'കുട്ടികൾ തനിച്ച് സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിലും നല്ലത് അവർ പുകവലിക്കുന്നതാണ്', വിവാദ പ്രസ്‌താവനയുമായി ഡെന്മാർക്ക് പ്രധാനമന്ത്രി
കോപ്പൻഹേഗൻ: കുട്ടികളുടെ സമൂഹമാദ്ധ്യമ ഉപയോഗവുമായി ബന്ധപ്പെട്ട് വിവാദ പ്രസ്‌താവന നടത്തി പുലിവാല് പിടിച്ച് ഡെന്മാർക്ക് പ്രധാനമന്ത്രി മെറ്റെ ഫ്രെഡെറിക്‌സൺ. കുട്ടികൾ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിനെക്കാൾ നല്ലത് അവർ പുകവലിക്കുന്നതാണ് എന്നാണ് മെറ്റെ പറഞ്ഞത്. ഡിജിറ്റൽ പ്ളാറ്റ്‌ഫോമുകൾ സൃഷ്‌ടിക്കുന്ന മാനസികാരോഗ്യ ഭീഷണികൾ എത്ര ഗുരുതരമെന്നും യുവാക്കളിലടക്കം അതിന്റെ ദോഷം സൃഷ്‌ടിക്കുന്ന വ്യാപ്‌തി അറിയാൻ സമൂഹം പരാജയപ്പെട്ടുപോയെന്നും മെറ്റെ ആരോപിക്കുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെയും കുട്ടികളുടെ സുരക്ഷയെയും കുറിച്ച് സംഘടിപ്പിച്ച കോൺഫറൻസിലാണ് ഡാനിഷ് പ്രധാനമന്ത്രി തന്റെ അഭിപ്രായം പറഞ്ഞത്.
15 വയസിൽ താഴെയുള്ളവർക്ക് സോഷ്യൽമീഡിയ നിരോധിക്കാൻ ഡെന്മാർക്കിൽ സർക്കാർ നീക്കം ആരംഭിച്ചിട്ടുണ്ട്. സമൂഹമാദ്ധ്യമങ്ങൾ കാരണം ഉണ്ടാകുന്ന ദോഷം ഏറെ ഗൗരവകരമാണ് എന്നും പലരും അതിന്റെ പ്രത്യാഘാതങ്ങളെ കുറച്ചുകാണുന്നെന്ന് മെറ്റെ പറഞ്ഞു. എനിക്ക് ചെറിയ കുട്ടികളുണ്ടെങ്കിൽ അവർ തനിച്ച് സോഷ്യൽ മീഡിയ ലോകത്തായിരിക്കുന്നതിലും അവർ പുകവലിക്കുന്നതാകും ഞാൻ ഇഷ്‌ടപ്പെടുക, പക്ഷെ ഞാൻ പ്രധാനമന്ത്രിയാണ് അതുകൊണ്ട് ഞാനത് പറയില്ല.' മെറ്റെ വ്യക്തമാക്കി. മുതിർന്നവർക്ക് പോലും മനസിലാക്കാനാകാത്ത തരത്തിലാണ് സോഷ്യൽ മീഡിയ കുട്ടികളുടെ ജീവിതത്തെ ബാധിക്കുന്നതെന്നാണ് മെറ്റെ ഫ്രെഡെറിക്‌സൺ പറയുന്നത്.