ബിരുദധാരികൾക്ക് രക്ഷയില്ല, തൊഴിലാളികൾ വിദേശത്ത്; മുന്നറിയിപ്പുമായി വിദഗ്ധർ
ന്യൂഡൽഹി: ഇന്ത്യയിൽ അടുത്ത അഞ്ച് വർഷത്തിനുള്ളിൽ പ്ലംബർ, ഇലക്ട്രീഷ്യൻ, ഡ്രൈവർ തൊഴിലാളി ക്ഷാമം നേരിടേണ്ടി വരുമെന്ന് മുന്നറിയിപ്പ്. കാനഡ ആസ്ഥാനമായുള്ള മാക്രോ ട്രെൻഡ്‌സ് റിസർച്ച് സ്ഥാപനമായ പൈൻട്രീയുടെ സ്ഥാപകൻ റിതേഷ് ജെയിനാണ് മുന്നറിയിപ്പുമായി രംഗത്തെത്തിയത്.
ഉയർന്ന ശമ്പളവും മികച്ച അവസരങ്ങളും കാരണം അടുത്ത അഞ്ച് വർഷത്തിനുള്ളിൽ പ്ലംബർ, ഇലക്ട്രീഷ്യൻ, ഡ്രൈവർ, നഴ്‌സ് തുടങ്ങിയ മേഖലയിലുള്ളർ വിദേശ രാജ്യങ്ങളിലേയ്ക്ക് പോകുമെന്നും ഇതോടെ രാജ്യത്ത് ഇവരുടെ ലഭ്യത കുറയുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വിദേശ രാജ്യങ്ങളിൽ ജനനനിരക്ക് കുറയുന്നതും പ്രായമേറിയവരുടെ എണ്ണം കൂടുന്നതുമാണ് ഇന്ത്യൻ തൊഴിലാളികൾക്ക് ഡിമാൻഡ് വർദ്ധിക്കാൻ കാരണമെന്നും യൂറോപ്പിലും അമേരിക്കയിലും നിലവിൽ ഇത്തരം തൊഴിലാളി ക്ഷാമമുണ്ടെന്നും റിതേഷ് ജെയിൻ കൂട്ടിച്ചേർത്തു.
വിദേശ രാജ്യങ്ങൾ പ്ലംബർ, ഇലക്ട്രീഷ്യൻ ഉൾപ്പെടെയുള്ള ജോലിക്കാരെ അന്വേഷിക്കുമ്പോൾ ഇന്ത്യയിൽ ദശലക്ഷക്കണക്കിന് ബിരുദധാരികളായ യുവാക്കള്‍ ജോലിയില്ലാതെ അലഞ്ഞിതിരിയുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യത്ത് യുവാക്കൾക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് 40 ശതമാനത്തിനടുത്താണെന്നും റിതേഷ് വ്യക്തമാക്കി.
പഠനം പൂർത്തിയാക്കിയ ശേഷമുള്ള ആദ്യ വർഷം പതിനാല് പേരിൽ ഒരാൾക്ക് മാത്രമാണ് സ്ഥിരവരുമാനമുള്ള ജോലി ലഭിക്കുന്നതെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. അഞ്ച് വർഷത്തിനകം വിവിധ തൊഴിൽ മേഖലയിൽ വൈദഗ്ധ്യമുള്ളവർ വിദേശത്തേക്ക് ചേക്കേറുമെന്നും ഇന്ത്യയിൽ ബിരുദമുണ്ടായിട്ടും ജോലിയില്ലാത്ത ഒരു തലമുറ അവശേഷിക്കുമെന്നുമാണ് റിതേഷ് ജെയിന്റെ മുന്നറിയിപ്പ്.