ബംഗളൂരുവിലേക്ക് മറ്റൊരു വന്ദേഭാരത് കൂടി; കേരളത്തിലെ ഈ ജില്ലക്കാര്‍ക്കും കോളടിക്കും
ബംഗളൂരു: മംഗളൂരുവില്‍ നിന്ന് ബംഗളൂരുവിലേക്കുള്ള വന്ദേഭാരത് എക്‌സ്പ്രസിന്റെ പരീക്ഷണയോട്ടം ബുധനാഴ്ച നടക്കും. യശ്വന്ത്പൂരില്‍ നിന്ന് മംഗളൂരു സെന്‍ട്രലിലേക്കാണ് ട്രെയിന്‍ സര്‍വീസ് നടത്തുക. എട്ട് കോച്ചുകളുള്ള ട്രെയിനാണ് സര്‍വീസ് നടത്താനായി ഒരുക്കിയിരിക്കുന്നത്. യശ്വന്ത്പൂരില്‍നിന്ന് മംഗളൂരു സെന്‍ട്രല്‍ വരെ ഏകദേശം 8.5 മണിക്കൂറാണ് യാത്രാ സമയം. ഹാസന്‍, ശകലേഷ്പുര്‍, സുബ്രഹ്‌മണ്യ റോഡ് തുടങ്ങിയ സ്റ്റേഷനുകളിലായിരിക്കും ട്രയല്‍ റണ്‍ വേളയില്‍ ട്രെയിന്‍ നിര്‍ത്തുക.
പരീക്ഷണയോട്ടത്തില്‍ യശ്വന്ത്പൂരില്‍നിന്ന് പുലര്‍ച്ചെ ആറ് മണിക്ക് പുറപ്പെടുന്ന ട്രെയിന്‍ 2:40ന് മംഗളൂരു സെന്‍ട്രല്‍ സ്റ്റേഷനില്‍ എത്തിച്ചേരും. മംഗളൂരുവില്‍നിന്ന് 2:45ന് മടങ്ങുന്ന ട്രെയിന്‍ രാത്രി 11 മണിക്ക് യശ്വന്ത്പുരില്‍ തിരികെ എത്തും. രാവിലെ ഒമ്പത് മണിക്ക് ഹാസനില്‍ എത്തിച്ചേരുന്ന വിധത്തിലാണ് പരീക്ഷണയോട്ടം നടക്കുക. തുടര്‍ന്ന് 9:10ന് ഹാസനില്‍നിന്ന് പുറപ്പെട്ട് 9:55ന് ശകലേഷ്പൂരിലും 12:30ന് സുബ്രഹ്‌മണ്യ റോഡിലും എത്തിച്ചേരും. 2:05ന് പാഡിലിലും ട്രെയിന്‍ നിര്‍ത്തും.
കേരളത്തിലൂടെ ട്രെയിന്‍ സര്‍വീസ് നടത്തില്ലെങ്കിലും സംസ്ഥാനത്തെ രണ്ട് ജില്ലകളിലുള്ളവര്‍ക്ക് ഈ ട്രെയിന്‍ സര്‍വീസ് ഉപയോഗപ്പെടുത്താനാകും. ഉത്തരമലബാറില്‍ നിന്ന് ബംഗളൂരുവില്‍ താമസിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും ടെക്കികള്‍ക്കും മംഗളൂരുവില്‍ എത്തിയാല്‍ ഈ ട്രെയിന്‍ സര്‍വീസ് ഉപയോഗിക്കാം. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ നിന്ന് നിരവധി ആളുകള്‍ ബംഗളൂരുവില്‍ തൊഴില്‍, വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി തങ്ങുന്നുണ്ട്.