വേനൽ ചൂടിനെ പ്രതിരോധിക്കാൻ ഖാദി

Sunday 03 May 2026 12:52 AM IST

വസ്ത്രങ്ങൾക്ക് 30ശതമാനം വിലക്കിഴിവ്

കൊച്ചി: വെന്തുരുകുന്ന വേനൽ ചൂടിനെ പ്രതിരോധിക്കാൻ ഖാദി വസ്ത്രം ഉത്തമമാണെന്ന് സംസ്ഥാന ഖാദി ബോർഡ് . തണുപ്പുകാലത്ത് ചൂടും ചൂടുകാലത്ത് തണുപ്പും പ്രദാനം ചെയ്യുന്ന ഖാദിയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കാൻ മേയ് 31വരെ 30ശതമാനം പ്രത്യേക വിലക്കിഴിവ് അനുവദിച്ചതായി ഖാദി ബോർഡ് മെമ്പർ കെ. ചന്ദ്രശേഖരൻ, ഡെപ്യൂട്ടി ഡയറക്ടർ പി.എം.ലൈല എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

ഖാദി പഴയ ഖാദിയല്ല, കുട്ടികൾക്കും മുതിർന്നവർക്കും യുവജനങ്ങൾക്കുമൊക്കെ സ്വീകാര്യമായ ആകർഷകമായ ഡിസൈൻ, റെഡിമെയ്ഡ് തുണിത്തരങ്ങളും ഡോക്ടർ, നഴ്സ്, വക്കീൽ കോട്ടുകളും സംസ്ഥാനത്തെ 200ൽപ്പരം ഖാദി ഷോറൂമുകളിൽ ലഭ്യമാണ്. കൈകൊണ്ട് നെയ്‌തെടുക്കുന്ന വസ്ത്രമായതിനാൽ നൂലിഴകൾക്കിടയിൽ വായുസഞ്ചാരത്തിന് ആവശ്യമായ അകലമുണ്ട്. അതുകൊണ്ടാണ് ഖാദിയെ ശ്വസിക്കുന്ന വസ്ത്രമെന്ന് പറയുന്നത്. പതിനായിരത്തിൽപ്പരം തൊഴിലാളികളുടെ ഉപജീവനമാർഗമാണ് ഖാദി. നിലവിൽ വലിയ കടബാദ്ധ്യതയിൽ മുന്നോട്ടുപോകുന്ന ഈ പരമ്പരാഗത വ്യവസായത്തെ കരകയറ്റാനും നിലനിറുത്താനും എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണയും സഹകരണവും ആവശ്യമാണെന്നും കെ. ചന്ദ്രശേഖരൻ പറഞ്ഞു. ഖാദി ബോർഡ് നേരിട്ട് നടത്തുന്ന മുഴുവൻ ഷോറൂമുകളിലും അംഗീകൃത വ്യാപാരശാലകളിലും ഈ വേനൽക്കാലത്ത് 30ശതമാനം പ്രത്യേക വിലക്കിഴവ് ലഭ്യമാണ്.