
ചെന്നൈ: ഗുജറാത്ത് ടൈറ്റൻസിനോടേറ്റ കനത്ത തോൽവിയോടെ ചെന്നൈ സൂപ്പർ കിംഗ്സിന്റെ പ്ലേഓഫ് പ്രതീക്ഷകൾ അവസാനിച്ചു. 2023ലെ കിരീടനേട്ടത്തിന് ശേഷം തുടർച്ചയായ മൂന്നാം സീസണിലാണ് സിഎസ്‌കെ പ്ലേഓഫ് കാണാതെ പുറത്താകുന്നത്. ബാറ്റിംഗിലും ബൗളിംഗിലും ഫീൽഡിംഗിലും ഒരുപോലെ പതറിയ ചെന്നൈയെ വിജയവഴിയിൽ തിരിച്ചെത്തിക്കാൻ മാനേജ്‌മെന്റ് അടിയന്തരമായി ടീമിനെ ഒന്നുകൂടി വാർത്തെടുക്കേണ്ടതായിട്ടുണ്ടെന്നാണ് ക്രിക്കറ്റ് ലോകത്തിന്റെ നിരീക്ഷണം.
പരിചയ സമ്പന്നരായ താരങ്ങളെ ടീമിൽ ഉൾപ്പെടുത്തണമെന്നാണ് മുൻ സിഎസ്‌കെ താരം കൂടിയായ അശ്വിൻ വാദിക്കുന്നത്. തുടർച്ചയായി ഉണ്ടായ പരിക്കുകളും ടീമിന് വലിയ തലവേദനയായി. ഇന്നലെ ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ 17 പന്തിൽ 47 റൺസുമായി തകർത്തടിച്ച ശിവം ദുബെയുടെ പ്രകടനം മാത്രമാണ് ഭേദപ്പെട്ടതായി കാണപ്പെട്ടത്. റാഷിദ് ഖാന്റെ പന്തിൽ ഗുജറാത്ത് ക്യാപ്ടൻ ശുഭ്മൻ ഗിൽ ദുബെയുടെ ക്യാച്ച് പറന്നുപിടിച്ചതോടെ ചെന്നൈ തോൽവി ഉറപ്പിക്കുകയായിരുന്നു.
സഞ്ജുവിന്റെ ഫോമില്ലായ്മ
ചെന്നൈയുടെ തകർച്ചയ്‌ക്കൊപ്പം സീസണിൽ ഏറെ ചർച്ച ചെയ്യപ്പെട്ട ഒന്നാണ് മലയാളി താരം സഞ്ജു സാംസണിന്റെ മോശം ഫോം. മുൻപത്തെ സീസണുകളിൽ സ്ഥിരതയാർന്ന പ്രകടനം നടത്തിയിരുന്ന സഞ്ജുവിന് ഇത്തവണ ബാറ്റിംഗിൽ വലിയ പിഴവുകളാണ് സംഭവിച്ചത്. ഷോട്ടുകൾ തിരഞ്ഞെടുക്കുന്നതിലെ അപാകതയും അനാവശ്യമായി വിക്കറ്റ് വലിച്ചെറിയുന്ന ശൈലിയും സഞ്ജുവിന് മേൽ കടുത്ത വിമർശനങ്ങൾ ഉയർത്തുന്നുണ്ട്. പവർപ്ലേയ്ക്ക് ശേഷം സ്പിന്നർമാർക്കെതിരെ റൺസ് കണ്ടെത്താൻ ബുദ്ധിമുട്ടുന്നതും സഞ്ജുവിന്റെ ബാറ്റിംഗ് തകർച്ചയ്ക്ക് കാരണമായി ചൂണ്ടിക്കാണിക്കാം.

ആവശ്യമുള്ള സമയത്ത് ടീമിനെ പ്രതിസന്ധിയിൽ നിന്നും കരകയറ്റാനുള്ള ആർജ്ജവം സഞ്ജുവിന്റെ ബാറ്റിംഗ് പ്രകടനത്തിൽ കാണാൻ കഴിയുന്നില്ലെന്നാണ് ക്രിക്കറ്റ് നിരീക്ഷകരുടെ പ്രധാന വിമർശനം. കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ ഇന്നിംഗ്സിലെ ആദ്യ പന്തിൽ തന്നെ സഞ്ജു കൂടാരം കയറിയിരുന്നു. രാജസ്ഥാൻ റോയൽസിൽ നിന്നും മാറി സിഎസ്‌കെയിലെത്തി താരം സെഞ്ച്വറി അടിച്ച് തിളങ്ങിയെങ്കിലും ടീമിന്റെ പിന്നീടുള്ള കുതിപ്പിന് സഞ്ജുവിന്റെ പ്രകടനങ്ങൾകൊണ്ട് കാര്യമായ പിന്തുണ നൽകാൻ കഴിഞ്ഞിരുന്നില്ല.
ബാറ്റിംഗിലെ സ്ഥിരതയില്ലായ്മയാണ് താരത്തിന്റെ ഏറ്റവും വലിയ പിഴവായി ചൂണ്ടിക്കാണിക്കുന്നത്. ഈ സീസണിലെ 14 മത്സരങ്ങളിൽ നിന്ന് 477 റൺസാണ് താരം അടിച്ചുകൂട്ടിയത്. ചെന്നൈയ്ക്ക് വേണ്ടി ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമെന്ന ബഹുമതി ഈ സീസണിൽ സഞ്ജു സ്വന്തമാക്കിയെങ്കിലും ടീമിന്റെ മുന്നോട്ടുള്ള പോക്കിന് ഇത് സഹായകമായില്ല എന്നതാണ് മറ്റൊരു വസ്തുത.
ടീം രൂപീകരിച്ചതിലെ പാളിച്ചകൾ
ക്രിക്കറ്റ് ലോകം കണ്ട ഏറ്റവും മികച്ച ക്യാപ്ടൻമാരിൽ ഒരാളാണ് എം.എസ്. ധോണി. സിഎസ്‌കെയുടെ വിജയങ്ങളാണ് അദ്ദേഹത്തിന്റെ മികച്ച നേതൃത്വത്തിനുള്ള ഏറ്റവും വലിയ തെളിവ്. ടീമിൽ പലപ്പോഴും കുറവുകളുണ്ടായിരുന്നിട്ടും, താരങ്ങളിൽ നിന്ന് ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാനും ടീമിനെ കിരീടത്തിലേക്ക് നയിക്കാനും ധോണിക്ക് കഴിഞ്ഞിരുന്നു. എന്നാൽ എല്ലാവർക്കും ധോണിയാകാൻ കഴിയില്ലല്ലോ. അതുകൊണ്ട് തന്നെ ഋതുരാജ് ഗെയ്‌ക്‌വാദിനെപ്പോലെ പരിചയസമ്പത്ത് കുറഞ്ഞ ഒരു ക്യാപ്ടന് ടീം മാനേജ്‌മെന്റിന്റെ ഭാഗത്തുനിന്ന് പൂർണ പിന്തുണ നൽകേണ്ടതുണ്ട്.

സീസണിന്റെ തുടക്കത്തിൽ വെറും രണ്ട് വിദേശ കളിക്കാരെ മാത്രം ഉൾപ്പെടുത്തി ചെന്നൈ ഒരു മത്സരം കളിച്ചിരുന്നു. ലേലത്തിൽ തങ്ങൾ വാങ്ങിയ കളിക്കാരിൽ മാനേജ്‌മെന്റിന് ഒട്ടും വിശ്വാസമില്ലായിരുന്നു എന്നാണ് ഇത്തരം അബദ്ധങ്ങൾ കാണിക്കുന്നതിലൂടെ നോക്കിക്കാണേണ്ടത്. ഈ സീസണിൽ യുവതാരങ്ങളെ വളർത്തിയെടുക്കാനാണ് സിഎസ്‌കെ ശ്രമിച്ചതെങ്കിലും ലേലത്തിൽ പാളിച്ചകൾ പറ്റിയിരുന്നു. രവീന്ദ്ര ജഡേജയെ ടീമിൽ നിന്ന് റിലീസ് ചെയ്‌തതോടെ മികച്ചൊരു സ്പിൻ ബൗളറെയും ലോവർ ഓർഡർ ഫിനിഷറെയുമാണ് ചെന്നൈയ്ക്ക് നഷ്ടമായത്. ഇതിന് പകരക്കാരെ കണ്ടെത്താൻ മാനേജ്‌മെന്റിന് കഴിഞ്ഞതുമില്ല.
ധോണിക്ക് പരിക്കേൽക്കുക കൂടി ചെയ്തതോടെ, ഡെത്ത് ഓവറുകളിൽ തകർത്തടിക്കാൻ ശേഷിയുള്ള ബാറ്റർമാരില്ലാതെയും സ്പിൻ ബൗളിംഗിൽ പിന്തുണയില്ലാതെയും ടീം ബുദ്ധിമുട്ടി. ഇതേത്തുടർന്ന്, ശിവം ദുബെയ്ക്ക് തനിക്ക് വഴങ്ങാത്ത ലോവർ ഓർഡർ റോളിലേക്ക് ഇറങ്ങേണ്ടി വന്നു. അവിടെ തിളങ്ങാൻ ദുബെ പാടുപെട്ടത് ടീമിന്റെ മദ്ധ്യനിരയെ ദുർബലപ്പെടുത്തുകയും മൊത്തത്തിലുള്ള ടീം കോമ്പിനേഷനെ ബാധിക്കുകയും ചെയ്തു. ടീമിന്റെ ഇത്തരം പോരായ്മകളെ മറികടക്കാൻ ധോണിക്ക് അസാമാന്യ കഴിവുണ്ടായിരുന്നു. എന്നാൽ എല്ലാ ക്യാപ്ടന്മാർക്കും അത് സാധിക്കണമെന്നില്ല. അതുകൊണ്ട്, അടുത്ത സീസണിലേക്ക് തയ്യാറെടുക്കുമ്പോഴെങ്കിലും ടീമിന്റെ നിലനില്പ്പ് മുന്നിൽ കണ്ട് മികച്ച കളിക്കാരെ തിരഞ്ഞെടുക്കുന്നതിൽ സിഎസ്‌കെ കൂടുതൽ ശ്രദ്ധ പുലർത്തേണ്ടതുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |