നീറ്റ് പുനഃപരീക്ഷ: വ്യോമസേനയെത്തിയാൽ പ്രശ്നങ്ങളെല്ലാം പരിഹരിക്കപ്പെടുമോ?
ന്യൂഡൽഹി: നീറ്റ് യുജി പുനഃപരീക്ഷ വീഴ്ചകളില്ലാതെ വിജയകരമാക്കുന്നതിന് കേന്ദ്രം എല്ലാ ശ്രമങ്ങളും നടത്തുകയാണ്. പ്രധാനമന്ത്രിയുടെ ഓഫീസ് നേരിട്ട് നിരീക്ഷിക്കുന്ന പരീക്ഷ പ്രക്രിയയിൽ ചോദ്യപേപ്പറുകൾ എത്തിക്കുന്നതിന് പ്രതിരോധ സേനയെ നിയോഗിച്ചിരിക്കുകയാണ്. ഒരു പരീക്ഷ നടത്തുന്നതിന് ഇത്രയധികം വെല്ലുവിളികൾ നേരിടുന്നത് രാജ്യത്തിന്റെ സംവിധാനങ്ങളുടെ സുതാര്യതയ്ക്ക് നേരെയുള്ള ചോദ്യചിഹ്നമായാണ് വിലയിരുത്തപ്പെടുന്നത്. ചോദ്യപേപ്പർ ചോർന്നതിനെ തുടർന്നാണ് മേയ് മൂന്നാം തീയതി നടത്തിയ പരീക്ഷയ റദ്ദാക്കിയത്. പുനഃപരീക്ഷ ജൂൺ 21നാണ് നടത്താൻ നിശ്ചയിച്ചിരിക്കുന്നത്. ചോദ്യപേപ്പർ ചോർച്ച 23 ലക്ഷം വിദ്യാർത്ഥികളുടെ ഭാവി അനിശ്ചിതത്വത്തിലാക്കുകയും വൻ പ്രതിഷേധങ്ങൾക്ക് കാരണമാവുകയും ചെയ്തിരുന്നു. അതിനെ തുടർന്നാണ് നടക്കാനിരിക്കുന്ന പരീക്ഷയ്ക്ക് ഇത്രയും മുൻകരുതലുകൾ കേന്ദ്രം സ്വീകരിക്കുന്നത്.
പ്രതിരോധ സേനയെ ഉൾപ്പെടുത്താനുള്ള സർക്കാരിന്റെ നീക്കം മുഴുവൻ സംവിധാനങ്ങളിലുമുള്ള അവിശ്വാസത്തിലേക്കാണ് വിരൽ ചൂണ്ടുന്നതെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. കടുത്ത വിമർശനങ്ങളും പരിഹാസവുമാണ് വിഷയത്തിൽ വിവിധ മേഖലകളിൽ നിന്നുണ്ടാകുന്നത്.
'പ്രതിരോധസേനകൾ ദേശീയ സുരക്ഷയ്ക്കും അതിർത്തി സംരക്ഷണത്തിനും വേണ്ടിയുള്ളതാണ്. ഇപ്പോൾ അവർ പരീക്ഷാ പേപ്പറുകൾ കൈകാര്യം ചെയ്യേണ്ടിവരുന്നത് പൊലീസും മറ്റ് ഏജൻസികളും പേപ്പർ ചോർച്ച സംഘങ്ങളെ നിയന്ത്രിക്കുന്നതിൽ പരാജയപ്പെട്ടുവെന്നാണ് കാണിക്കുന്നതെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
കേന്ദ്രസർക്കാരിന്റെ ഈ നീക്കത്തെ രാജ്യസഭാ എംപി പ്രിയങ്ക ചതുർവേദി വിമർശിച്ചു. "നീറ്റ് പരീക്ഷാ പേപ്പർ പ്രിന്റിംഗ് സെന്ററിൽ നിന്ന് സൈന്യം എടുക്കുന്നു. ബുള്ളറ്റ് പ്രൂഫ് വാഹനങ്ങളിൽ അവ അടുത്തുള്ള വ്യോമതാവളത്തിലേക്ക് കൊണ്ടുപോകുന്നു. തുടർന്ന് ഇന്ത്യ എയർ ഫോഴ്സ് ഈ പേപ്പറുകൾ എല്ലാ സ്ഥലങ്ങളിലേക്കും പറത്തുന്നു," -ചതുർവേദി ട്വീറ്റ് ചെയ്തു.
ഇതുവരെ നടത്തിയ അന്വേഷണത്തിൽ നീറ്റിന്റെ ചോദ്യപേപ്പർ അച്ചടിശാലയിൽ നിന്ന് പരീക്ഷാ കേന്ദ്രങ്ങളിലേക്കുള്ള യാത്രയ്ക്കിടെയാണ് ചോർന്നതായി കണ്ടെത്തിയത്. ഈ വിടവ് നികത്തുന്നതിനാണ് പ്രതിരോധ സേനയെ ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പുനഃപരീക്ഷയുടെ ചോദ്യപ്പേപ്പറുകളും പരീക്ഷാ സാമഗ്രികളും സുരക്ഷിതമായി വിതരണം ചെയ്യാൻ ഇന്ത്യൻ വ്യോമസേനയുടെ സഹായമാണ് കേന്ദ്രം തേടുന്നത്. തപാൽ വകുപ്പിന് പകരമാണ് സൈനിക സഹായം ഉപയോഗപ്പെടുത്തുന്നത്.
ചോദ്യപേപ്പർ ചോർച്ചയും ക്രമക്കേടുകളും തടയുന്നതിനായി "സീറോ ട്രസ്റ്റ്, ഓൾവേയ്‌സ് ഇൻസ്‌പെക്ട്" എന്ന കർശന സുരക്ഷാ നയമാണ് നാഷണൽ ടെസ്റ്റിംഗ് ഏജൻസി നടപ്പിലാക്കുന്നത്. അച്ചടിശാലകളിൽ നിന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ പരീക്ഷാ കേന്ദ്രങ്ങളിലേക്ക് ചോദ്യപേപ്പറുകൾ വിമാനങ്ങൾ വഴിയും ഹെലികോപ്റ്ററുകൾ വഴിയും അതിവേഗത്തിലും സുരക്ഷിതമായും എത്തിക്കാനാണ് വ്യോമസേനയെ രംഗത്തിറക്കുന്നത്. ഇത് എത്രത്തോളം വിജയകരമാകുമെന്ന ആശങ്കയാണ് നിലനിൽക്കുന്നത്. ചോദ്യപേപ്പർ വ്യോമസേന വഴി എത്തിക്കുന്നതിലൂടെ മാത്രം പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമോ എന്ന ആശങ്കിയിലാണ് വിദ്യാർത്ഥികളും മാതാപിതാക്കളും.