തമിഴ്‌നാട്ടിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്‌ത 25 വിദേശ പൗരന്മാർ അറസ്റ്റിൽ

Friday 15 May 2026 3:43 PM IST

ചെന്നൈ: തമിഴ്‌നാട് നിയമസഭാതിരഞ്ഞെടുപ്പിൽ വ്യാജ തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ച് വോട്ട് ചെയ്‌ത 25 വിദേശപൗരന്മാർ അറസ്റ്റിലായി. വിദേശ പാസ്‌പോർട്ടുള്ളവരുടെ വിരലുകളിൽ വോട്ട് ചെയ്‌തതിന്റെ മഷി അടയാളം കണ്ടതിനെ തുടർന്ന് ബ്യൂറോ ഒഫ് ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ ഇവരെ തടഞ്ഞുവയ്‌ക്കുകയും പൊലീസിൽ വിവരം അറിയിക്കുകയും ചെയ്‌തു. പിന്നാലെയാണ് ഇവരെ കസ്റ്റഡിയിൽ എടുത്തത്. ഒരാഴ്‌ച മുൻപ് ആരംഭിച്ച പരിശോധന ഇപ്പോഴും തുടരുകയാണ്.

പിടിയിലായവരിൽ ഭൂരിഭാഗവും ശ്രീലങ്കൻ പൗരന്മാരാണ്. എന്നാൽ, ബ്രിട്ടീഷ്, കനേഡിയൻ പൗരത്വമുള്ളവരും ഈ സംഘത്തിലുണ്ട്. തിരഞ്ഞെടുപ്പ് സമയത്ത് നാട്ടിലേക്കെത്തി കള്ളവോട്ട് ചെയ്‌ത വിദേശികളിൽ ഇനിയും ഒട്ടേറെപേർ പിടിയിലാകാനുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥർ സംശയിക്കുന്നു. വിമാനത്താവളത്തിൽ പരിശോധന നടക്കുന്നുണ്ടെന്നറിഞ്ഞ് അവർ രാജ്യത്ത് തന്നെ തുടരുകയാണെന്നാണ് ഉദ്യോഗസ്ഥരുടെ നിഗമനം. കള്ളവോട്ട് ചെയ്‌ത വിദേശികളെ പിടികൂടാനായി ചെന്നൈ, മധുര വിമാനത്താവളങ്ങളിൽ അതീവ ജാഗ്രതാനിർദേശം നൽകിയിട്ടുണ്ട്.

ഇതുസംബന്ധിച്ച വിശദമായ റിപ്പോർട്ട് തിരഞ്ഞെടുപ്പ് കമ്മീഷന് മുൻപാകെ സമ‌ർപ്പിച്ചിട്ടുണ്ട്. 2025-ൽ വോട്ടർ പട്ടികയിൽ നിന്ന് 100 വിദേശികളുടെ പേരുകൾ നീക്കം ചെയ്യാൻ ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടിരുന്നു. ഈ വർഷം വിദേശപൗരത്വമുള്ള 60 പേരുടെ പേരുകൾ വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്‌തിരുന്നു. മറ്റ് രാജ്യങ്ങളിലെ പൗരത്വം സ്വീകരിക്കാത്ത ഇന്ത്യൻ പൗരന്മാർക്ക് മാത്രമേ ഓവർസീസ് ഇലക്‌ടറായി വോട്ട് ചെയ്യാൻ അധികാരമുള്ളു. പ്രവാസി ഇന്ത്യക്കാർക്ക് വോട്ട് ചെയ്യാമെങ്കിലും പോളിംഗ് ബൂത്തിൽ ഒറിജിനൽ ഇന്ത്യൻ പാസ്‌പോർട്ട് ഹാജരാക്കേണ്ടതുണ്ട്.