കരസേനയുടെ ചീറ്റ ഹെലികോപ്ടർ തകർന്നുവീണു; മേജർ ജനറൽ ഉൾപ്പടെ മൂന്നുപേർക്ക് പരിക്ക്, അന്വേഷണത്തിന് ഉത്തരവ്
ലേ: കരസേനയുടെ ചീറ്റ ഹെലികോപ്ടർ തകർന്ന് മേജർ ജനറൽ ഉൾപ്പടെ മൂന്നുപേർക്ക് പരിക്ക്. ലഡാക്കിലെ ലേയിൽ ബുധനാഴ്ചയാണ് അപകടം നടന്നത്. ടാംഗ്സ്റ്റെ മേഖലയിലൂടെ പറന്നുയരുന്നതിനിടെ ഹെലികോപ്ടർ തകർന്നുവീഴുകയായിരുന്നു. അപകടത്തിന്റെ വിവരങ്ങൾ ഇന്നാണ് പുറത്തുവന്നത്. ഹെലികോപ്ടറിലെ മൂന്ന് യാത്രക്കാരും നിസാരപരിക്കുകളോടെ രക്ഷപ്പെട്ടത് അത്ഭുതകരമാണെന്ന് ഒരു ഉദ്യോഗസ്ഥൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. അപകടത്തിന്റെ കാരണം കണ്ടെത്താൻ കോടതി ഉത്തരവിട്ടിട്ടുണ്ട്.
തേർഡ് ഇൻഫൻട്രി ഡിവിഷൻ ജിഒസി സച്ചിൻ മേത്തയുമായി പോയ ഹെലികോപ്ടറാണ് തകർന്നത്. അപകടത്തിന് ശേഷം മേജർ ജനറൽ സച്ചിൻ മേത്ത പകർത്തിയ ചിത്രം സോഷ്യൽ മീഡിയയിൽ വെെറലാണ്. ഇതിൽ മൂവരും കല്ലിന് മുകളിൽ ഇരിക്കുന്നതും സമീപത്ത് ഹെലികോപ്ടർ തകർന്നുകിടക്കുന്നതും കാണാം. വർഷങ്ങൾ പഴക്കമുള്ള ചീറ്റ ഹെലികോപ്ടറുകളുടെ സുരക്ഷ സംബന്ധിച്ച ചർച്ചകൾ നടക്കുന്നതിനിടെയാണ് ഇപ്പോഴത്തെ അപകടം. ഇതിന് മുൻപും ചീറ്റ ഹെലികോപ്ടറുകൾ അപകടത്തിൽപ്പെട്ടിട്ടുണ്ട്.