ആശ്വാസം പകർന്ന് നാണയപ്പെരുപ്പം

Thursday 13 March 2025 12:20 AM IST

പലിശ നിരക്ക് വീണ്ടും കുറച്ചേക്കും

കൊച്ചി: രാജ്യത്തെ സാമ്പത്തിക മേഖലയ്ക്ക് ഏറെ ആശ്വാസം പകർന്ന് ഫെബ്രുവരിയിൽ ചില്ലറ വില സൂചിക അടിസ്ഥാനമായ നാണയപ്പെരുപ്പം ഏഴ് മാസത്തിനിടെയിലെ താഴ്ന്ന നിലയായ 3.61 ശതമാനമായി. ജനുവരിയിൽ നാണയപ്പെരുപ്പം 4.31 ശതമാനമായിരുന്നു. ഭക്ഷ്യ ഉത്പന്നങ്ങളുടെ വിലയിലെ കുറവാണ് അനുകൂലമായത്. ഇതോടെ ഏപ്രിൽ ആദ്യ വാരം നടക്കുന്ന റിസർവ് ബാങ്കിന്റെ ധന നയ രൂപീകരണ സമിതിയുടെ അടുത്ത യോഗത്തിൽ മുഖ്യ പലിശ നിരക്ക് അര ശതമാനം വരെ കുറയാൻ സാദ്ധ്യതയേറി. ആറ് മാസത്തിനിടെ ഇതാദ്യമായാണ് ചില്ലറ വില സൂചിക റിസർവ് ബാങ്കിന്റെ സുരക്ഷിത തലമായ നാല് ശതമാനത്തിലും താഴെയെത്തുന്നത്.

ആഗോള മേഖലയിലെ പ്രതിസന്ധികളും ഡൊണാൾഡ് ട്രംപിന്റെ തീരുവ വർദ്ധന ഭീഷണിയും കണക്കിലെടുത്ത് മുഖ്യ പലിശ നിരക്ക് കുറയ്ക്കണമെന്ന് വ്യവസായ ലോകം റിസർവ് ബാങ്കിൽ സമ്മർദ്ദം ശക്തമാക്കിയിരുന്നു. എന്നാൽ നാണയപ്പെരുപ്പം അഞ്ച് ശതമാനത്തിന് അടുത്ത് തുടരുന്നതിനാലാണ് വളരെ കരുതലോടെയാണ് റിസർവ് ബാങ്ക് നീങ്ങിയത്. ഫെബ്രുവരിയിൽ നാണയപ്പെരുപ്പം കുത്തനെ കുറഞ്ഞതിനാൽ ഉദാരമായ നിലപാട് സ്വീകരിക്കാൻ വഴിയൊരുങ്ങുകയാണെന്ന് വിദഗ്ദ്ധർ പറയുന്നു. ഫെബ്രുവരിയിലെ ധന അവലോകന യോഗത്തിൽ റിസർവ് ബാങ്ക് മുഖ്യ നിരക്കായ റിപ്പോ കാൽ ശതമാനം കുറച്ച് 6.25 ശതമാനമാക്കിയിരുന്നു.

വ്യാവസായിക ഉത്പാദനത്തിലും ഉണർവ്

ജനുവരിയിൽ രാജ്യത്തെ വ്യാവസായിക ഉത്പാദന സൂചിക എട്ടു മാസത്തെ ഉയർന്ന തലമായ അഞ്ച് ശതമാനത്തിലെത്തി. ഡിസംബറിൽ വ്യാവസായിക സൂചിക 3.5 ശതമാനമായിരുന്നു. ഏപ്രിൽ മുതൽ ജനുവരി വരെയുള്ള കാലയളവിൽ 4.2 ശതമാനം വർദ്ധനയാണുണ്ടായത്.

ഉത്പാദന വളർച്ച

മാനുഫാക്ചറിംഗ് മേഖലയിൽ 5.5 ശതമാനം

ഖനന മേഖലയിൽ 4.4 ശതമാനം

വൈദ്യുതി രംഗത്ത് 2.4 ശതമാനം