കളഞ്ഞുകിട്ടിയ ലക്ഷങ്ങളുടെ നോട്ടുകെട്ട് പൊലീസിന് കൈമാറി പ്രവാസി; അഭിമാനമായി മുഹമ്മദ് അലി

Friday 29 May 2026 4:44 PM IST

ദുബായ്: സത്യസന്ധതയ്ക്ക് ഇന്ത്യൻ പൗരന് ദുബായ് പൊലീസിന്റെ അംഗീകാരം. പാർക്കിംഗ് സ്ഥലത്ത് കണ്ടെത്തിയ 100,000 ദിർഹം (26,18,760 രൂപ) പൊലീസിന് കൈമാറിയാണ് ഇന്ത്യക്കാരൻ മാതൃകയായത്. ഈ പണം പിന്നീട് യഥാർത്ഥ ഉടമയ്ക്ക് കൈമാറുകയും ചെയ്തു.

മുഹമ്മദ് അലി ഷെറക്കൽ മോഹിയെന്ന ചെറുപ്പക്കാരനാണ് സത്യസന്ധമായ പ്രവൃത്തിയിലൂടെ ഇന്ത്യക്കഭിമാനമായി മാറിയത്. ദുബായിൽ പ്രവാസിയായ അലി പാർക്കിംഗ് സ്ഥലത്തെത്തിയപ്പോഴാണ് നോട്ടുകെട്ടുകൾ കാണുന്നത്. തുടർന്ന് പണത്തിന്റെയും പാർക്കിംഗ് കേന്ദ്രത്തിന്റെയും ചിത്രമെടുത്തതിനുശേഷം അൽ റാഫ പൊലീസ് സ്റ്റേഷനിലെത്തി വിവരമറിയിച്ചു.

പിന്നാലെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പണത്തിന്റെ യഥാർത്ഥ ഉടമയെ കണ്ടെത്തിയത്. ഷിപ്പിംഗ് മേഖലയിലെ ഒരു കമ്പനി ഉടമയായ ഇയാൾ പണം നഷ്ടപ്പെട്ട വിവരം അറിഞ്ഞിരുന്നില്ല. ഇയാൾ ബാങ്കിൽ നിന്ന് 200,000 ദിർഹം എടുത്തിരുന്നു. ഒരു പേപ്പർ കവറിലാണ് പണം സൂക്ഷിച്ചത്. ഈ കവർ ശരിയായ അടച്ചുവയ്ക്കാതെ ധൃതിയിൽ കാറെടുത്ത് പുറത്തേയ്ക്ക് പോവുകയും ചെയ്തു. ഇതിനിടെ കവറിൽ നിന്ന് നോട്ടുകെട്ടുകൾ നിലത്ത് വീഴുകയായിരുന്നു.

വിവരം ലഭിച്ച് മൂന്ന് മണിക്കൂറിനുള്ളിലാണ് പൊലീസ് പണത്തിന്റെ ഉടമയെ കണ്ടെത്തിയത്. തുടർന്ന് പൊലീസ് സ്റ്റേഷനിലെത്തിയ ഉടമ പണം കൈപ്പറ്റുകയും ഇന്ത്യൻ പ്രവാസിക്ക് നന്ദി അറിയിക്കുകയും ചെയ്തു. ശേഷം മൊഹിയുടെ സത്യസന്ധമായ പ്രവൃത്തിക്ക് അൽ റാഫ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ അദ്ദേഹത്തെ ആദരിച്ചു.