അഹമ്മദാബാദ് വിമാനാപകടം: തകർന്ന ബി.ജെ മെഡിക്കൽ കോളജ് ഹോസ്റ്റൽ 105 കോടി ചെലവിൽ പുനർനിർമിക്കും

Thursday 28 May 2026 12:41 PM IST

ഗാന്ധിനഗർ: കഴിഞ്ഞ വർഷം അഹമ്മദാബാദിലുണ്ടായ വൻ വിമാനാപകടത്തിൽ തകർന്ന ബി.ജെ മെഡിക്കൽ കോളജ് ഹോസ്റ്റൽ മന്ദിരം ഗുജറാത്ത് സർക്കാർ പുനർനിർമിക്കും. 105 കോടി രൂപ ചെലവഴിച്ചാണ് അത്യാധുനിക സൗകര്യങ്ങളോടെ പുതിയ ഹോസ്റ്റൽ കെട്ടിടം നിർമിക്കുകയെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

2025 ജൂൺ 12നാണ് എയർ ഇന്ത്യ വിമാനം നിയന്ത്രണം വിട്ട് മേഘാനി നഗറിലെ ബി.ജെ മെഡിക്കൽ കോളജ് ഹോസ്റ്റലിനു മുകളിലേക്ക് തകർന്നു വീണത്. അപകടത്തിൽ ആകെ 260 പേർ മരിച്ചിരുന്നു. (വിമാനത്തിലുണ്ടായിരുന്ന 241 പേരും ഹോസ്റ്റലിലും പരിസരത്തുമായി ഉണ്ടായിരുന്ന 19 പേരും). ദുരന്തം നടന്ന സ്ഥലം അപകടത്തിന്റെ ഓർമയ്ക്കായി സ്മാരകം ആക്കണമെന്ന് മരിച്ചവരുടെ ചില ബന്ധുക്കൾ സർക്കാരിനോട് അഭ്യർഥിച്ചിരുന്നെങ്കിലും വിദ്യാർഥികളുടെ താമസം കണക്കിലെടുത്ത് ഹോസ്റ്റൽ പുനർനിർമിക്കാൻ സർക്കാർ തീരുമാനിക്കുകയായിരുന്നു.

നഷ്ടപരിഹാരമായി എയർ ഇന്ത്യയുടെ ഉടമസ്ഥരായ ടാറ്റ ഗ്രൂപ്പ് 53.12 കോടി രൂപ സർക്കാരിന് വാഗ്ദാനം ചെയ്തിട്ടുണ്ട്. ബാക്കി തുക സംസ്ഥാന സർക്കാർ വകയിരുത്തും. അപകടത്തിനു ശേഷം നടത്തിയ വിദഗ്ധ പരിശോധനയിൽ അവശേഷിക്കുന്ന ഹോസ്റ്റൽ കെട്ടിടങ്ങൾ താമസയോഗ്യമല്ലെന്ന് കണ്ടെത്തിയിരുന്നു. ഇതേത്തുടർന്നാണ് പുനർനിർമാണം. ആധുനിക സൗകര്യങ്ങളോട് കൂടി 236 വിദ്യാർഥികൾക്ക് താമസിക്കാനുള്ള സൗകര്യം പുതിയ ഹോസ്റ്റലിൽ ഒരുക്കും.