
അഹമ്മദാബാദ്: അഹമ്മദാബാദ് വിമാനാപകടത്തിൽ മരിച്ച സീനിയർ പൈലറ്റ് ക്യാപ്റ്റൻ സുമീത് സബർവാളിന്റെ മൃതദേഹം ഇരിപ്പിടത്തിൽ സ്റ്റിയറിംഗിൽ ഇറുക്കി പിടിച്ചിരിക്കുന്ന രീതിയിൽ ആയിരുന്നുവെന്ന് ദൃക്‌സാക്ഷിയുടെ വെളിപ്പെടുത്തൽ. റോമിൻ വൊഹ്‌റയെന്ന യുവാവാണ് അപകടത്തിനുശേഷം മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന സുമീതിന്റെ മൃതദേഹം കണ്ടതിനെക്കുറിച്ച് വെളിപ്പെടുത്തിയത്. അദ്ദേഹത്തിന്റെ പിൻഭാഗം കത്തിക്കരിഞ്ഞ നിലയിലായിരുന്നു. മുൻഭാഗത്തിന് പൊള്ളൽ ഏറ്റിരുന്നില്ല. അദ്ദേഹം ധരിച്ചിരുന്ന വെള്ള യൂണിഫോം ഷർട്ട്, തോളിലെ സ്വർണനിറത്തിലുള്ള വരകൾ, കറുത്ത ടൈ, പാന്റ്സ് എല്ലാം അതുപോലെയുണ്ടായിരുന്നു. ഷൂ ധരിച്ച നിലയിലായിരുന്നു.- റോമിൻ പറഞ്ഞു. മൃതദേഹം വിമാനം നിയന്ത്രിക്കുന്ന സ്റ്റിയറിംഗ് കോളത്തിൽ ഇറുക്കി പിടിച്ചിരിക്കുന്ന രീതിയിലാണ് കാണപ്പെട്ടത്. കോക്ക്പിറ്റിൽ നിന്നും അദ്ദേഹത്തിന്റെ മൃതദേഹം രക്ഷാപ്രവർത്തകർ പുറത്തെടുക്കുമ്പോൾ വിമാനത്തിന്റെ സ്റ്റിയറിംഗ് ഭാഗം ഇളകിവന്നതാകാം എന്നാണ് റോമിൻ പറയുന്നത്.
ദുരന്തത്തിൽ മരണപ്പെട്ടവരുടെ മൃതദേഹങ്ങൾ സൂക്ഷിച്ചിരുന്ന മോർച്ചറിയിൽ നിന്നുള്ള ദാരുണമായ കാഴ്ചകളാണ് അദ്ദേഹം വിവരിച്ചത്. അപകടത്തിൽ റോമിന്റെ അമ്മായി യാഷ്മിൻ, ലണ്ടനിലെ ആമസോണിൽ ജോലി ചെയ്തിരുന്ന സഹോദരൻ പർവേസ്, മൂന്ന് വയസ് മാത്രമുള്ള അനന്തരവൾ എന്നിവർ മരിച്ചിരുന്നു. മോർച്ചറിയിൽ കണ്ട കാഴ്ചകളൊക്കെയും ഹൃദയം നുറുങ്ങുന്നവയായിരുന്നുവെന്ന് റോമിൻ ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ബന്ധുക്കളുടെ മൃതദേഹങ്ങൾ തിരിച്ചറിയാനാണ് റോമിൻ മോർച്ചറിയിലെത്തിയത്. കൊവിഡ് കാലത്ത് അഹമ്മദാബാദ് സിവിൽ ആശുപത്രിയിൽ പാത്തോളജി ലാബ് അസിസ്റ്റന്റായി പ്രവർത്തിച്ച പരിചയത്തിലാണ് മോർച്ചറിക്കുള്ളിൽ റോമിന് പ്രവേശനം ലഭിച്ചത്. പല മൃതദേഹങ്ങളും മോർച്ചറിയുടെ തറയിൽ അരികുകളിലായി കിടത്തിയിരിക്കുന്ന നിലയിലായിരുന്നു. വേർപെട്ട് പോയ തലകളും കൈകാലുകളും, കത്തിക്കരിഞ്ഞ നിലയിൽ സ്വന്തം കുഞ്ഞിനെയും ചേർത്തുപിടിച്ച് കിടക്കുന്ന ഒരു അമ്മയുടെ മൃതദേഹം ഇവയെല്ലാം വേദനിപ്പിക്കുന്ന കാഴ്ചകളായിരുന്നു. ഒരു കൊച്ചുപെൺകുട്ടിയുടെ തലയോട് തന്റെ അന്തരവളുടേതാണോ എന്നറിയാൻ ശ്രമിച്ചത് ഒരിക്കലും മറക്കാൻ കഴിയില്ലെന്നും റോമിൻ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |