ഫെഡറൽ ബാങ്കിന് 1259 കോടി രൂപ അറ്റാദായം

Thursday 30 April 2026 12:56 AM IST

കൊച്ചി: കഴിഞ്ഞ സാമ്പത്തിക വർഷത്തെ നാലാംപാദത്തിൽ ഫെഡറൽ ബാങ്കിന്റെ മൊത്തം ബിസിനസ് 5,78,503.76 കോടി രൂപയായി ഉയർന്നു. വാർഷിക അറ്റാദായം 4,117.32 കോടി രൂപയാണ്. നാലാംപാദത്തിലെ അറ്റാദായം 20.93 ശതമാനം വളർച്ചയോടെ 1,259.10 കോടി രൂപയിലെത്തി.

വളർച്ച ലക്ഷ്യമിട്ട് ആസൂത്രണം ചെയ്ത പദ്ധതികളിലൂടെ കാര്യക്ഷമമായ പ്രവർത്തനം നടത്താനായെന്ന് ബാങ്കിന്റെ മാനേജിംഗ് ഡയറക്‌ടറും ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറുമായ കെ.വി.എസ് മണിയൻ പറഞ്ഞു. "റീട്ടെയിൽ നിക്ഷേപങ്ങളിൽ ശ്രദ്ധയൂന്നിയും ചെലവേറിയ നിക്ഷേപങ്ങൾ കുറച്ചും കാര്യക്ഷമത വർദ്ധിപ്പിച്ചതാണ് മികച്ച വളർച്ചയ്ക്ക് സഹായിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കാസാ, പ്രവാസി നിക്ഷേപം ഒരു ലക്ഷം കോടി രൂപയിൽ

കാസാ, പ്രവാസി നിക്ഷേപങ്ങൾ ഒരേസമയം ഒരു ലക്ഷം കോടി രൂപയായി ഉയർത്താനായെന്നും കെ.വി.എസ് മണിയൻ വ്യക്തമാക്കി. ബാങ്കിന്റെ മൊത്തം ബിസിനസ് 4.54 ശതമാനം വർദ്ധിച്ച് 5,78,503.76 കോടി രൂപയിലെത്തി. മൂന്നാംപാദത്തിൽ 2,97,795.82 കോടി രൂപയായിരുന്ന നിക്ഷേപം 5.41 ശതമാനം വർദ്ധനവോടെ 3,13,909.39 കോടി രൂപയായി. വായ്പാ വിതരണത്തിലും ബാങ്കിന് മികച്ച മുന്നേറ്റമുണ്ടായി. ആകെ വായ്പ മൂന്നാംപാദത്തിലെ 2,58,910.16 കോടി രൂപയിൽ നിന്ന് 2,68,369.03 കോടി രൂപയായി ഉയർന്നു.

പ്രവാസിനിക്ഷേപം 7.04 ശതമാനം ഉയർന്ന് 1,02,619.69 കോടി രൂപയിലെത്തി. വായ്പകളുടെ 1.62 ശതമാനമാണ് ബാങ്കിന്റെ മൊത്ത നിഷ്ക്രിയ ആസ്തി. അറ്റ നിഷ്ക്രിയ ആസ്തി 0.20 ശതമാനത്തിലേക്ക് താഴ്ന്നു.