സി.ബി.എസ്.ഇ ചെയർമാനെയും സെക്രട്ടറിയെയും മാറ്റി,​ മുഖം രക്ഷിക്കാൻ കേന്ദ്ര നടപടി

Wednesday 03 June 2026 12:40 AM IST

ന്യൂഡൽഹി: സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് ഉത്തരക്കടലാസ് മൂല്യനിർണയത്തിലുൾപ്പെടെ തുടരെത്തുടരെയുള്ള വീഴ്ചകളിൽ മുഖം രക്ഷിക്കാൻ നടപടിയെടുത്ത് കേന്ദ്ര സർക്കാർ. സി.ബി.എസ്.ഇ ചെയർമാൻ രാഹുൽ സിംഗ്, സെക്രട്ടറി ഹിമാൻഷു ഗുപ്‌ത എന്നിവരെ തത്‌സ്ഥാനങ്ങളിൽ നിന്ന് നീക്കി. വിവാദങ്ങൾ സി.ബി.എസ്.ഇയുടെ വിശ്വാസ്യതയെ തന്നെ ബാധിക്കുമെന്ന ഘട്ടമെത്തിയതോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെട്ട് നടപടി നിർദ്ദേശിക്കുകയായിരുന്നു എന്നാണ് വിവരം.

ആഭ്യന്തര മന്ത്രാലയത്തിൽ അഡിഷണൽ സെക്രട്ടറിയായിരുന്ന ലോഖണ്ഡെ പ്രശാന്ത് സീതാറാമിനെ പുതിയ ചെയർമാനായി നിയമിച്ചു. ഐ.എ.എസ് ഉദ്യോഗസ്ഥൻ വരുൺ ഭരദ്വാജ് സെക്രട്ടറിയാകും. ചെയർമാനായിരുന്ന രാഹുൽ സിംഗിനെ കൃഷി മന്ത്രാലയത്തിലേക്കും ഹിമാൻഷു ഗുപ്തയെ ആഭ്യന്തരമന്ത്രാലയത്തിലേക്കുമാണ് മാറ്റിയത്.

പരീക്ഷകൾ, ഭരണം, ദൈനംദിന പ്രവർത്തനങ്ങൾ എന്നിവ നേരിട്ട് നിയന്ത്രിക്കുന്നത് ചെയർമാനും സെക്രട്ടറിയുമാണ്. ഓൺ സ്ക്രീൻ മാർക്കിംഗ് (ഒ.എസ്.എം) പരിഷ്‌കാരത്തിലെ വീഴ്‌ച, പുനർമൂല്യ നിർണയത്തിന് അപേക്ഷിക്കേണ്ട വെബ് പോർട്ടലിലെ തുടരെയുള്ള സാങ്കേതിക തടസങ്ങൾ എന്നിവ വിദ്യാർത്ഥികളെ വലയ്ക്കുകയും വലിയ വിവാദം ഉണ്ടാകുകയും ചെയ്തതോടെയാണ് കേന്ദ്രനടപടി.

ഒ.എസ്.എം കരാറിലെ ക്രമക്കേട് കേന്ദ്ര കപ്പാസിറ്റി ബിൽഡിംഗ് കമ്മിഷൻ ചെയർപേഴ്സൺ എസ്.രാധാ ചൗഹാൻ അന്വേഷിക്കും. ഒരുമാസത്തിനകം പ്രധാനമന്ത്രിയുടെ കീഴിലുള്ള പേഴ്സണൽ ആൻഡ് ട്രെയിനിംഗ് വകുപ്പിന് റിപ്പോർട്ട് കൈമാറണമെന്നാണ് നിർദ്ദേശം.

അതേസമയം, ഇന്നലെ പ്രവർത്തനക്ഷമമായ പുനർമൂല്യ നിർണയ അപേക്ഷയ്‌ക്കുള്ള വെബ് പോർട്ടൽ നിരന്തര സൈബർ ആക്രമണത്തിന് വിധേയമായി. മിനിട്ടുകൾകൊണ്ട് സൈറ്റിലേക്ക് അനധികൃതമായി പ്രവേശിക്കാൻ ഒരുലക്ഷത്തിലധികം ശ്രമങ്ങൾ നടന്നു. എങ്കിലും സൈറ്റ് കാര്യക്ഷമമായി പ്രവർത്തിച്ചു.

മന്ത്രിയുടെ നില പരുങ്ങലിൽ

കേന്ദ്ര മന്ത്രിസഭാ പുനഃസംഘടന ആസന്നമായിരിക്കെ, വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാനെ മാറ്റുമെന്ന അഭ്യൂഹം ശക്തം. ഒ.എസ്.എം കരാർ നേടിയ ഹൈദരാബാദ് ആസ്ഥാനമായ കോയെംപ്‌റ്റ് എഡ്യൂടെക്കിനായി ടെൻഡർ വ്യവസ്ഥകളിൽ ഗുരുതര ക്രമക്കേട് നടന്നെന്ന് ആരോപണമുണ്ട്. കമ്പനിയുടെ ഉടമകളുമായുള്ള മന്ത്രിയുടെ അടുപ്പവും വിവാദമായിരുന്നു. ഒ.എസ്.എം ക്രമക്കേട് പുറത്തുവന്ന സാഹചര്യത്തിൽ പഴയ രീതിയിൽ മൂല്യനിർണയം നടത്തണമെന്ന് ആവശ്യപ്പെട്ട് എൻ.എസ്.യു.ഐ ഡൽഹി ഹൈക്കോടതിയിൽ ഹർജി നൽകി.

ടെൻഡർ ക്രമക്കേടുകൾ

ചൂണ്ടിക്കാട്ടി വിദ്യാർത്ഥി

□ഒ.എസ്.എം ടെൻഡറിലെ ക്രമക്കേടുകൾ സമൂഹ മാദ്ധ്യമങ്ങളിൽ ചർച്ചയാക്കിയ 12-ാം ക്ളാസ് വിദ്യാർത്ഥി സാർത്ഥക് സിദ്ധാന്ത് ഇന്നലെ വിദ്യാഭ്യാസത്തിനുള്ള പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റി മുമ്പാകെ മൊഴി നൽകി. ടെൻഡറിൽ 15ഓളം പൊരുത്തക്കേടുകളാണ് സാർത്ഥക് ചൂണ്ടിക്കാട്ടിയത്

□ഒ.എസ്.എം സ്‌കാനിംഗ് കരാർ നൽകാൻ സേവന ദാതാവ് മോശം പ്രകടനം കാഴ്ചവച്ചാൽ അയോഗ്യനാക്കുമെന്ന വ്യവസ്ഥ മാറ്റിയെന്ന് സാർത്ഥക്

□ഒ.എസ്.എം വിവാദം പരിശോധിക്കുന്ന സ്റ്റാൻഡിംഗ് കമ്മിറ്റി പ്രശ്‌ന ബാധിത വിദ്യാർത്ഥികൾക്കൊപ്പം ഉദ്യോഗസ്ഥരെയും വിളിച്ചുവരുത്തി മൊഴിയെടുത്തു