SignIn
Kerala Kaumudi Online
Tuesday, 02 June 2026 11.23 AM IST

ഓപ്പറേഷൻ ചെക്ക്‌മേറ്റ്: യുഎസിൽ അനധികൃതമായി ട്രക്ക് ഓടിച്ച 30 ഇന്ത്യക്കാർ പിടിയിൽ, നാടുകടത്താൻ സാദ്ധ്യത

operation-checkmate

വാഷിംഗ്‌ടൺ: അമേരിക്കയിൽ അനധികൃതമായി കൊമേഴ്‌ഷ്യല്‍ ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്തിരുന്ന മുപ്പതോളം ഇന്ത്യൻ പൗരന്മാർ അറസ്റ്റിൽ. ഇവരെ ഉടന്‍ ഇന്ത്യയിലേക്ക് നാടുകടത്തുമെന്നാണ് റിപ്പോര്‍ട്ട്. അമേരിക്കന്‍ റോഡുകളിലെ പൊതുസുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിനും കൊമേഴ്‌ഷ്യല്‍ വാഹനങ്ങള്‍ നിയമവിരുദ്ധമായി ഓടിക്കുന്നവരെ കണ്ടെത്തുന്നതിനുമായി 'ഓപ്പറേഷന്‍ ചെക്ക്‌മേറ്റ്' എന്ന പേരില്‍ നടത്തിയ പരിശോധനയിലാണ് നടപടി.

തിങ്കളാഴ്ച യുഎസ് കസ്‌റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ പുറത്തിറക്കിയ പ്രസ്താവന പ്രകാരം മെയ് 11 നും മെയ് 15 നും ഇടയിൽ അരിസോണയിലെ യുമ സെക്ടറിൽ നടത്തിയ പരിശോധനയിൽ അറസ്റ്റിലായ 36 ട്രക്ക് ഡ്രൈവർമാരിൽ കുറഞ്ഞത് 30 പേരെങ്കിലും ഇന്ത്യൻ പൗരന്മാരാണെന്ന് യുഎസ് അധികൃതർ അറിയിച്ചു.

ബാക്കിയുള്ള ആറ് പേർ മെക്സിക്കോ, എൽ സാൽവഡോർ, റഷ്യ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ്. ഇവരിൽ ചിലർക്ക് കാലിഫോർണിയ, ന്യൂയോർക്ക്, വാഷിംഗ്ടൺ, വെർജീനിയ തുടങ്ങിയ സംസ്ഥാനങ്ങളുടെ കൊമേഴ്‌ഷ്യല്‍ ഡ്രൈവിംഗ് ലൈസൻസുകൾ ഉണ്ടായിരുന്നു. എന്നാൽ മറ്റുള്ളവ‌രുടെ കയ്യിൽ സാധാരണ ലൈസൻസ് പോലുമില്ലായിരുന്നു എന്നാണ് റിപ്പോർട്ട്.

കസ്റ്റഡിയിലെടുത്ത പലരുടെയും പക്കൽ ബൈഡൻ ഭരണകൂടത്തിന്റെ കാലത്ത് ലഭിച്ച തൊഴിൽ അനുമതി രേഖകൾ ഉണ്ടായിരുന്നുവെങ്കിലും അവ കാലാവധി കഴിഞ്ഞതാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. പിടിക്കപ്പെട്ട 52 പേർക്കെതിരെയും ഫെഡറൽ നിയമപ്രകാരം നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും ഇവരെ അമേരിക്കയിൽ നിന്ന് നാടുകടത്തുമെന്നും അധികൃതർ വ്യക്തമാക്കി.

അനധികൃത കുടിയേറ്റത്തിനെതിരെ ട്രംപ് ഭരണകൂടം നടത്തുന്ന വിപുലമായ നടപടികളുടെ ഭാഗമായാണ് ഓപ്പറേഷന്‍ ചെക്ക്‌മേറ്റ്. യോഗ്യതയില്ലാത്ത വിദേശ പൗരന്മാർ യുഎസിൽ കൊമേഴ്സ്യൽ ട്രക്കുകളും ബസുകളും ഓടിക്കുന്നതിനുള്ള ലൈസൻസ് നേടുന്നത് തടയാൻ ലക്ഷ്യമിട്ട് ഗതാഗത വകുപ്പ് നേരത്തെ ഉത്തരവിറക്കിയിരുന്നു. സമീപ മാസങ്ങളിൽ അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ കൊമേഴ്‌ഷ്യല്‍ വാഹനങ്ങൾ ഉൾപ്പെട്ട മാരകമായ റോഡപകടങ്ങളുമായി ബന്ധപ്പെട്ട് ഇന്ത്യൻ വംശജരായ നിരവധി ട്രക്ക് ഡ്രൈവർമാർ അറസ്റ്റിലാകുകയും അവർക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, AMERICA, OPERATION CHECKMATE, US, TRUCK DRIVERS, INDIANS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360