കുമ്മാട്ടി കലുങ്ക് അറ്റകുറ്റപ്പണി തുടങ്ങി, വാഹന ഗതാഗതം ഒരാഴ്ച കഴിഞ്ഞ്
ചാലക്കുടി: മലക്കപ്പാറ റോഡിൽ ആനക്കയത്തിനും അമ്പലപ്പാറയ്ക്കും ഇടയിൽ തകർന്ന കലുങ്ക് അറ്റകുറ്റപ്പണി നടത്തി ഒരാഴ്ചയ്ക്കകം ഗതാഗതം പുനഃസ്ഥാപിക്കാൻ നീക്കം തുടങ്ങി. എട്ടുമാസം മുമ്പ് തകർന്ന കുമ്മാട്ടി കലുങ്കിലാണ് താത്കാലിക ബലപ്പെടുത്തൽ ആരംഭിച്ചത്. അടിഭാഗത്ത് തോട്ടിൽ വലിയ പൈപ്പുകൾ സ്ഥാപിച്ച് അതിനു മുകളിൽ കരിങ്കല്ലും മണ്ണും നിറയ്ക്കും. തുടർന്ന് പുറം ഭാഗത്ത് കോൺക്രീറ്റ് പ്ലാസ്റ്ററിംഗും ചെയ്യും. ഇതിന് ഏഴു ദിവസം വേണ്ടി വരുമെന്ന് പൊതുമരാമത്ത് ഉദ്യോഗസ്ഥർ പറയുന്നു. പഴയ കലുങ്ക് പുതുക്കി നിർമ്മിക്കാൻ നടത്തിയ ശ്രമങ്ങൾ പരാജയപ്പെട്ടതോടെയാണ് തൊട്ടടുത്ത് താത്ക്കാലിക സംവിധാനമുണ്ടാക്കിയത്. ആറ് മടങ്ങ് അധികം തുകയ്ക്കുള്ള ക്വട്ടേഷനുകൾ ലഭിച്ചതോടെ നിർമ്മാണം ആരംഭിക്കാൻ കഴിയാതെ വന്നു. ബദലായി നിർമ്മിച്ച താത്ക്കാലിക പാലമാണ് ഞായറാഴ്ച രാത്രി തകർന്നത്. പഴയ കലുങ്ക് ബലപ്പെടുത്തിയാലും എത്രനാൾ ഇതിനെ ആശ്രയിച്ച് വാഹനങ്ങളെ കടത്തിവിടാൻ കഴിയുമെന്ന് ആർക്കും പറയാൻ കഴിയുന്നില്ല.കാലവർഷത്തിൽ അതിശക്തമായ കുത്തൊഴുക്കുണ്ടായാൽ അത് വീണ്ടും കലുങ്കിന്റെ നിലനിൽപ്പിനെ ബാധിക്കും. അതിരപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. സതീഷ് കുമാറിന്റെ നേതൃത്വത്തിൽ ജനപ്രതിനിധികൾ സ്ഥലം സന്ദർശിച്ചു.
സർവീസ് ബസുകൾ മാത്രം ഇപ്പോൾ സർവീസ് ബസുകൾ ഒഴിച്ചുള്ള എല്ലാ വാഹന ഗതാഗതവും മലക്കപ്പാറ റൂട്ടിൽ നിലച്ചിരിക്കുകയാണ്. ചാലക്കുടിയിൽ നിന്നും വാഴച്ചാൽ വരെയാണ് വിനോദസഞ്ചാരികളുടെ വാഹനങ്ങൾ കടത്തിവിടുന്നത്. തമിഴ്‌നാട്ടിൽ നിന്നും വരുന്ന വാഹനങ്ങൾ മലക്കപ്പാറ ചെക്ക് പോസ്റ്റിൽ തടയും. കെ.എസ്.ആർ.ടി.സി അടക്കം സ്വകാര്യ ബസുകൾ കുമ്മാട്ടിയിൽ വച്ച് യാത്രക്കാരെ ഇറക്കി കട്ടിംഗ് സർവീസ് നടത്തുകയാണ്.