'വിജയ്‌യുടെ ആ നടപടി ശരിയായില്ല': പോസ്റ്റുമായി നടൻ വിശാൽ

Sunday 17 May 2026 5:53 PM IST

ചെന്നൈ: തമിഴ്നാട്ടിൽ രാജ്മോഹന് സിനിമാ വകുപ്പ് നൽകിയ വിജയ് സർക്കാർ നടപടിയെ വിമർശിച്ച് നടൻ വിശാൽ. സിനിമ സാങ്കേതികവിദ്യ, സിനിമാട്ടോഗ്രാഫ് നിയമം എന്നീ നിർണായക വകുപ്പുകളാണ് രാജ്മോഹന് നല്‍കിയത്. ഇതിനെതിരെയാണ് വിശാൽ രംഗത്തെത്തിയത്.

തമിഴ് സിനിമാ ലോകവുമായി പതിറ്റാണ്ടുകളുടെ ബന്ധമുള്ള വിജയ് തന്നെ ഈ വകുപ്പ് കൈകാര്യം ചെയ്യുന്നതായിരുന്നു അനുയോജ്യമെന്ന് വിശാൽ എക്സില്‍ പങ്കുവെച്ച കുറിപ്പില്‍ വ്യക്തമാക്കി. രാജ്മോഹനെ വ്യക്തിപരമായി അധിക്ഷേപിക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് വ്യക്തമാക്കിയ വിശാൽ സിനിമാ മേഖലയിലെ ദീർഘകാലത്തെ പ്രശ്നങ്ങൾ കൃത്യമായി മനസ്സിലാക്കാൻ മേഖലയിൽ നേരിട്ട് പരിചയസമ്പത്തുള്ള ഒരാളാണ് ആവശ്യമെന്നും അഭിപ്രായപ്പെട്ടു.

തമിഴ് സിനിമാ വ്യവസായം നിലവിൽ വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന് ചൂണ്ടികാട്ടിയ അദ്ദേഹം അടിയന്തര പരിഷ്കാരങ്ങളും സഹായങ്ങളും ആവശ്യമാണെന്നും കൂട്ടിച്ചേർത്തു. സിനിമാ പശ്ചാത്തലമുള്ള വിജയ് ഈ വകുപ്പുകൾ ഏറ്റെടുക്കുന്നതായിരുന്നു സ്വാഭാവികമായ തീരുമാനം. നിലവിലെ സാമ്പത്തിക പ്രതിസന്ധിയിൽ സിനിമാ നിർമാതാക്കളും പ്രൊഡക്ഷൻ ഹൗസുകളും വലിയൊരു പ്രതീക്ഷയ്ക്കായി കാത്തിരിക്കുകയാണെന്നും വിശാൽ പറഞ്ഞു.

എഗ്‌മൂർ മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയാണ് രാജ്മോഹന്‍. വിദ്യാഭ്യാസം, തമിഴ് വികസനം, ഇൻഫർമേഷൻ ആന്റ് പബ്ലിസിറ്റി, പുരാവസ്തു വകുപ്പ്, തമിഴ് സംസ്കാരം എന്നിവയ്ക്കൊപ്പമാണ് സിനിമയുമായി ബന്ധപ്പെട്ട വകുപ്പുകളും വിജയ് രാജ്മോഹന് നൽകിയിരിക്കുന്നത്. അതേസമയം വിശാലിന്റെ പരാമർശങ്ങളിൽ പ്രതികരണവുമായി നടൻ അരുൺ വിജയ് രംഗത്തെത്തി. സർക്കാർ തീരുമാനങ്ങളിൽ ജനങ്ങൾ ഇടപെടരുതെന്ന് ആവശ്യപ്പെട്ട അദ്ദേഹം സിനിമാ മേഖലയിലെ വെല്ലുവിളികളെക്കുറിച്ച് വിജയ്ക്ക് നന്നായി അറിയാമെന്നും വ്യക്തമാക്കി. വിശാലിന്റെ പേര് എടുത്ത് പറയാതെയാണ് അരുൺ വിജയ്‌യുടെ പ്രതികരണം.