പൂനെയിൽ വിഷമദ്യ ദുരന്തത്തിൽ പതിനെട്ട് മരണം: നിരവധി പേർ ചികിത്സയിൽ

Friday 29 May 2026 3:20 PM IST

പൂനെ: മഹാരാഷ്ട്രയിലെ പൂനെയിൽ ഉണ്ടായ വിഷമദ്യ ദുരന്തത്തിൽ പതിനെട്ട് പേർ മരിച്ചു. നിരവധി പേർ ചികിത്സയിലാണ്. പിംപ്രി-ചിഞ്ച്‌വാഡിലെ ഫുഗേവാഡി, പൂനെയിലെ ഹഡപ്‌സർ എന്നീ മേഖലകളിലായാണ് മരണങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഫുഗേവാഡിയിൽ മാത്രം 13 പേർക്ക് ജീവൻ നഷ്ടമായി. ചികിത്സയിൽ കഴിയുന്നവരിൽ പലരുടെയും നില ഗുരുതരമാണ്. ഏതാനും പേരുടെ കാഴ്ച ശക്തി നഷ്ടപ്പെട്ടു. മെഥനോൾ കലർന്ന മദ്യമാണ് മരണത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.

സംഭവത്തിൽ വ്യാജമദ്യം വിതരണം ചെയ്ത മുഖ്യപ്രതി യോഗേഷ് വാംഖഡെയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളെ കൂടാതെ ഏഴുപേരെ കൂടി സംഭവവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ദുരന്തത്തിൽ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടു.

കുറ്റകൃത്യത്തിൽ പങ്കാളികളായ ആരെയും വെറുതെ വിടരുതെന്നും കർശന നടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് ആശുപത്രി വൃത്തങ്ങൾ നൽകുന്ന സൂചന.