ഐഎസ്‌ഐ ബന്ധമുള്ള ഒമ്പത് ഭീകരർ അറസ്റ്റിൽ: പിടിയിലായത് രാജ്യതലസ്ഥാനത്ത് ഭീകരാക്രമണ പദ്ധതിയിട്ടവർ
Saturday 30 May 2026 3:12 PM IST
ന്യൂഡൽഹി: ഡൽഹിയിൽ ഭീകരാക്രമണത്തിനുള്ള പദ്ധതി ആസൂത്രണം ചെയ്ത ഒമ്പത് ഭീകരരെ പൊലീസ് അറസ്റ്റ് ചെയ്തു. തന്ത്രപ്രധാന മേഖലകളിലും സുരക്ഷാ ഉദ്യോഗസഥർക്ക് നേരെയും ആക്രമണത്തിന് തയ്യാറെടുത്തവരാണ് അറസ്റ്റിലായത്. ഐഎസ്ഐ സഹായത്തോടെ പ്രവർത്തിച്ചിരുന്ന സംഘത്തെയാണ് പിടികൂടിയതെന്ന് പൊലീസ് വ്യക്തമാക്കി. ഇവരുടെ പക്കൽനിന്നും ആയുധങ്ങളും സ്ഫോടക വസ്തുക്കളും പിടിച്ചെടുത്തു.
ഡൽഹി പൊലീസിന്റെ പ്രത്യേക സെൽ അറസ്റ്റുചെയ്ത ഭീകരർ പാകിസ്ഥാന്റെ ഐഎസ്‌ഐ-മുംബൈ അധോലോക ശൃംഖലയ്ക്ക് വേണ്ടി പ്രവർത്തിക്കുന്നവരാണെന്നാണ് കണ്ടെത്തൽ. രാജ്യത്തെ സുപ്രധാന സ്ഥാപനങ്ങൾ ആക്രമിക്കുക എന്നതായിരുന്നു പ്രതികളുടെ പദ്ധതിയെന്ന് പൊലീസ് പറഞ്ഞു. ഓപ്പറേഷൻ സിന്ദൂറിനെത്തുടർന്ന് സുരക്ഷാ ക്രമീകരണങ്ങൾ വർദ്ധിപ്പിച്ചതിന് പിന്നാലെയാണ് അറസ്റ്റ്.