ബലാത്സംഗക്കേസിൽ ജാമ്യത്തിലിറങ്ങി; പൂമാലയിട്ട് സ്വീകരണം, തോളിലേറ്റി മുദ്രാവാക്യം മുഴക്കി ഘോഷയാത്ര

Tuesday 19 May 2026 8:46 PM IST

ലക്‌നൗ: ബലാത്സംഗക്കേസിൽ ജാമ്യത്തിലിറങ്ങിയയാൾക്ക് പുഷ്‌പമാലകൾ നൽകി സ്വീകരണം. ഉത്തർപ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. ഹിന്ദു യുവ വാഹിനിയിലെ മുൻ അംഗമായ സുശീൽ പ്രജാപതിക്കാണ് സ്വീകരണം നൽകിയത്. ജയിലിൽ നിന്ന് പുറത്തിറങ്ങിയ ഇയാളെ പുഷ്‌പമാല നൽകി സ്വീകരിച്ച ശേഷം തോളിൽ ചുമന്ന് ഘോഷയാത്രയായി കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. സുശീൽപാലിനെ തോളിലേറ്റി മുദ്രാവാക്യങ്ങളോടെയാണ് ഘോഷയാത്ര നടത്തിയത്.

സുശീലിന് ചുറ്റും നിൽക്കുന്നവർ വിജയത്തിന്റ ചിഹ്നം കാണിക്കുന്നതും ആർപ്പുവിളിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. അഭിഭാഷകനെ പരിചയപ്പെടുത്താനെന്ന വ്യാജേന നിയമവിദ്യാർത്ഥിനിയെ ഫ്ലാറ്റിലേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലാണ് സുശീൽ പ്രജാപതിയെ അറസ്റ്റ് ചെയ്‌തത്. ഒമ്പത് മാസങ്ങൾക്ക് ശേഷമാണ് ഇയാൾ ജാമ്യത്തിലിറങ്ങിയത്. ബലാംത്സംഗക്കേസിലെ പ്രതിക്ക് വീരപരിവേഷം നൽകി സ്വീകരിക്കുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിലും പുറത്തും വലിയ പ്രതിഷേധങ്ങൾക്കും വിവാദങ്ങൾക്കും കാരണമായി. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് വരികയാണെന്ന് പൊലീസ് വ്യക്തമാക്കി.