത്രയും വേഗം നടപടി സ്വീകരിക്കണമെന്ന് ഉന്നയിച്ച് നിവേദനം നൽകും (ഡോ.നിജി ജസ്റ്റിൻ, മേയർ)