എച്ച്.സി.എൽ ജിഗ്‌സോ സമ്മാനപദ്ധതി

Tuesday 19 May 2026 12:35 AM IST

ന്യൂഡൽഹി: സ്‌കൂൾ വിദ്യാർത്ഥികൾക്കിടയിൽ നൈപുണ്യവും നൂതന ആശയങ്ങളും വളർത്തുന്നതിനായി എച്ച്.സി.എൽ ഗ്രൂപ്പ് സംഘടിപ്പിക്കുന്ന പ്രോജക്ട് അധിഷ്ഠിത മത്സരമായ 'എച്ച്.സി.എൽ ജിഗ്‌സോ'യുടെ ഏഴാം പതിപ്പിനുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചു. ആറ് മുതൽ ഒമ്പത് വരെ ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായി നടത്തുന്ന ഈ മത്സരത്തിൽ ആകെ 12 ലക്ഷം രൂപയാണ് സമ്മാനത്തുക. പരമ്പരാഗതമായ ക്വിസ് മത്സരങ്ങൾക്ക് പകരം യഥാർത്ഥ ലോകത്തെ പ്രശ്‌നങ്ങൾ കണ്ടെത്തി അവയ്ക്ക് പരിഹാരം കാണാനുള്ള വിദ്യാർത്ഥികളുടെ കഴിവിനെയാണ് പരിശോധിക്കുന്നത്. എഐ & ഡിജിറ്റൽ ഫ്യൂച്ചർ, ക്ലൈമറ്റ് & സസ്‌റ്റൈനബിലിറ്റി, മെഡിക്കൽ ഇന്നവേഷൻ, റോബോട്ടിക്‌സ് & ഓട്ടോമേഷൻ എന്നിങ്ങനെ ഭാവിയെ മുൻനിർത്തിയുള്ള നാല് തീമുകളിലാണ് മത്സരം. മുൻവർഷങ്ങളിൽ 28 സംസ്ഥാനങ്ങളും എട്ട് കേന്ദ്രഭരണ പ്രദേശങ്ങളും ഉൾപ്പടെ അയ്യായിരത്തിലധികം സ്‌കൂളുകളിൽ നിന്നുള്ള അഞ്ച് ലക്ഷത്തിലധികം വിദ്യാർത്ഥികൾ ഈ മത്സരത്തിന്റെ ഭാഗമാണ്. കുട്ടികൾക്ക് പുസ്തക വിജ്ഞാനത്തിനപ്പുറം ക്രിയാത്മകമായി ചിന്തിക്കാനും പുതിയ കണ്ടുപിടുത്തങ്ങൾ നടത്താനുമുള്ള അവസരമാണിതെന്ന് എച്ച്.സി.എൽ ഗ്രൂപ്പ് സ്ട്രാറ്റജി പ്രസിഡന്റ് സുന്ദർ മഹാലിംഗം പറഞ്ഞു. മത്സരത്തിന്റെ ദേശീയ ഗ്രാൻഡ് ഫിനാലെ നവംബർ 22ന് നടക്കും. താൽപ്പര്യമുള്ള വിദ്യാർത്ഥികൾക്ക് എച്ച്.സി.എൽ ജിഗ്‌സോയുടെ ഔദ്യോഗിക പ്ലാറ്റ്‌ഫോമിലൂടെ രജിസ്റ്റർ ചെയ്യാം.