3.25 ലക്ഷം കോടി! 114 റഫാല്‍ യുദ്ധവിമാനങ്ങള്‍ സ്വന്തമാക്കാൻ സുപ്രധാന നീക്കവുമായി ഇന്ത്യ
ന്യൂഡൽഹി: വ്യോമസേനയുടെ കരുത്ത് വര്‍ദ്ധിപ്പിക്കുന്നതിനായി ഫ്രാൻസിൽ നിന്നും 114 റഫാല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങാനുള്ള നടപടികൾ വേഗത്തിലാക്കി ഇന്ത്യ. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക അഭ്യര്‍ത്ഥനാ കത്ത് ഇന്ത്യ അന്തിമമാക്കിയിട്ടുണ്ടെന്നും അടുത്ത ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ഇത് ഫ്രാന്‍സിന് കൈമാറുമെന്നുമാണ് വിവരം. ഇന്ത്യന്‍ വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ അമര്‍ പ്രീത് സിംഗിന്റെ ഫ്രാൻസ് സന്ദർശനത്തിനിടെയാണ് ഈ നിർണായക നീക്കം.
ഏകദേശം 3.25 ലക്ഷം കോടി രൂപയുടെ കരാർ ഉടൻ പ്രാബല്യത്തിൽ വരുമെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങൾ നൽകുന്ന സൂചന. ഫ്രാൻസുമായുള്ള കരാറിന്റെ ഏറ്റവും വലിയ സവിശേഷത 114 വിമാനങ്ങളിൽ ഭൂരിഭാഗവും ഇന്ത്യയിൽ തന്നെ നിർമ്മിക്കും എന്നതാണ്. ഫ്രഞ്ച് കമ്പനിയായ ദസ്സാൾട്ട് ഏവിയേഷനും ഇന്ത്യൻ കമ്പനിയും സംയുക്തമായി 'മേയ്ക്ക് ഇൻ ഇന്ത്യ' പദ്ധതിക്ക് കീഴിലാകും റഫാൽ യുദ്ധവിമാനങ്ങൾ നിർമ്മിക്കുക.
പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം ഏകദേശം 92 എണ്ണം ഇന്ത്യയിൽ നിർമ്മിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. ബാക്കിയുള്ള വിമാനങ്ങള്‍ ഫ്രാന്‍സില്‍ നിന്ന് നേരിട്ട് പറന്നുയരാന്‍ പാകത്തിലുള്ള അവസ്ഥയില്‍ ഇന്ത്യയിലെത്തിക്കും. റഫാൽ വിമാന നിർമ്മാണത്തിൽ 50 ശതമാനത്തോളം ആഭ്യന്തര സാങ്കേതികവിദ്യകളും ഉൽപന്നങ്ങളും ഉപയോഗിക്കുന്നത് രാജ്യത്തെ വ്യോമയാന മേഖലയുടെ കരുത്ത് വർദ്ധിപ്പിക്കുമെന്നാണ് കരുതുന്നത്.
സംഘർഷ സാദ്ധ്യത നിലനിൽക്കുന്ന മുഴുവൻ മേഖലകളിലും വ്യോമ ആധിപത്യം സ്ഥാപിക്കാനുള്ള ഇന്ത്യൻ വ്യോമസേനയുടെ കഴിവ് വർധിപ്പിക്കുക എന്നതാണ് പുതിയ കരാറിനു പിന്നിലെ ലക്ഷ്യം. ദീർഘദൂര ആക്രമണ ശേഷിയിലൂടെ പ്രത്യേകിച്ച് സേനയുടെ പ്രതിരോധ ശേഷിയെ ഇത് ഗണ്യമായി ശക്തിപ്പെടുത്തുമെന്നാണ് പ്രതീക്ഷ.