SignIn
Kerala Kaumudi Online
Tuesday, 19 May 2026 12.31 AM IST

മരിച്ചെന്ന്   വിധിച്ച് മോർച്ചറിയിലേക്ക് മാറ്റി; മണിക്കൂറുകൾക്ക് ശേഷം പുതപ്പ് വേണമെന്ന് പറഞ്ഞ് ബഹളം വച്ച് യുവാവ്

ai-image-
പ്രതീകാത്മക ചിത്രം

വാഴ്‌സോ: മരണത്തെക്കുറിച്ചും മരണാനന്തര അനുഭവങ്ങളെക്കുറിച്ചും വിചിത്രമായ ഒട്ടേറെ കഥകൾ നമ്മൾ കേട്ടിട്ടുണ്ടാകും. എന്നാൽ അത്തരം കഥകളെയെല്ലാം കാറ്റിൽപ്പറത്തുന്ന ഒരു സംഭവത്തിനായിരുന്നു 2014 നവംബറിൽ പോളണ്ടിലെ ഒരു നാട് സാക്ഷ്യം വഹിച്ചത്. മോർച്ചറിയിലെ തണുത്തുറഞ്ഞ ഫ്രീസറിനുള്ളിൽ നിന്നും ഒരു 'മൃതദേഹം' ജീവനോടെ വിളിച്ച് പറഞ്ഞ ആ വാക്കുകൾ അമ്പരപ്പിക്കുന്നതായിരുന്നു. അന്ന് മരിച്ചെന്ന് ഡോക്ടർമാർ വിധിച്ച് മോർച്ചറിയിലേക്ക് മാറ്റിയ 25കാരൻ മണിക്കൂറുകൾക്ക് ശേഷം ജീവനോടെ എഴുന്നേറ്റു വന്ന സംഭവമാണ് വീണ്ടും സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത്.

പോളണ്ടിലെ കാമിയെന്ന ഗോറ എന്ന സ്ഥലത്താണ് വിചിത്രമായ സംഭവം നടന്നത്. കാമിൽ എന്ന് പേരുള്ള 25കാരൻ സുഹൃത്തുക്കൾക്കൊപ്പം രാത്രിയിൽ അമിതമായി മദ്യപിച്ചതിന് പിന്നാലെ പെട്ടെന്ന് കുഴഞ്ഞുവീണു. വിവരം അറിഞ്ഞെത്തിയ മെഡിക്കൽ എമർജൻസി വിഭാഗം യുവാവിന് ഹൃദയസ്തംഭനം ഉണ്ടായെന്നും ജീവന്റെ ലക്ഷണങ്ങൾ ഇല്ലെന്നും കണ്ടെത്തി. തുടർന്ന് മരണം സ്ഥിരീകരിക്കുകയും ഡോക്ടർമാർ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റുകയുമായിരുന്നു.


കാമിലിന്റെ ശരീരം മോർച്ചറിയിലെ പ്രത്യേക കോൾഡ് സ്റ്റോറേജ് ഫ്രീസറിനുള്ളിലായിരുന്നു സൂക്ഷിച്ചത്. എന്നാൽ കുറച്ചു മണിക്കൂറുകൾക്ക് ശേഷം അവിടെയുണ്ടായിരുന്ന സെക്യൂരിറ്റി ജീവനക്കാരൻ ഫ്രീസർ ബോക്സുകളിൽ ഒന്നിൽ വിചിത്രമായ ചില ശബ്ദങ്ങൾ കേട്ടു. ആദ്യം പ്രേതബാധയാണെന്ന് കരുതി ജീവനക്കാർ ഭയന്നെങ്കിലും ധൈര്യം സംഭരിച്ച് ഫ്രീസറിന്റെ വാതിൽ തുറന്നു. ഏവരെയും ഞെട്ടിക്കുന്നതായിരുന്നു അവിടെ കണ്ട കാഴ്ച. മരിച്ചെന്ന് കരുതിയ കാമിൽ ഇതാ ഫ്രീസറിനുള്ളിൽ ഉണർന്നിരിക്കുന്നു. വാതിൽ തുറന്ന ജീവനക്കാരോട് തനിക്ക് തണുക്കുന്നുണ്ടെന്നും ഉടൻ പുതപ്പ് വേണമെന്നും ആവശ്യപ്പെട്ടു.

വൈദ്യശാസ്ത്രത്തെപ്പോലും ഞെട്ടിച്ച സംഭവം ലോകത്തിലെ നാനാ ഭാഗങ്ങളിലും വലിയ ചർച്ചയായി. അപൂർവ്വങ്ങളിൽ അപൂർവ്വമായി ചില മനുഷ്യരിൽ മരണം സംഭവിച്ചെന്ന് തോന്നുമെങ്കിലും ശരീരത്തിലെ അവയവങ്ങളുടെ പ്രവർത്തനം വളരെ സാവധാനത്തിൽ തുടർന്നു കൊണ്ടിരിക്കാറുണ്ട്.

ഇതിനെ ലാസറസ് പ്രതിഭാസം എന്നാണ് ഗവേഷകർ വിശേഷിപ്പിക്കുന്നത്. അതായത് മരണം സ്ഥിരീകരിച്ച ശേഷം ശരീരത്തിലെ രക്തചംക്രമണം സ്വയം പുനരാരംഭിക്കുന്ന അവസ്ഥയാണിത്. ഹൃദയമിടിപ്പും ശ്വാസവുമൊക്കെ വളരെ കുറവായിരിക്കുന്ന അവസ്ഥയിൽ ചിലപ്പോൾ ആശുപത്രികളിലുള്ള മെഷീനുകൾക്ക് പോലും ജീവന്റെ ലക്ഷണങ്ങൾ കണ്ടെത്താൻ കഴിഞ്ഞെന്ന് വരില്ല.

എന്നിട്ടും കഥ അവസാനിച്ചില്ല, ഇതിലും വലിയൊരു ട്വിസ്റ്റ് പിന്നാലെയുണ്ടായിരുന്നു. മോർച്ചറിയിൽ നിന്നും രക്ഷപ്പെട്ട്, ആശുപത്രിയിലെ പരിശോധനകളൊക്കെ കഴിഞ്ഞ് ചൂട് കാപ്പി കുടിച്ച ശേഷം ശരീരം സാധാരണ നിലയിലായ കാമിൽ നേരെ പോയത് അന്ന് രാത്രി താൻ മദ്യപിച്ചുകൊണ്ടിരുന്ന അതേ പബ്ബിലേക്ക് തന്നെ സുഹൃത്തുക്കളുടെ അടുത്തേക്കായിരുന്നു.വർഷങ്ങൾ കഴിഞ്ഞിട്ടും സമൂഹമാദ്ധ്യമങ്ങളിൽ ഏറ്റവും കൂടുതൽ ഭയവും കൗതുകവുമുണർത്തുന്ന യഥാർത്ഥ സംഭവമായി പോളണ്ടിലെ മോർച്ചറി കേസ് ഇന്നും നിലനിൽക്കുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: VIRALNEWS, LATESTNEWS, MORGUE FRIDGE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360