പ്ലസ് ടു ഓൺ സ്ക്രീൻ മാർക്കിംഗ്: വിവാദ കമ്പനിക്ക് കരാർ നൽകിയത് ഉഡായിപ്പ് വഴികളിലൂടെ, ട്രയൽ റണ്ണിൽ കണ്ടത് പിഴവുകൾ മാത്രം
ന്യൂഡൽഹി: ഓൺ സ്ക്രീൻ മാർക്കിംഗിന് വിവാദ കമ്പനിയായ കോ എംപ്റ്റ് എഡ്യുടെക്കിനെ സിബിഎസ്ഇ തിരഞ്ഞെടുത്തത് വളഞ്ഞവഴികളിലൂടെയാണെന്ന് റിപ്പോർട്ട്. നേരത്തേ കരിമ്പട്ടികയിൽ ഉൾപ്പെട്ടിരുന്ന കമ്പനിയെ ആ വിവരങ്ങളെല്ലാം മറച്ചുവച്ചാണ് അധികൃതർ തിരഞ്ഞെടുത്തതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
തെലുങ്കാനയിലെ ഹൈദരാബാദ് ആസ്ഥാനമായ കമ്പനി തെലങ്കാനയിൽ 2019ലെ പ്ലസ് ടു പരീക്ഷയിൽ നടപ്പാക്കിയ പരീക്ഷണങ്ങൾ അപ്പടി പാളുകയും വിദ്യാർത്ഥികളെ വലിയ രീതിയിൽ ബാധിക്കുകയും ചെയ്തിരുന്നു. ഇതിനെത്തുടർന്നാണ് കമ്പനിയെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയത്. ഗ്ലാേബറീന എന്ന പേരിലായിരുന്നു കമ്പനി അപ്പോൾ. പിന്നീടാണ് കോ എംപ്റ്റ് എഡ്യുടെക്ക് എന്ന് പേരുമാറ്റുകയും രാജ്യത്തെ ഏറ്റവും വലിയ ഐടി കമ്പനിയായ ടിസിഎസിനെപ്പോലും മറികടന്ന് ഓൺ സ്ക്രീൻ മാർക്കിംഗിനുള്ള കരാർ നേടിയെടുത്തതും. കമ്പനിയെ സഹായിക്കാനായി ടേണോവർ നിബന്ധനകൾ ഉൾപ്പെടെ കരാർ വ്യവസ്ഥകളിൽപ്പോലും മാറ്റം വരുത്തിയിരുന്നു. കമ്പനിയുടെ ശരിക്കുളള ഉടമസ്ഥൻ ആരെന്ന കാര്യത്തിലും വ്യക്തതയില്ല.
ഓൺ സ്ക്രീൻ മാർക്കിംഗിന് കരാർ ലഭിച്ചശേഷം നടത്തിയ ട്രയലിൽ പിഴവുകൾ മാത്രമാണ് സംഭവിച്ചതെന്നുള്ള റിപ്പോർട്ടും പുറത്തുവരുന്നുണ്ട്. ഇതെല്ലാം മറികടന്നാണ് പതിനെട്ടുലക്ഷത്തിലധികം വിദ്യാർത്ഥികളുടെ ഭാവി പന്താടാനുള്ള അവസരം കോ എംപ്റ്റ് എഡ്യുടെക്കിന് നൽകിയത്. ഇതിന് പിന്നിൽ പ്രവർത്തിച്ചത് ആരാണെന്നാണ് ഇനി അറിയേണ്ടത്. വിവാദ കമ്പനിക്ക് കരാർ നൽകിയതിൽ കേന്ദ്രസർക്കാരിനെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി രംഗത്തെത്തിയിരുന്നു.