ഡി കെ ശിവകുമാറിനെ നിയമസഭാ കക്ഷി നേതാവായി നിർദ്ദേശിച്ച് സിദ്ധരാമയ്യ, സത്യപ്രതിജ്ഞ ജൂൺ മൂന്നിന്

Saturday 30 May 2026 8:08 PM IST

ബംഗളുരു: ഡി.കെ. ശിവകുമാറിനെ നേതാവായി തിരഞ്ഞെടുത്ത് കോൺഗ്രസ് നിയമസഭാ കക്ഷി യോഗം. വിധാൻ സൗധയിലെ കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ സി.എൽ.പി സെക്രട്ടറി അലപ്രഭു പാട്ടീൽ,​ എ,​ഐ.സി.സി ജനറൽ സെക്രട്ടറിമാരായ കെ.സി. വേണുഗോപാൽ,​ രൺദീപ് സിംഗ് സുർജേവാല എന്നിവർ പങ്കെടുത്തു. മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് യോഗത്തിൽ ഡി.കെ.ശിവകുമാറിന്റെ പേര് നിർദ്ദേശിച്ചത്. മന്ത്രി ജി. പരമേശ്വരയ്യ പിന്താങ്ങി. യോഗത്തിലെ തീരുമാനങ്ങൾ ഉടൻതന്നെ കോൺഗ്രസ് ഹൈക്കമാൻഡിനെ അറിയിക്കും. ജൂൺ മൂന്നിന് ഡി.കെ. ശിവകുമാർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും.

ഡി.കെ.ശിവകുമാറിനൊപ്പം പുതിയ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യാൻ സാദ്ധ്യതയുണ്ട്.

അതേസമയം കർണാടകയിലെ മുഖ്യമന്ത്രി മാറ്റവുമായി ബന്ധപ്പെട്ട തർക്കങ്ങളെല്ലാം രമ്യമായി പരിഹരിച്ചതായി കെ.സി. വേണുഗോപാൽ പറഞ്ഞു. പാർട്ടിക്കുള്ളിൽ വലിയ പൊട്ടിത്തെറികൾ ഉണ്ടാക്കാൻ രാഷ്ട്രീയ എതിരാളികൾ ശ്രമിച്ചെങ്കിലും അതെല്ലാം പരാജയപ്പെട്ടെന്ന് അദ്ദേഹം വ്യക്തമാക്കി. സിദ്ധരാമയ്യ കാണിച്ച വലിയ പാർട്ടി കൂറാണ് ഇതിന് വഴിയൊരുക്കിയതെന്നും ഡി.കെയ്ക്ക് വേണ്ടി അദ്ദേഹം സ്ഥാനമൊഴിഞ്ഞത് കോൺഗ്രസ് ചരിത്രത്തിലെ ഏറ്റവും അഭിമാന പൂർണമായ നിമിഷമാണെന്നും വേണുഗോപാൽ വ്യക്തമാക്കി. മന്ത്രിസഭാ പുനഃസംഘടനയിൽ യാതൊരുവിധ പ്രശ്നങ്ങളുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.