
കുടക്: ആനകൾ തമ്മിലുള്ള ഏറ്റുമുട്ടലിനിടയിൽപ്പെട്ട് വിനോദസഞ്ചാരിയായ യുവതിക്ക് ദാരുണാന്ത്യം. കർണകയിലെ കുടക് ജില്ലയിലെ വന്യജീവി സങ്കേതത്തിലാണ് സംഭവം നടന്നത്. ചെന്നൈ സ്വദേശിയായ ജ്യുനേഷ് ദുബാരെയാണ് (33) കൊല്ലപ്പെട്ടത്.
വന്യജീവി സങ്കേതത്തിൽ ആനകളെ കുളിപ്പിക്കുന്നത് നോക്കിനിൽക്കുകയായിരുന്നു ജ്യുനേഷ് ദുബാരെ ഉൾപ്പടെയുള്ള വിനോദസഞ്ചാരികൾ. ഇതിനിടെ കാഞ്ചൻ എന്ന ആന മാർത്താണ്ഡൻ എന്ന മറ്റൊരാനയെ ആക്രമിക്കാൻ തുടങ്ങി. ആനകളെ അനുനയിപ്പിക്കാനുള്ള പാപ്പാന്മാരുടെ ശ്രമം പരാജയപ്പെട്ടു. ഏറ്റുമുട്ടലിനിടെ ആനകളിലൊന്നിന്റെ ബാലൻസ് തെറ്റി ജ്യുനേഷിന്റെ മുകളിലേക്ക് വീഴുകയായിരുന്നു. എഴുന്നേറ്റ് നിൽക്കാനുള്ള ശ്രമത്തിനിടെ ആന യുവതിയെ കൂടുതൽ ചവിട്ടിമെതിച്ചു.
യുവതിയുടെ മരണത്തിൽ കർണാടക വനം-പരിസ്ഥിതി മന്ത്രി ഈശ്വർ ബി ഖണ്ഡ്രെ അനുശോചനം രേഖപ്പെടുത്തി. വന്യജീവി സങ്കേതങ്ങൾക്ക് ചുറ്റും കർശനമായ സുരക്ഷാ പ്രോട്ടോക്കോളുകൾ നടപ്പിലാക്കാൻ ഖണ്ഡ്രെ അധികാരികൾക്ക് നിർദ്ദേശം നൽകി. വന്യജീവി സങ്കേതത്തിലെ ആനകൾക്ക് പരിശീലനം നൽകിയിട്ടുണ്ടെങ്കിലും മൃഗങ്ങളുടെ പെരുമാറ്റം പ്രവചിക്കുന്നത് ബുദ്ധിമുട്ടാണെന്ന് അദ്ദേഹം പറഞ്ഞു. വിനോദസഞ്ചാരികൾ ആനയുടെ തുമ്പിക്കൈയിൽ തൊടുന്നതും ചേർന്ന് നിന്ന് ഫോട്ടോയെടുക്കുന്നതും തടയണമെന്ന് അദ്ദേഹം ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. വിനോദസഞ്ചാരികൾ ആനകളിൽ നിന്നും മറ്റ് വന്യജീവികളിൽ നിന്നും എല്ലായ്‌പ്പോഴും സുരക്ഷിതമായ അകലം പാലിക്കുന്നുവെന്ന് ഉറപ്പാക്കാൻ അദ്ദേഹം ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചു.
കഴിഞ്ഞ മാസം ഛത്തീസ്ഗഡിലെ ഗൗരേല-പേന്ദ്ര-മർവാഹി ജില്ലയിൽ 55കാരനെ കാട്ടാന ചവിട്ടിക്കൊന്നിരുന്നു. തുടർന്നുള്ള ദിവസങ്ങളിലും ആന ഇടഞ്ഞതോടെ പ്രദേശത്ത് പരിഭ്രാന്തി പടർന്നു. മാർച്ചിൽ ഉത്തർപ്രദേശിലെ ബഹ്‌റൈച്ച് ജില്ലയിലെ കടർണിയാഘട്ട് വന്യജീവി സങ്കേതത്തിന് സമീപം 80 വയസുകാരിയെയും ആന ചവിട്ടിക്കൊന്നു. രാവിലെ ഇതേ ആന സമീപത്തെ വയലിൽ കൃഷി നശിപ്പിച്ചതായും ഗ്രാമവാസികൾ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |